പത്തനംതിട്ട: ഒരു വയസുകാരന്റെ ശ്വാസ നാളത്തിൽ മോതിരം കുടുങ്ങിയാൽ എന്താകും അവസ്ഥ. ഉടൻ ആശുപത്രിയിൽ എത്തിച്ചില്ലെങ്കിൽ മരണം നിശ്ചയം. എന്നാൽ, ഒരു വയസുകാരൻ ശ്വാസനാളത്തിൽ കുടുങ്ങിയ മോതിരവുമായി ജീവിച്ചത് 69 വർഷമാണ്. 70-ാം വയസിൽ വിട്ടുമാറാത്ത തലവേദനയെ തുടർന്ന് നടത്തിയ എംആർഐ സ്‌കാനിങ്ങിൽ മോതിരം കണ്ടെത്തി മുറിച്ചു മാറ്റി. വലിയൊരു തലവേദന ഒഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് പത്തനംതിട്ട വലഞ്ചുഴി രാജമംഗലത്ത് രഘുഗോപാലൻ.

രഘുവിന്റെ അതിജീവന കഥ മെഡിക്കൽ സയൻസിന് പോലും അത്ഭുതമാണ്. രഘുവിന്റെ ശ്വാസനാളത്തിൽ നിന്ന് മോതിരം പുറത്തെടുത്ത ഡോക്ടർമാർക്കും ഇത് ജീവിതത്തിൽ ആദ്യത്തെ അനുഭവം. മുൻപെങ്ങും കേട്ടിട്ടുമില്ല, വായിച്ചിട്ടുമില്ല. മുത്തൂറ്റ് മെഡിക്കൽ സെന്ററിലെ ന്യൂറോളജിസ്റ്റ് ഡോ. ജിബു കെ. ജോൺ, ഇഎൻടി സ്പെഷലിസ്റ്റ് ഡോ. ഫ്രെനി എന്നിവരാണ് ഈ അത്യപൂർവ നിമിഷത്തിന് സാക്ഷികളായതും രഘുഗോപാലിന്റെ തലവേദന ഒഴിവാക്കിയതും.

വിട്ടുമാറാത്ത തലവേദനയുമായി ആശുപത്രിയിൽ അഡ്‌മിറ്റായ രഘുഗോപാലിനെ ഡോ. ജിബുവാണ് നോക്കിയിരുന്നത്. എല്ലാ പരിശോധനകളും പൂർത്തീകരിച്ചപ്പോഴും ഒരു ലക്ഷണവും കാണാതെ വന്നപ്പോഴാണ് തലയുടെ എംആർഐ സ്‌കാനിങിന് വിട്ടത്. സ്‌കാൻ റിപ്പോർട്ടിൽ ശ്വാസനാളത്തിൽ ഒരു ലോഹവസ്തു പിണഞ്ഞിരിക്കുന്നത് കണ്ടു. അറിയാതെ എപ്പോഴെങ്കിലും ഒരു ലോഹം ഉള്ളിൽ ചെന്നിട്ടുണ്ടോയെന്ന് ഡോക്ടർ രഘുവിനോട് ചോദിച്ചു. തന്റെ ഓർമയിൽ അങ്ങനെ ഒന്നു നടന്നിട്ടില്ല എന്നായിരുന്നു ആദ്യം അദ്ദേഹത്തിന്റെ മറുപടി. പിന്നീടാണ് ബാല്യത്തിൽ താൻ മോതിരം വിഴുങ്ങിയ കഥ മാതാപിതാക്കൾ പലപ്പോഴും പറഞ്ഞിരുന്നത് രഘുവിന്റെ ഓർമയിൽ വന്നത്.

രഘുഗോപാലന് ഒരു വയസുള്ളപ്പോൾ വീട്ടിലുള്ള ആഭരണങ്ങൾ മാതാവ് കഴുകുകയായിരുന്നു. ഈ സമയം രഘുവും അവർക്കൊപ്പം കൂടി. കൂട്ടത്തിൽ ഒരു മോതിരം എടുത്ത് ഭംഗി നോക്കുകയും കൈ വിരലിൽ ഇടുകയും ചെയ്തു. അയഞ്ഞു കിടന്ന മോതിരം കൈയിൽ നിന്ന് അബദ്ധത്തിൽ വായിലേക്ക് വീണു. ഇതു കണ്ട മാതാപിതാക്കൾ ആദ്യം അണ്ണാക്കിൽ വിരലിട്ട് തപ്പി നോക്കി. കിട്ടാതെ വന്നപ്പോൾ ചോറ് ഉരുളയാക്കിയും പഴം മുറിച്ചും വിഴുങ്ങിച്ചു.

