കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടിയും ഗായികയുമായി റിമി ടോമിയുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തും. നടൻ ദിലീപിനെതിരായ നിർണ്ണായക തെളിവായി ഇത് മാറുമെന്നാണ് സൂചന. ഇതോടെ കേസിൽ ദിലീപിനെതിരായ കുടുക്ക് മുറുകുകയാണ്. കേസിൽ പലഘട്ടത്തിലും ഉയർന്നു കേട്ട പേരായിരുന്നു റിമിയുടേത്. പൊലീസ് ഫോണിലൂടെ ചോദ്യം ചെയ്യുകയും ചെയ്തു. കേസിൽ റിമി പ്രതിയാകുമെന്ന് പോലും വാദങ്ങളെത്തി. ഇതിനിടെ വിവാദമെല്ലാം നിഷേധിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് പരസ്യമായി റിമി പറയുകയും ചെയ്തു. ദിലീപിന്റെ ബിനാമി സ്വത്തിടപാടുകളുമായി ബന്ധപ്പെട്ടും റിമിക്കെതിരെ ആരോപണം ഉയർന്നിരുന്നു.

നടിയെ ആക്രമിച്ച കേസിൽ നടിയുമായി നേരത്തേ സൗഹൃദത്തിലായിരുന്ന ഗായിക റിമി ടോമിയുടെ മൊഴിയെടുത്തുവെന്ന് പൊലീസും സ്ഥിരീകരിച്ചിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് റിമിയെ അന്വേഷണസംഘം വിധേയമാക്കിയേക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ടായിരുന്നു. ദിലീപുമായി സാമ്പത്തിക ഇടപാട് ഉണ്ടോയെന്നും നടിയെ ആക്രമിച്ച വിവരം എങ്ങിനെ അറിഞ്ഞെന്നും ഗായിക ഉൾപ്പെട്ട ചില താരനിശയുടെ വിവരങ്ങളുമാണ് ആദ്യ ചോദ്യം ചെയ്യലിൽ നടിയിൽ നിന്ന് പൊലീസ് ചോദിച്ചറിഞ്ഞത്. മുഖ്യമായും ഈ കഴിഞ്ഞ ഏപ്രിലിൽ അമേരിക്കയിൽ നടന്ന ഒരു താരനിശ നടന്നതുമായി ബന്ധപ്പെട്ട വിവരമാണ് തേടിയത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിനും ഇതിലെ ആദ്യ കുറ്റപത്രം സമർപ്പിച്ചതിനും ശേഷമായിരുന്നു ഷോ നടന്നത്. ഇതിന് പിന്നാലെയായിരുന്നു തനിക്കെതിരേ ഗൂഢാലോചന നടക്കുന്നെന്ന് ആരോപിച്ച് ദിലീപ് രംഗത്ത് എത്തിയതും.

ഗായിക റിമി ടോമി ഉൾപ്പെടെ നാല് പേരുടെ രഹസ്യ മൊഴി രേഖപ്പെടുത്താനാണ് പൊലീസ് കോടതിയിൽ അനുമതി ചോദിച്ച് അപേക്ഷ സമർപ്പിച്ചത്. മുമ്പ് ഫോൺ മുഖാന്തരം ഇവരോട് അന്വേഷണ സംഘം ചോദ്യങ്ങൾ ചോദിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പൊലീസിന് ചില വിവരങ്ങൾ റിമിയിൽ നിന്ന് നേരത്തെ ലഭിച്ചിരുന്നു. അതിനാലാണ് 164 മുഖാന്തരം രഹസ്യ മൊഴി രേഖപ്പെടുത്തുന്നത്. നേരത്തെ വിദേശത്ത് നടന്ന ഷോകളുടെ സമയത്ത് ദിലീപിനൊപ്പം റിമി അടക്കമുള്ളവർ ഒരുമിച്ചുണ്ടായിരുന്നു. മൊഴി ഇനി മാറ്റാതിരിക്കാൻ കൂടിയാണ് രഹസ്യ മൊഴിക്കായി പൊലീസ് ശ്രമിക്കുക. റിമിയെ കൂടാതെ മറ്റ് നാലുപേരുടെ രഹസ്യമൊഴിക്കായി പൊലീസ് ശ്രമിക്കുന്നുണ്ട്.

