- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.എസ്.യുവിൽ തുടങ്ങിയ രാഷ്ട്രീയ പ്രവർത്തനം; കൈവിട്ട നിലമ്പൂർ തിരിച്ചുപിടിക്കാൻ പാർട്ടി വിശ്വസിച്ചേൽപിച്ച ആദർശധീരനായ നേതാവ്; അവസാനം മാധ്യമങ്ങളെ കണ്ടപ്പോഴും പ്രകടിപ്പിച്ചത് നിലമ്പൂരിൽ വിജയിക്കുമെന്ന ആത്മവിശ്വാസം; ഫലമറിയാൻ കാത്തുനിൽക്കാതെയുള്ള വി വി പ്രകാശിന്റെ വിയോഗത്തിൽ തേങ്ങി കോൺഗ്രസ് പ്രവർത്തകർ
മലപ്പുറം: തെരഞ്ഞെടുപ്പു ഫലമറിയാൻ കാത്തു നിൽക്കാതെ വി വി പ്രകാശ് അന്തരിച്ച വിവരം അറിഞ്ഞ ഞെട്ടലിലാണ് കോൺഗ്രസ് നേതാക്കളും അണികളും. തീർത്തും അപ്രതീക്ഷിതമായാണ് പ്രകാശിന്റെ വിയോഗവാർത്ത എത്തിയത്. ഇടതു സ്വതന്ത്രനായ പി വി അൻവറിനെ നേരിടാൻ പാർട്ടി വിശ്വസിച്ചിറക്കിയ നാട്ടുകാരനായിരുന്നു പ്രകാശ്. മലപ്പുറം ജില്ലയിടു പൾസ് അറിയുന്ന നാട്ടുകാരനായിരുന്നു അദ്ദേഹം. അങ്ങനെയുള്ള നേതാവാണ് ഫലം എന്താകുമെന്ന് അറിയും മുമ്പ് വിട പറഞ്ഞത്. സൈബർ ഇടത്തിലും ചാനലുകളിലും പ്രകാശിനുള്ള അനുശോചന പ്രവാഹമാണ്.
നിലമ്പൂർ മണ്ഡലം തിരിച്ചുപിടിക്കാൻ പാർട്ടി ഏൽപിച്ച ദൗത്യം പൂർത്തിയാക്കി ഫലമറിയാൻ കാത്തുനിൽക്കാതെയാണ് മലപ്പുറം കോൺഗ്രസിലെ ജനകീയമുഖം വിവി പ്രകാശ് മടങ്ങുന്നത്. അൻവർ എംഎൽഎ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ നേടിയെടുത്ത ജനസമ്മതിക്കുപുറമെ പ്രാദേശികമായി മുന്നണിയിലും പാർട്ടി ഘടകങ്ങളിലുമെല്ലാം നിലനിൽക്കുന്ന വിഭാഗീയതകളും മണ്ഡലം തിരിച്ചുപിടിക്കുക ബാലികേറാ മലയാകുമെന്ന വിലയിരുത്തൽ ആദ്യംതന്നെ യുഡിഎഫിലുണ്ടായിരുന്നു.
എന്നാൽ, ഇതിനുകൂടിയുള്ള പരിഹാരമായാണ് ജില്ലയിൽ യുഡിഎഫ് സംവിധാനത്തെയും കോൺഗ്രസ് പാർട്ടിയെയും ശക്തമായി മുന്നോട്ടുകൊണ്ടുപോകാൻ മുന്നിൽനിന്നു നയിച്ചു സർവസമ്മതി നേടിയ വിവി പ്രകാശ് നിലമ്പൂരിൽ അങ്കംകുറിക്കാനെത്തിയത്. ഒരു വശത്ത് സീറ്റിനായി ആര്യാടൻ ഷൗക്കത്ത് ശ്രമിച്ചെങ്കിലും ഒടുവിൽ ഷൗക്കത്തിനെയും മറികടന്നാണ് പാർട്ടി അദ്ദേഹത്തെ നിയോഗിച്ചത്.
