- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയമെന്ന് പറഞ്ഞ് റിയാസ് റിൻസിയെ നിരന്തരം ശല്യപ്പെടുത്തി; വിവരം യുവതി ഭർത്താവിനോടും വീട്ടുകാരോടും പറഞ്ഞപ്പോൾ പകയായി; വീട് ആക്രമിച്ചതിന് റിയാസിനെ മാസങ്ങൾക്ക് മുമ്പ് താക്കീത് ചെയ്തു പൊലീസും; 'നിറക്കൂട്ടിൽ' നിന്നും കുഞ്ഞുങ്ങളുമായി ബൈക്കിൽ മടങ്ങവേ യുവതിയെ കാത്തു നിന്നു വെട്ടി നുറുക്കി റിയാസ്
തൃശൂർ: കൊടുങ്ങല്ലൂരിൽ വനിതാ വ്യാപാരിയെ വെട്ടിക്കൊന്ന കേസിലെ പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്. എറിയാട് ബ്ലോക്കിനു കിഴക്കു വശം മാങ്ങാരപറമ്പിൽ റിൻസി നാസർ (30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. മക്കളോടൊപ്പം സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകും വഴി ഇന്നലെ രാത്രിയാണ് വെട്ടേറ്റത് ഇന്ന് പുലർച്ചെ അവർ മരണത്തിന് കീഴടങ്ങുകയും ചെയ്തു. റിൻസിയുടെ ഉടമസ്ഥതയിലുള്ള തുണിക്കടയിലെ മുൻ ജീവനക്കാരൻ പുതിയ വീട്ടിൽ റിയാസ് (25). ഇയാൾ ഇവരുടെ അയൽവാസി കൂടിയായിരുന്നു.
എറിയാട് കെവിഎച്ച്എസ് സ്‌കൂളിനു സമീപം നിറക്കൂട്ട് എന്ന വസ്ത്ര സ്ഥാപനം നടത്തുകയായിരുന്നു റിൻസി. അയൽവാസി എന്ന നിലയിലാണ് യുവാവിനും ആദ്യം നിറക്കൂട്ടിൽ ജോലി നൽകിയത്. എന്നാൽ, കുറച്ചു കാലം കഴിഞ്ഞപ്പോഴേ യുവാവിന്റെ സ്വഭാവം മാറി. റിൻസിയോട് മോശമായി പെരുമാറുകയായിരുന്നു ഇയാൾ. പ്രണയമാണ് എന്ന വിധത്തിലായിരുന്നു റിൻസിയെ സമീപിച്ചത്. ഇതോടെ ശല്യം സഹിക്കാൻ കഴിയാതെ യുവതി സംഭവം വീട്ടുകാരെ അറിയിക്കുകയായിരുന്നു.
ഭർത്താവിനോടും വീട്ടുകാരോടും റിയാസ് ശല്യപ്പെടുത്തുന്ന വിവരം പറഞ്ഞത് യുവാവിന് പകയായി മാറുകയായിരുന്നു. യുവതിയോടും കുടുംബത്തോടും പകമൂത്ത് റിൻസിയുടെ വീടിനു നേരെ ആക്രമണം നടത്തുകയും ചെയ്തിരുന്നു റിയാസ്. ഇതുമായി ബന്ധപ്പെട്ട് മാസങ്ങൾക്കു മുൻപ് പൊലീസ് റിയാസിനെ താക്കീത് ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ പലപ്പോഴും കടയിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായും സൂചനയുണ്ട്. ഈ പ്രശ്‌നം പിന്നീട് ഒത്തു തീർപ്പിലേക്ക് എത്തിയിരുന്നു.
ഈ നിരന്തര ഭീഷണിക്കൊടുവിലാണ് കൊലപാതകത്തിനും ഇയാൾ തയ്യാറെടുത്തത്. നിറക്കൂട്ട് എന്ന റെഡിമെയ്ഡ് സ്ഥാപനം പൂട്ടി മക്കളോടൊപ്പം വീട്ടിലേക്ക് വരുന്ന വഴി ആളൊഴിഞ്ഞ ഭാഗത്ത് സ്‌കൂട്ടർ തടഞ്ഞു നിറുത്തിയാണ് റിയാസ് ആക്രമിച്ചത്. മുഖത്തുൾപ്പടെ ശരീരത്തിൽ ആഴത്തിലുള്ള മുപ്പതിലേറെ വെട്ടുകളേറ്റിരുന്നു. മൂന്നുവിരലുകൾ അറ്റുപോയി.തലയിലും മാരകമായി പരിക്കേറ്റിരുന്നു.
ഇതു വഴി വന്ന മദ്രസ അദ്ധ്യാപകർ ബഹളം വച്ചതോടെ ആക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. അഞ്ചും പത്തും വയസുള്ള മക്കളുമായാണ് കടയിൽ നിന്നും റിൻസി വീട്ടിലേക്ക് പോയിരുന്നത്. കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഒളിവിൽപ്പോയ പ്രതിക്കുവേണ്ടി അന്വേഷണം ആരംഭിച്ചു. റിയാസിന്റെ വീട്ടിൽ നിന്നും കണ്ടെടുത്ത ഡയറികൾ അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. ഈ ഡയറിയിൽ യുവതിയോടുള്ള പകയെ കുറിച്ചു സൂചിപ്പിക്കുന്ന കുറിപ്പുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
കൊലപാതകത്തിന് ശേഷം ഫോൺ ഉപേക്ഷിച്ചാണ് യുവാവ് മുങ്ങിയിരിക്കുന്നത്. ഒളിവിൽ പോയ യുവാവിനെ തേടി പൊലീസ് അന്വേഷണം ഉർജ്ജിതമാക്കിയിട്ടുണ്ട്. റിൻസിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനല്കും. കൊടുങ്ങല്ലൂർ ഡിവൈ.എസ്‌പി സലീഷ് എൻ. ശങ്കരന്റെ നേതൃത്വത്തിൽ പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.