അതിന് ശേഷം കുഞ്ഞിന് അസ്വസ്ഥത ഒന്നുമില്ലാത്തതിനാൽ മാതാപിതാക്കൾ ആശ്വസിച്ചു. മോതിരം പുറത്തേക്ക് പോയെന്നാണ് അവർ കരുതിയിരുന്നത്. ഡോ. ജിബു, ഇഎൻടി സ്പെഷലിസ്റ്റ് ഡോ. ഫ്രെനിയുടെ സഹായത്തോടെ ഏറെ പണിപ്പെട്ടാണ് മോതിരം പുറത്തെടുത്തത്. എൻഡോസ്‌കോപ്പി ചെയ്തു കൊണ്ടായിരുന്നു ഇത്. എന്തെങ്കിലും ഒരു അന്യവസ്തു മൂക്കിൽ കുടുങ്ങിയാൽ അതിന്റെ അസ്വസ്ഥത ആ രോഗിക്ക് ഉണ്ടാകേണ്ടതാണെന്ന് ഡോ. ഫ്രെനി പറഞ്ഞു. മൂക്കിൽ നിന്ന് വെള്ളമെടുക്കുകയോ പഴുപ്പുണ്ടാവുകയോ ദുർഗന്ധം വമിക്കുകയോ ചെയ്യണം. ഇവിടെ അതൊന്നുമുണ്ടായിട്ടില്ലെന്നത് അതിശയമാണ്.

ഇങ്ങനെ ഒരു ലക്ഷണവും ഇല്ലാതെ വന്നപ്പോൾ ഇത് എന്താണെന്ന് അറിയാനുള്ള ഒരു ആകാംക്ഷ ഡോക്ടർമാർക്കുമുണ്ടായി. എൻഡോസ്‌കോപ്പിയിൽ വൃത്താകൃതിയിലുള്ള വസ്തു ശ്വാസനാളത്തിലുണ്ടെന്ന് തെളിഞ്ഞു. മേലണ്ണാക്കിന്റെ വലതു ഭാഗത്തായിട്ടാണ് ഇത് കണ്ടത്. മൂക്കിനുള്ളിലൂടെ പുറത്തെടുക്കാനാണ് ആദ്യം ശ്രമിച്ചത്. ലോഹവസ്തു വലുതായതിനാൽ അതിന് കഴിഞ്ഞില്ല. ഒരു വശത്തേക്ക് മാറി, മരത്തിൽ വള്ളി ചുറ്റിയിരിക്കുന്നതു പോലെ മാംസത്തിൽ ഉറച്ചായിരുന്നു റിങ് ഇരുന്നത്. ഒന്നാം വയസിൽ തൊണ്ടയിൽ മോതിരം കുടുങ്ങിയപ്പോൾ പുറത്തെടുക്കാൻ അണ്ണാക്കിൽ കൈ കടത്തി പരതുന്നതയിനിടെ അത് മേലണ്ണാക്കിലേക്ക് കയറിപ്പോയിരിക്കണം.

അത് ആ ഭാഗത്ത് കുടുങ്ങുകയും അവിടെ സ്ഥിരമായി ഇരിക്കുകയും ചെയ്തത് ആകാമെന്നാണ് ഡോക്ടർമാരുടെ നിഗമനം. കാലക്രമേണെ അതിന് മുകളിൽ മാംസം വന്ന് മൂടി. മൂക്കിൽ അന്യ വസ്തു ഇരിക്കുന്നതിന്റെ അസ്വസ്ഥതയൊന്നും രഘുവിനുണ്ടാകാതിരുന്നതും ഇതു മൂലമാകാമെന്ന് ഡോ. ഫ്രെനി പറഞ്ഞു. മെറ്റൽ കട്ടർ വായിലൂടെ കടത്തി മോതിരം മുറിച്ച് പുറത്തേക്ക് എടുക്കുകയായിരുന്നു.