അക്രിക്കപ്പെട്ട നടി ദിലീപും കാവ്യയും റിമിയുമെല്ലാം ഉൾപ്പെട്ട വലിയ സൗഹൃദ സംഘത്തിന്റെ ഭാഗമായിരുന്നു. പിന്നീട് റിമി ആക്രമിക്കപ്പെട്ട നടിയുമായി അകലുകയും ചെയ്തു. ഇതിന്റെ കാരണമാണ് പൊലീസ് തെരഞ്ഞത്. ഈ താരനിശയിൽ പങ്കെടുത്ത കൂടുതൽ പേരെ ചോദ്യം ചെയ്യാനും നീക്കമുണ്ട്. കൃത്യത്തിന് മുമ്പോ ശേഷമോ ഇത് ദിലീപുമായി ബന്ധപ്പെടുത്തുന്ന എന്തെങ്കിലും വിവരമുണ്ടോ എന്ന് കണ്ടെത്താനാണ് പൊലീസ് ഗായികയെ പ്രാഥമിക ചോദ്യം ചെയ്യലിന് വിധേയമാക്കിയത്. ദിലീപിന്റെ മിക്ക വിദേശഷോകളിലും റിമിടോമിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഗായികയ്ക്ക് എന്തൊക്കെ വിവരങ്ങൾ അറിയാം എന്നതും അന്വേഷണ സംഘത്തിന് നിർണ്ണായക വിവരമാകുമെന്നാണ് വിലയിരുത്തൽ എത്തിയിരുന്നു. ഇത് ശരിവയ്ക്കും വിധമാണ് പൊലീസ് റിമിയുടെ രഹസ്യമൊഴി എടുപ്പിക്കുന്നത്.

അന്വേഷണത്തിന്റെ ഭാഗമായുള്ള സാദാ ചോദ്യം ചെയ്യൽ മാത്രമാണ് ഫോണിലൂടെ നടത്തിയതെന്ന് റിമോ ടോമി തന്നെ വെളിപ്പെടുത്തിയിരുന്നു. സാമ്പത്തിക ഇടപാടെന്ന കാര്യമേ ചോദിച്ചിട്ടില്ല. ഇല്ലാത്ത കാര്യമാണ് ഹവാലയും സാമ്പത്തിക ഇടപാടുമെല്ലാം. സംഭവം നടന്ന ശേഷം കാവ്യയെ ഫോണിൽ വിളിച്ചിരുന്നുവെന്നും റിമി ടോമി പരസ്യമാക്കിയിരുന്നു. ഇതിൽ അസ്വാഭാവികതയൊന്നും ഇല്ലെന്നും റിമി ടോമി വിശദീകരിച്ചു. ഇതോടെ റിമിയുടെ പേര് ചർച്ചകളിൽ നിന്ന് അകന്നു. എന്നാൽ ഏവരേയും അൽഭുതപ്പെടുത്തിയാണ് റിമിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള പൊലീസ് നീക്കം. ഇത് ദിലീപിന് എതിരാകുമെന്ന് സിനിമാലോകവും തിരിച്ചറിയുന്നു. ഇതോടെ ദിലീപിന് ഉടനൊന്നും പുറത്തുവരാനാകില്ലെന്ന തിരിച്ചറിവിലും സിനിമാക്കാർ എത്തുകയാണ്. നേരത്തെ റിമിക്കു കേസുമായി ഒരു ബന്ധവും ഇല്ലെന്നും അന്വേഷണത്തിന്റെ ഭാഗമായി വിവരങ്ങൾ ആരായുന്നതു മാത്രമാണെന്നും പൊലീസ് അറിയിച്ചിരുന്നു. ഇതിനെല്ലാം വിരുദ്ധമാണ് ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ.

