ബാൾട്ടിമോർ: കറുത്തവർഗക്കാരൻ പൊലീസ് കസ്റ്റഡിയിൽ മരിച്ചതിനെ തുടർന്ന് ബാൾട്ടിമോർ തെരുവിൽ ആഭ്യന്തര കലാപം രൂക്ഷമായി. പലയിടങ്ങളിലും കലാപകാരികളും പൊലീസും തമ്മിൽ ഏറ്റുമുട്ടി. തുടർന്ന് ബാൾട്ടിമോറിൽ മേയർ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. കഴിഞ്ഞ രാത്രി കലാപം ശക്തമായതിനെ തുടർന്ന് പൊലീസ് കർഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ പത്തു മുതൽ വൈകുന്നേരം അഞ്ചു വരെയാണ് കർഫ്യൂ.

ഏപ്രിൽ 19ന് ഫ്രെഡ്ഡി ഗ്രേ എന്ന കറുത്തവർഗക്കാരൻ പൊലീസ് കസ്റ്റഡിയിൽ മരിച്ചതിനെ തുടർന്നാണ് ബാൾട്ടിമോറിൽ കലാപം പൊട്ടിപ്പുറപ്പെടുന്നത്. ആഫ്രിക്കൻ വംശജനായിരുനനു ഫ്രെഡി ഗ്രേ. പൊലീസ് മർദനത്തെ തുടർന്ന നട്ടെല്ലിനു പരിക്കേറ്റ യുവാവ് ഒരാഴ്ചയോളം അബോധാവസ്ഥയിലായിരുന്നു. സംഭവത്തെ കുറിച്ച് ജസ്റ്റീസ് ഡിപ്പാർട്ട്‌മെന്റ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. യുവാവ് മരിക്കാനിടയായതിനെ തുടർന്ന് ആറു പൊലീസുകാരെയാണ് അധികൃതർ സസ്‌പെൻഡ് ചെയ്തത്.

ബാൾട്ടിമോർ നഗരത്തിൽ അരങ്ങേറുന്ന കലാപത്തിൽ ഒട്ടേറെ പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. ഏകദേശം ആറുലക്ഷത്തിലധികം ആളുകൾ പ്രതിഷേധം നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കലാപത്തിന്റെ മറവിൽ ഒട്ടേറെ കടകൾ കൊള്ളയടിക്കപ്പെടുകയും വാഹനങ്ങൾ തീയിട്ടു നശിപ്പക്കുകയും ചെയ്യുന്നുണ്ട്. ഇതൊക്കെ ഏറ്റുമുട്ടൽ രൂക്ഷമാകാൻ കാരണമാക്കി.

ബാൾട്ടിമോറിൽ സമാധാനം പുനഃസ്ഥാപിക്കാൻ നാഷണൽ ഗാർഡിന്റെ കൂടുതൽ ട്രൂപ്പുകൾ രംഗത്തിറങ്ങിയിട്ടുണ്ട്. സിറ്റി പൊലീസിനൊപ്പം കലാപബാധിത മേഖലയിൽ പ്രവർത്തിക്കുന്ന നാഷണൽ ഗാർഡ് കലാപകാരികൾ കൂടുതൽ നശീകരണ പ്രവർത്തനങ്ങളിൽ മുഴുകുന്നത് തടയാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നഗരത്തിലാകമാനം പൊലീസിനെ വിന്യസിപ്പിച്ചിരിക്കുകയാണ്.

പൊലീസിന്റെ ആക്രമണത്തിൽ കറുത്ത വർഗക്കാരൻ മരിക്കുന്ന ഏറ്റവും ഒടുവിലത്തെ സംഭവമാണിത്. മുമ്പ് ഫെർഗൂസണിൽ കറുത്ത വർഗക്കാരനായ മൈക്കിൾ ബ്രൗണിന്റെ മരണവും അമേരിക്കയിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഫ്രെഡ്ഡി ഗ്രേയുടെ സംസ്‌കാരം തിങ്കളാഴ്ച നടന്നതിനു പിന്നാലെയാണ് കലാപം പൊട്ടിപ്പുറപ്പെടുന്നത്. കലാപത്തെ തുടർന്ന് ഒട്ടേറെ പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.