ാശിയേറിയ പ്രചാരണങ്ങൾക്കൊടുവിൽ വൻഭൂരിപക്ഷത്തിനു തന്നെ വിജയിക്കുമെന്ന പ്രതീക്ഷയിലായിരുന്നു തെരഞ്ഞെടുപ്പിനു ശേഷം പ്രകാശും യുഡിഎഫ് ക്യാംപും. കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്ക് മുന്നിൽ വെച്ചു അദ്ദേഹം ഈ വിജയപ്രതീക്ഷ പങ്കുവെച്ചിരുന്നു. എന്നാൽ, ഈ അപ്രതീക്ഷിതമായ വിയോഗം നേതാക്കളെയും പ്രവർത്തരെയും ഒരുപോലെ ഞെട്ടിക്കുന്നതാണ്. പ്രകാശിനു പകരം പ്രകാശ് മാത്രമെന്നതു തന്നെയാണ് ഇതിനു കാരണവും.
ആര്യാടൻ മുഹമ്മദ് മൂന്നു പതിറ്റാണ്ടുകാലം എതിരാളികളില്ലാതെ പൊന്നുപോലെ കാത്ത മണ്ഡലമാണ് നിലമ്പൂർ. എന്നാൽ, 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആര്യാടന്റെ മകൻ ആര്യാടൻ ഷൗക്കത്തിന് ഇടതുപക്ഷ സ്വതന്ത്രനായ പിവി അൻവറിനു മുന്നിൽ അടിയറവയ്ക്കേണ്ടിവന്നു. അതും 11,504 വോട്ടുകൾക്ക്. മുൻ കോൺഗ്രസുകാരൻ കൂടിയായിരുന്നു അൻവർ എന്നതും പ്രദേശിക ഘടങ്ങളുമാണ് അന്ന് അദ്ദേഹത്തിന് അനുകൂലമായി മാറഇയത്.
പിന്നീട് മണ്ഡലം കേന്ദ്രീകരിച്ച് അൻവർ നടത്തിയത് ചിട്ടയായ പ്രവർത്തനങ്ങളാണ്. ഇതോടൊപ്പം പ്രാദേശിക കോൺഗ്രസ്, യുഡിഎഫ് ഘടകങ്ങളിൽ നിലനിൽക്കുന്ന വിഭാഗീയത മുതലെടുക്കാനും അൻവറിനായിരുന്നു. ഇതിന്റെ ഫലമായാണ് ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിൽ നിലമ്പൂർ മുനിസിപ്പാലിറ്റി യുഡിഎഫിന് നഷ്ടമായത്. ഇതിന്റെയെല്ലാം ബലത്തിൽ ഉറച്ച ആത്മവിശ്വാസത്തിൽ തന്നെയായിരുന്നു അൻവർ വീണ്ടും മത്സരത്തിനൊരുങ്ങിയത്. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലായിരുന്നു മണ്ഡലം തിരിച്ചുപിടിക്കാൻ നാട്ടുകാരനും ജനകീയനുമായ വിവി പ്രകാശ് തന്നെ എത്തണമെന്ന് പ്രാദേശികതലത്തിൽന്ന് ആദ്യഘട്ടത്തിലേ ഉയർന്ന വികാരം.
