കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ റിൻസിയെ റിയാസ് എന്ന യുവാവ് കൊലപ്പെടുത്തിയത് വളരെ ആസൂത്രിതമായി തന്നെ. എറിയാട് കേരള വർമ സ്‌കൂളിന് സമീപം ഭർത്താവിനൊപ്പം വസ്ത്രാലയം നടത്തുന്ന റിൻസി കടയിൽനിന്ന് മക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. ആളൊഴിഞ്ഞ സ്ഥലത്ത് മറഞ്ഞുനിന്ന അക്രമി പൊടുന്നനെ ആക്രമണം നടത്തുകയായിരുന്നു.

വാളുമായി ചാടി വീണായിരുന്നു ആക്രമണം. ആക്രമണം കണ്ട് മക്കൾ ഭയന്നു കരഞ്ഞു. ഇതുകേട്ട് വന്ന ബൈക്ക് യാത്രികർ ബഹളം വെച്ചതിനെ തുടർന്ന് അക്രമി സ്ഥലം വിടുകയായിരുന്നു. യുവാവിന്റെ ആക്രമണത്തിൽ മരിച്ച റിൻസിയുടെ ദേഹത്ത് മുപ്പതോളം വെട്ടുകളാണ് ഏറ്റത്. വെട്ടേറ്റ് ഇവരുടെ കൈവിരലുകൾ അറ്റു. വിരലുകൾ കവറിലാക്കിയാണ് ആശുപത്രിയിൽ എത്തിച്ചത്. ഇന്ന് പുലർച്ചെയാണ് അവർ മരണത്തിന് കാഴടങ്ങിയത്.

പ്രതി വെട്ടാൻ ഉപയോഗിച്ച വാൾ വെള്ളിയാഴ്ച രാവിലെ കണ്ടെത്തി. സംഭവ സ്ഥലത്തുനിന്ന് പ്രതിയുടെ വീട്ടിലേക്ക് പോകുന്ന വഴിയിൽനിന്നാണ് ആയുധം ലഭിച്ചത്. നാട്ടുകാർ കണ്ടെത്തി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പ്രദേശവാസിയായ പുതിയ വീട്ടിൽ റിയാസ് (26) ആണ് ഇവരെ വെട്ടിയത്. ഇയാൾ റിൻസിയുടെ കടയിലെ മുൻ ജീവനക്കാരനാണ്. റിയാസിനെതിരെ യുവതി നേരത്തേ പരാതി നൽകിയിരുന്നു. ഇതിലുള്ള പ്രതികാരമാണ് ആക്രമണത്തിന് പിന്നിലെന്ന് പറയുന്നു.

ഇയാൾക്കായി രാത്രി തന്നെ തിരച്ചിൽ ആരംഭിച്ചിരുന്നു. മൊബൈൽ ഫോൺ വീട്ടിൽ ഉപേക്ഷിച്ചാണ് ഇയാൾ രക്ഷപ്പെട്ടിട്ടുള്ളത്. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. നേരത്തെ ജോലിയിൽ നിന്നും പുറത്താക്കിയ റിയാസ് തന്നെ ജോലിയിൽ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് റിൻസിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. എന്നാൽ, തിരിച്ചെടുക്കാൻ റിൻസി തയ്യാറായില്ല. ഇതിലുള്ള വൈരാഗ്യത്തിലാണ് റിൻസിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.

റിൻസിയുടെ കുടുംബകാര്യങ്ങളിൽ ഇടപെടാൻ തുടങ്ങിയതിനെ തുടർന്നാണ് റിയാസിനെ ജോലിയിൽനിന്ന് പുറത്താക്കിയത്. റിയാസിന്റെ മോശം പെരുമാറ്റവും പ്ര്‌നങ്ങളിലേക്ക് കാര്യങ്ങൾ കൊണ്ടുചെന്നെത്തിച്ചു. ബൈക്കിൽ പിന്തുടർന്ന റിയാസ് ഇവരുടെ സ്‌കൂട്ടറിനെ മറികടന്ന് ഇടിച്ചു വീഴ്‌ത്തിയ ശേഷം കത്തിയെടുത്തു റിൻസിയുടെ മുഖത്തും കയ്യിലും വെട്ടുകയായിരുന്നു. ആക്രമണം കണ്ടു ഭയന്ന മക്കളുടെ കരച്ചിൽ കേട്ട് അതുവഴി വന്ന മദ്രസ അദ്ധ്യാപകരാണ് ഓടിയെത്തിയത്. തുടർന്ന് റിൻസിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നു മരണം സംഭവിക്കുകയായിരുന്നു.