കോവളം: മസാജിംഗിനിടെ യുവതിയുടെ ഫോട്ടോയെടുത്ത് വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ച മസാജ് സെന്ററിലെ ജീവനക്കാരൻ അറസ്റ്റിൽ. കോവളത്തെ ഒരു മസാജിങ് സെന്ററിൽ എത്തിയ പാലക്കാട് സ്വദേശിയായ ഇരുപത്തിയേഴുകാരിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. നവംബറിലാണ് യുവതി കോവളത്ത് എത്തിയത്. അന്നായിരുന്നു ഫോട്ടോ എടുത്തത്.

തലശേരി മട്ടന്നൂർ റിനീഷ് ഹൗസിൽ റിനീഷാണ് (24) പിടിയിലായത്. കോവളത്ത് വിനോദയാത്രയ്ക്കായി എത്തിയ യുവതിയെ മസാജ് സെന്ററിലെ ജീവനക്കാരി മസാജ് ചെയ്യുന്നതിനിടെ അവരോട് സൗഹൃദം കൂടി അവിടെയെത്തിയ റിനീഷ് യുവതിയുടെ ഫോട്ടോ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. കാമറയുടെ ഫ്‌ളാഷ് മിന്നിയതായി യുവതിക്ക് സംശയം തോന്നിയെങ്കിലും വെറും തോന്നലാകാമെന്ന് കരുതി അവർ അത് കാര്യമാക്കിയില്ല.

അടുത്ത ദിവസം യുവതിയുടെ വാട്‌സ് ആപ്പ് നമ്പരിലേക്ക് റിനീഷ് ചിത്രം അയച്ചുകൊടുത്തു. അപ്പോഴാണ് ഫോട്ടോ എടുത്ത കാര്യം യുവതി അറിയുന്നത്. ഇതോടെ സിംഗപ്പൂരിൽ ബിസിനസുകാരനായ ഭർത്താവിനെ വിവരം അറിയിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയ യുവതിയുടെ ഭർത്താവ് കോവളം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.

ഇതോടെ റിനീഷിനെ കണ്ണൂരിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഫോണും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.