ഇതിനിടെ ഷൗക്കത്ത് വീണ്ടും സ്ഥാനാർത്ഥിയാകാൻ ശ്രമം നടത്തിയിരുന്നെങ്കിലും ഒടുവിൽ പ്രവർത്തകർ ആഗ്രഹിച്ചതുപോലെത്തന്നെ നറുക്കുവീണത് പ്രകാശിനുതന്നെയിരുന്നു. മലപ്പുറം കോൺഗ്രസിലെ ജനകീയമുഖം എന്നതിനു പുറമെ കറപുരളാത്ത ആദർശരാഷ്ട്രീയത്തിന്റെ മുഖം കൂടിയായിരുന്നു പ്രകാശ്. ഗാന്ധിയൻ രാഷ്ട്രീയത്തിന്റെ ഉറച്ചവക്താവായിരുന്ന അദ്ദേഹം നിശ്ശബ്ദനായി ജനങ്ങൾക്കിടയിൽ ഇറങ്ങിപ്രവർത്തിച്ചു. രാഷ്ട്രീയ എതിരാളികൾക്കുപോലും വ്യക്തിപരമായി എതിർപ്പ് പറയാനില്ലാത്ത നേതാവായിരുന്നു. രാഷ്ട്രീയരംഗത്തെ സൗമ്യതയുടെ ആൾരൂപം എന്നും വേണമെങ്കിൽ പറയാം. മുസ്ലിംലീഗ് നേതൃത്വവുമായും വളരെ അടുപ്പം പുലർത്തിയിരുന്ന പ്രകാശിന് തങ്ങൾ കുടുംബവും തെരഞ്ഞെടുപ്പിൽ പൂർണ പിന്തുണ നൽകുകയായിരുന്നു.
കർഷകനായിരുന്ന കുന്നുമ്മൽ കൃഷ്ണൻ നായർ-സരോജിനിയമ്മ ദമ്പതികളുടെ മകനായി എടക്കരയിലാണ് ജനനം. എടക്കര ഗവ. ഹൈസ്കൂളിലും ചുങ്കത്തറ എംപിഎം ഹൈസ്കൂളിലുമായി പ്രാഥമിക സ്കൂൾ പഠനം. മമ്പാട് എംഇഎസ് കോളേജിലും മഞ്ചേരി എൻഎസ്എസ് കോളിലുമായി കോളേജ് വിദ്യാഭ്യാസവും പൂർത്തിയാക്കി. കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽനിന്ന് നിയമബിരുദം നേടി. കാലിക്കറ്റ് സവർകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും സ്വന്തമാക്കിയിട്ടുണ്ട്.
ഹൈസ്കൂൾ പഠനകാലത്തു തന്നെ കെഎസ്യു പ്രവർത്തകനായാണ് കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. പിന്നീട് കോൺഗ്രസ് ഏറനാട് താലൂക്ക് ജനറൽ സെക്രട്ടറി, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചു.
കെസി വേണുഗോപാൽ പ്രസിഡന്റായ സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റിയിൽ ജനറൽ സെക്രട്ടറിയായിരുന്നു പ്രകാശ്. കെ. മുരളീധരനും രമേശ് ചെന്നിത്തലയും പ്രസിഡന്റായ കെപിസിസി കമ്മിറ്റികളിൽ സെക്രട്ടറിയുമായിരുന്നു. നാലു വർഷം മുൻപാണ് മലപ്പുറം ഡിസിസി പ്രസിഡന്റായി നിയമിതനായത്. 2011ൽ ആണ് പാർലമെന്റിലേക്ക് കന്നിയങ്കം കുറിച്ചത്. മണ്ഡലം പുനർവിഭജനത്തിനു ശേഷം നിലവിൽവന്ന തവനൂർ നിയമസഭാ മണ്ഡലത്തിൽ കെടി ജലീലിനെതിരെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു ആദ്യ പോരാട്ടം.
കോഴിക്കോട് സർവകാലശാലാ സെനറ്റ് അംഗം, കെഎസ്ആർടിസി ഡയരക്ടർ, എഫ്സിഐ അഡൈ്വസറി ബോർഡ് അംഗം, ഫിലിം സെൻസർ ബോർഡ് അംഗം, എടക്കര ഗ്രാമപഞ്ചായത്ത് അംഗം തുടങ്ങിയ നിലകളിലെല്ലാം പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ സ്മിത. മക്കൾ വിദ്യാർത്ഥികളായ നന്ദന(പ്ലസ്ടു), നിള(നാലാം ക്ലാസ്).
മറുനാടന് മലയാളി ബ്യൂറോ