നേരത്തെ ചോദ്യം ചെയ്യലിന് വിധേയായ റിമി പറഞ്ഞ കാര്യങ്ങൾ ഇവയായിരുന്നു-സാമ്പത്തിക കുറ്റകൃത്യങ്ങളോ ഹവാല ഇടപാടോ തനിക്കെതിരെ ആരും ഉന്നയിച്ചിട്ടില്ല. നികുതി അടയ്ക്കാത്ത പ്രശ്‌നങ്ങളുണ്ടാകാം. അത് മാത്രമേ കാണൂ. അല്ലാത്തതെല്ലാം വെറും കെട്ടുകഥകളാണ്. ഇത്തരം വിഷയമൊന്നും പൊലീസ് തന്നോട് തിരിക്കയിട്ടില്ല. ഫോണിൽ വിളിച്ച് അമേരിക്കൻ ഷോയിലെ കാര്യങ്ങൾ തിരക്കി. ആക്രമിക്കപ്പെട്ട നടിയുമായും കാവ്യയുമായുള്ള ഉള്ള ബന്ധത്തെ കുറിച്ചും ചോദിച്ചു. സംഭവം നടന്ന ദിവസം കാവ്യയെ വിളിച്ചിട്ടുണ്ട്. അത് തീർത്തും സ്വാഭാവികം മാത്രം. ഇരയ്ക്ക് മെസേജും അയച്ചു. അത്രമാത്രം. അതിന് അപ്പുറത്തേക്ക് ഒന്നുമില്ല. എല്ലാവരോടും ചോദിക്കുന്നതു പോലെ തന്നോടും ചോദിച്ചു. ഈ കേസിൽ തനിക്ക് ബന്ധമില്ലെന്ന് പൊലീസ് വിശദീകരിച്ചിട്ടുണ്ട്. അവർ പറയാത്ത കാര്യങ്ങളാണ് മാധ്യമങ്ങളിലൂടെ നൽകുന്നതെന്ന് പൊലീസുകാർ അറിയിച്ചെന്നും റിമി കൂട്ടിച്ചേർത്തു.

2010ലും 2017ലും താരങ്ങൾ യുഎസിൽ നടത്തിയ പരിപാടിയിൽ താനും ഉണ്ടായിരുന്നു. അതേക്കുറിച്ചും ഷോയിൽ ആരൊക്കെയുണ്ടായിരുന്നുവെന്നും തുടങ്ങിയ കാര്യങ്ങളാണു പൊലീസ് ചോദിച്ചത്. തനിക്ക് ദിലീപുമായി ബിസിനസ് പാർട്‌നർഷിപ്പുകളില്ല. ഒരു തരത്തിലുള്ള സാമ്പത്തിക ഇടപാടുമില്ലെന്നും റിമി കൂട്ടിച്ചേർത്തു. സാമ്പത്തിക ഇടപാടുണ്ടെങ്കിൽ ആദായനികുതി വകുപ്പ് കണ്ടെത്തിയേനെ. രണ്ടു കൊല്ലം മുൻപ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയതിനെത്തുടർന്ന് കുറച്ചു നികുതി അടയ്‌ക്കേണ്ടി വന്നു. അതേയുണ്ടായിട്ടുള്ളൂ. അല്ലാതെ തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം വരികയോ മറ്റോ ചെയ്തിട്ടില്ലെന്നും പറഞ്ഞിരുന്നു.

ഇതാണ് റിമിയുടെ മൊഴിയെങ്കിൽ അത് മജിസ്ട്രേട്ടിന് മുമ്പിൽ രേഖപ്പെടുത്തേണ്ട ആവശ്യമില്ല. ഇതു കൊണ്ട് കൂടിയാണ് ദിലീപിനെതിരെ മറ്റെന്തോ നിർണ്ണായക വിവരം റിമി നൽകിയിട്ടുണ്ടെന്ന വിലയിരുത്തൽ സജീവമാകുന്നത്.