- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹം കഴിഞ്ഞ് കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഗൾഫിലേക്ക് പോയ സജു; മകളുടെ ജനനവും കളിചിരിയുമെല്ലാം അച്ഛൻ അറിഞ്ഞതും സന്തോഷിച്ചതും സൗദിയിൽ ഇരുന്ന് വീഡിയോ കോളിൽ; ഒന്നര വയസ്സുകാരിയുടെ മുഖം ആ അച്ഛന് ഒരിക്കൽ പോലും നേരിൽ കാണാനായില്ല; ഐത്തലക്കാർക്ക് എത്തുംപിടിയും കിട്ടാതെ റിൻസയുടേയും മകളുടേയും ദുരൂഹ മരണം
റാന്നി: അമ്മയെയും കുഞ്ഞിനെയും വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിലെ കാരണം ആർക്കുമറിയില്ല. തിങ്കളാഴ്ച വൈകീട്ട് വീട്ടിനുള്ളിൽ പൊള്ളലേറ്റുമരിച്ച റാന്നി ഐത്തല മീമുട്ടുപാറ ചുവന്നപ്ലാക്കൽ തടത്തിൽ സജു ചെറിയാന്റെ ഭാര്യ റിൻസ(21) മകൾ എൽഹാന(ഒന്നര) എന്നിവരുടെ വേർപാട് റാന്നിക്കാരെ ആകെ ഞെട്ടിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ചൊരു കാരണവും ആർക്കും അറിയില്ല.
സംഭവം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസും. അമ്മയെഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. തീപ്പൊള്ളലേറ്റാണ് മരണമെന്ന് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ അറിയിച്ചതായി റാന്നി ഇൻസ്പെക്ടർ എം.ആർ.സുരേഷ് പറഞ്ഞു. ഇരുവർക്കും 95 ശതമാനം പെള്ളലേറ്റിരുന്നു. എന്നാൽ, എന്തിന് ആത്മഹത്യ ചെയ്തുവെന്ന് വ്യക്തമല്ലെന്ന് പൊലീസും സമ്മതിക്കുന്നു. ആത്മഹത്യാ കുറിപ്പ് വ്യാജമായി ആരെങ്കിലും ഉണ്ടാക്കിയതാണോ എന്ന സംശയം നാട്ടുകാർക്കുണ്ട്. ഭർത്താവിനും ഒന്നും അറിയില്ല. മസ്‌കറ്റിലായിരുന്ന സജു നാട്ടിൽ എത്തിയിട്ടുണ്ട്.
സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ ചൊവ്വാഴ്ച രാവിലെ റാന്നി തഹസിൽദാർ കെ.നവീൻ ബാബുവിന്റെ സാന്നിധ്യത്തിൽ പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മഹാജൻ, റാന്നി ഡിവൈ.എസ്‌പി. മാത്യു ജോർജ് എന്നിവർ സ്ഥലത്തെത്തി. വിരലടയാള വിദ്ഗ്ധരും ഫോറൻസിക് വിഭാഗവുമെത്തി തെളിവുകൾ ശേഖരിച്ചു.
സജു ചെറിയാൻ ചൊവ്വാഴ്ച രാത്രിയിലാണ് നാട്ടിലെത്തിയത്. റിൻസയും കുഞ്ഞും മാത്രമായിരുന്നു വീട്ടിൽ താമസം. തൊട്ടടുത്ത വീടുകളിൽ താമസിക്കുന്ന ബന്ധുക്കളാണിവരെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. വീട്ടിൽ മറ്റാരും ഇല്ലാത്തതു കൊണ്ടാണ് സംശയങ്ങൾ. എന്നാൽ വീട് ഉള്ളിൽ നിന്ന് പൂട്ടിയതു കാരണം ആത്മഹത്യാ സാധ്യതയാണ് കൂടുതൽ. എങ്കിലും എല്ലാ വശങ്ങളും പരിശോധിക്കാനാണ് പൊലീസ് തീരുമാനം. എൽഹാനയുടെ കളിയും ചിരിയും അച്ഛൻ കണ്ടിട്ടു പോലുമില്ല. അവധിക്ക് വരാനിരിക്കെയാണ് ദുരന്ത വാർത്ത സജുവിനെ തേടിയെത്തിയത്.
എൽഹാനയുടെ കൊഞ്ചലും കുസൃതിയും സജി ദിവസവും ഫോണിൽ മണിക്കൂറുകളോളം കണ്ടിരുന്നു. അവളുറങ്ങുന്നതും ഉണരുന്നതുമെല്ലാം ആ അച്ഛൻ മസ്‌കറ്റിലിരുന്ന് ഫോണിലൂടെയറിഞ്ഞു. പിഞ്ചോമനയുടെ മുഖം അച്ഛൻ സജു ചെറിയാൻ നേരിട്ടൊരിക്കൽ പോലും കണ്ടിട്ടില്ല. അതിനുമുമ്പ് അമ്മ, കുഞ്ഞുമായി ലോകത്തുനിന്ന് പറന്നകന്നു. ഐത്തല ചുവന്നപ്ലാക്കൽ തടത്തിൽ കുടുംബാംഗങ്ങൾക്ക് ഈ വേർപാട് താങ്ങാനാകുന്നില്ല. ദിവസവും പലതവണ ഓടിയെത്തി വാരിപ്പുണർന്ന്, കൊഞ്ചിച്ച് മടങ്ങാറുള്ള ഇവർക്ക് പ്രിയങ്കരിയായിരുന്ന എൽഹാനയുടെ വേർപാട് താങ്ങാനാകുന്നില്ല.
ഇവരുടെ വീടിനോട് ചേർന്നാണ് സജു ചെറിയാന്റെ മൂന്ന് സഹോദരങ്ങളുടെ വീടുകളും. ഒരു വീടുപോലെയാണിവർ കഴിഞ്ഞിരുന്നത്. റിൻസയും കുഞ്ഞും മാത്രമായിരുന്നു വീട്ടിൽ താമസം. എന്നാൽ, എപ്പോഴും സഹായത്തിനായി ഇവരെല്ലാമുണ്ടായിരുന്നു.അമ്മയുടെയും മകളുടെയും ശരീരങ്ങളിൽ 95 ശതമാനം പൊള്ളലേറ്റ നിലയിലായിരുന്നു. കുഞ്ഞിന്റെ ശരിയായ മുഖം ഒന്നുകാണാൻപോലും അച്ഛന് കഴിയാതെ പോയി. രണ്ടരവർഷം മുമ്പായിരുന്നു സജുവിന്റെയും റിൻസയുടെയും വിവാഹം. കുറച്ചുനാൾ കഴിഞ്ഞപ്പോൾ സജു മസ്‌കറ്റിലേക്കുപോയി.
എന്തിന് ഇത് ചെയ്തുവെന്നതിന് ഉത്തരം ലഭിച്ചിട്ടില്ല. ബതിങ്കളാഴ്ച രാവിലെ എട്ടിനും ഉച്ചയ്ക്കുമിടയിലാണ് സംഭവം നടന്നിട്ടുള്ളതെന്നാണ് പൊലീസ് കരുതുന്നത്. അടുത്ത വീടുകളിലൊന്നും ആളില്ലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. സ്‌കൂളിൽ പോയി വൈകീട്ട് മടങ്ങിയെത്തിയ സജുവിന്റെ സഹോദരന്റെ മകൾ വിളിച്ചിട്ടും മറുപടിയൊന്നും ലഭിക്കാത്തതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്.
മറുനാടന് മലയാളി ബ്യൂറോ