രു സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിൽ പങ്കെടുക്കവെ തമാശയായി മമ്മൂട്ടിയെ കുറിച്ച് നടത്തിയ പരാമർശം മൂലം അങ്കമാലി ഡയറീസ് ഫെയിം ലിച്ചി പിടിച്ച പുലിവാൽ ചില്ലറയല്ല. റിയാലിറ്റി ഷോയിൽ അതിഥിയായി എത്തിയ ലിച്ചിയോട് അവതാരക മമ്മൂട്ടിയുടെ നായികയാകണോ ദുൽഖറിന്റെ നായികയാകണോ എന്ന് ചോദിച്ചു.

രണ്ടു പേർക്കുമൊപ്പം അഭിനയിക്കാനാഗ്രഹമുള്ള ലിച്ചി അടുത്ത ചിത്രത്തിൽ ദുൽഖറിന്റെ നായികയാകാം, മമ്മൂക്ക അച്ഛനായും വരട്ടെ, പിന്നത്തെ ചിത്രത്തിൽ തിരിച്ചുമാകാം എന്ന് തമാശ രൂപേണ പറഞ്ഞു. പക്ഷേ മമ്മൂക്ക വേണമെങ്കിൽ അച്ഛനായിക്കോട്ടെ എന്ന് ലിച്ചി പറഞ്ഞ തരത്തിൽ വാർത്തകൾ വരുകയും, വിമർശനവുമായി ആരാധകർ എത്തുകയും ചെയ്തു.

ട്രോളുകൾ കൊണ്ട് സഹികെട്ട ലിച്ചി ഇന്നലെ കരഞ്ഞു കൊണ്ട് ഫേസ്‌ബുക്ക് ലൈവിൽ എത്തി തനിക്കെതിരായുള്ള രൂക്ഷ വിമർശനങ്ങളിൽ നടി കരയുകയും ചെയ്തു. ഇതോടെ വിമർശനങ്ങൾ അടങ്ങി. എന്നാൽ ലിച്ചി എന്തിന് കരയണം എന്ന ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി റിമ കല്ലിങ്കൽ. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് റിമ തന്റെ രോഷം പ്രകടിപ്പിച്ചത്.

'65 വയസ്സുകാരനായ ഒരു നടൻ തന്റെ അച്ഛനായി അഭിനയിച്ചോട്ടെ എന്ന് പറഞ്ഞതിനാണ് ലിച്ചിയെ പലരും വിമർശിച്ചത്. എന്തിനാണത്? മമ്മൂട്ടിക്ക് അച്ഛൻ റോൾ ചെയ്യാൻ പറ്റുമെന്ന് നിങ്ങൾ കരുതുന്നില്ലേ? അച്ഛൻ വേഷത്തിൽ അദ്ദേഹം തകർക്കുമെന്നാണ് എനിക്ക് തോന്നുന്നത്. 'കൗരവർ' സിനിമ ഓർമ്മിക്കൂ. മികച്ച അഭിനേതാവായ അദ്ദേഹം 30കാരനായോ 70കാരനായോ അഭിനയിച്ചാലും നമ്മൾ അംഗീകരിക്കും. ബ്രില്ല്യന്റ് അഭിനേതാക്കളായ ശോഭന, ഊർവശി, രേവതി തുടങ്ങിയവർ 70കാരായും 30കാരായും അഭിനയിക്കുന്നില്ലേ. ലിച്ചിയെ ട്രോളുന്നവർ സ്വന്തം പേര് നശിപ്പിക്കുകയാണ്. ശരിക്കും എന്താണിവരുടെ പ്രശ്നം? എന്തിന് ലിച്ചി മാപ്പ് പറയണം?' എന്ന് റിമ ചോദിക്കുന്നു.