റിയാദ്: പ്രമുഖ മാധ്യമപ്രവർത്തകയും സാമൂഹിക പ്രവർത്തകയുമായ ഗൗരി ലങ്കേഷിന്റെ വധത്തെ തുടർന്ന? ഇന്ത്യയിലെമ്പാടും മാധ്യമ, സാംസ്‌കാരിക പ്രവർത്തകർ ഉയർത്തുന്ന പ്രതിഷേധങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റിയാദിലും പ്രതിഷേധ സംഗമം നടന്നു. റിയാദ് ഇന്ത്യൻ മീഡിയ ഫോറം ബത്ഹയിലെ ഓഫീസിൽ സംഘടിപ്പിച്ച പരിപാടി എഴുത്തുകാരൻ ജോസഫ് അതിരുങ്കൽ ഉദ്ഘാടനം ചെയ്തു.

ഭരണ ഘടന ഉറപ്പ് നൽകുന്ന ജീവിക്കാനും അഭിപ്രായ സ്വാതന്ത്ര്യത്തിനുമുള്ള അവകാശമാണ് ഗൗരി ലേങ്കഷിെന്റ കൊലപാതകത്തിലൂടെ ഇല്ലാതായതെന്ന് ജോസഫ് പറഞ്ഞു. ജനാധിപത്യത്തിെന്റ നാലാം തൂണിനെ ദുർബലപ്പെടുത്താനുള്ള പരിശ്രമം അത്യന്തം അപകടകരമായ ഒന്നാണ്. ജനാധിപത്യ പരമാധികാര റിപബ്ലിക്കിന് പകരം ഭയത്തിന്റെ റിപബ്ലിക്ക് സൃഷ്ടിക്കാനാണ് ഇരുട്ടിന്റെ ശക്തികൾ ശ്രമിക്കുന്നത്. എതിർ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്നത് ജനാധിപത്യ രാഷ്ട്രത്തിന് ഭൂഷണമല്ല. വിയോജിക്കാനുള്ള അവകാശം ഭാരണഘടന ഉറപ്പുനൽകുന്നതാണ്. ഇന്ത്യയുടെ പാരമ്പര്യം ബഹുസ്വരതയുടേതാണ്. ബഹുസ്വരത അവസാനിക്കുന്നിടത്ത് ഫാഷിസം ആരംഭിക്കുന്നു.

ഗാന്ധിയെയും നെഹ്‌റുവിനെയും പുറന്തള്ളി പാഠപുസ്തകങ്ങൾ വരുമ്പോൾ പുതിയ തലമുറ മഹത്തായ ചരിത്രങ്ങൾ അറിയാതെ പോകും. കൊലപാതകികൾക്ക് പ്രതിമ നിർമ്മിക്കുന്ന കാലത്ത് ആരാണ് ശരിയെന്ന് തലമുറകൾ മനസിലാക്കാതെ പോകും. ഇത് അനുവദിക്കാൻ പാടില്ല. ജനകീയമായ ചെറുത്തുനിൽപുണ്ടാവണം. എഴുതുക എന്നാൽ പോരാടുക എന്ന് കൂടി അർഥമുണ്ടെന്നും ജോസഫ് കൂട്ടിച്ചേർത്തു. ഇരുൾ മൂടുന്ന ഈ കാലത്ത് ചെരാതുകൾ പോലെ ജനാധിപത്യ, മതേതര കൂട്ടായ്മകൾ രാജ്യമെങ്ങും ഉയർന്നുവരണം. ധബോൽക്കാർ, ഗോവിന്ദ് പൻസാരെ, കൽബുർഗി തുടങ്ങിയവരുടെ കൊലപാതകികളെ കണ്ടെത്താൻ കഴിയാത്തത് ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ് നജിം കൊച്ചുകലുങ്ക് അധ്യക്ഷത വഹിച്ചു. 'മാധ്യമസ്വാതന്ത്ര്യത്തി?െന്റ നെഞ്ച് തുളച്ച വെടിയുണ്ടകൾ' എന്ന വിഷയം ചീഫ് കോഓഡിനേറ്റർ റഷീദ് ഖാസിമി അവതരിപ്പിച്ചു. വെൽഫെയർ കൺവീനർ സുലൈമാൻ ഊരകം സ്വാഗതം പറഞ്ഞു. നവാസ് ഖാൻ പത്തനാപുരം, ജയൻ കൊടുങ്ങല്ലൂർ, ശിഹാബ് കുഞ്ചീസ്, സമീഷ് സജീവ്, മുജീബ് താഴത്തേതിൽ, ഫരീദ് ജാസ്, നൗഫൽ പാലക്കാടൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.