കൊച്ചി: തൃക്കാക്കര എംഎൽഎയും കെപിപിസി വർക്കിങ് പ്രസിഡന്റുമായ പിടി തോമസിന് പതിനായിരങ്ങളുടെ അന്ത്യാഞ്ജലി. ഇന്നലെ അർദ്ധരാത്രി കേരളത്തിൽ മൃതദേഹം എത്തിച്ചപ്പോൾ മുതൽ വൻ ജനാവലിയാണ് ഒഴുകി എത്തിയത്. ഇടുക്കിയിലെ വീട്ടിൽ ആയിരങ്ങൽ എത്തിയപ്പോൾ തൊടുപുഴയിലും വലിയ ജനസഞ്ചയമായിരുന്നു. ആൾത്തിരക്കുകൾ കാരണം മൃതദേഹം എറണാകുളത്ത് എത്തിക്കുന്നതും പൊതുദർശനത്തിന് വെക്കുന്നതും വൈകി.

കൊച്ചിയിലെ പാലാരിവട്ടത്തെ വീട്ടിലെത്തിച്ച മൃതദേഹം ഇപ്പോൾ ടൗൺ ഹാളിൽ പൊതുദർശനത്തിന് വച്ചിരിക്കുകയാണ്. അന്ത്യാഞ്ജലി അർപ്പിക്കാനായി രാഹുൽ ഗാന്ധി ടൗൺ ഹാളിലെത്തി. പി ടി തോമസിന്റെ കുടുംബാംഗങ്ങളുമായി രാഹുൽ കുറച്ചുസമയം സമയം ചിലവഴിക്കുകയും ചെയ്തു. കുടുംബാംഗങ്ങൾക്കൊപ്പം കസേരയിലിരുന്ന രാഹുൽ പി ടി തോമസിന്റെ മക്കളെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു.

സമയക്കുറവ് മൂലം അൽപ്പസമയം മാത്രമാണ് അദ്ദേഹത്തിന്റെ വസതിയിൽ മൃതദേഹം പൊതുദർശത്തിന് വച്ചത്. തുടർന്ന് പിടി തോമസിന്റെ ഭൗതികദേഹം എറണാകുളം ഡിസിസി ഓഫീസിലേക്ക് കൊണ്ടുപോയി. ഇവിടെ 20 മിനുട്ടു നേരമാണ് പൊതുദർശനത്തിന് വെച്ചത്. കെ സുധാകരൻ, രമേശ് ചെന്നിത്തല, ഹൈബി ഈഡൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എംഎം ഹസ്സൻ തുടങ്ങി കോൺഗ്രസ് പ്രവർത്തകരും നേതാക്കളും അടക്കം നിരവധി പേരാണ് പ്രിയനേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഡിസിസി ഓഫീസിലെത്തിയത്.

ഡിസിസി ഓഫീസിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ മുതിർന്ന നേതാക്കൾ കോൺഗ്രസ് പതാക പുതപ്പിച്ചു. ഇന്നലെ അർദ്ധരാത്രിക്ക് ശേഷം വെല്ലൂരിൽ നിന്നും സംസ്ഥാന അതിർത്തിയിൽ എത്തിയപ്പോൾ മുതൽ വഴിനീളെ ആയിരങ്ങളാണ് പിടി തോമസിനെ ഒരു നോക്ക് കാണാനെത്തിയത്. ജന്മദേശമായ ഇടുക്കി ജില്ല പി ടി തോമസിന് വികാര നിർഭരമായ യാത്രയപ്പാണ് നൽകിയത്. വഴി നീളെ പ്രവർത്തകർ പിടിയെ അവസാനമായി കാണാൻ തടിച്ച് കൂടിയതിനെ തുടർന്ന് വിലാപയാത്ര അഞ്ച് മണിക്കൂറോളം വൈകിയാണ് എറണാകുളത്ത് എത്തിയത്.

തൃക്കാക്കര ടൗൺഹാളിൽ നടക്കുന്ന പൊതുദർശനത്തിൽ വൈകിട്ട് അഞ്ചുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയനെത്തും. നടൻ മമ്മൂട്ടി അന്തിമോപചാരം അർപ്പിക്കാൻ എത്തും. എറണാകുളം രവിപുരം ശ്മശാനത്തിൽ പി ടിയുടെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഒഴിവാക്കി 5.30 ന് ആകും സംസ്‌കാരചടങ്ങുകൾ നടക്കുക. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് അർബുദബാധിതനായിരുന്ന പിടി തോമസ് മരണത്തിന് കീഴടങ്ങിയത്.

അർബുദത്തിനു ചികിത്സയിലായിരുന്ന പി.ടി.തോമസ് ഇന്നലെ രാവിലെ 10.15നാണ് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ അന്തരിച്ചത്. പി ടിയുടെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഒഴിവാക്കിയാണ് സംസ്‌കാര ചടങ്ങുകൾ. ചിതാഭസ്മം ഇടുക്കി ഉപ്പുതോട്ടിൽ അമ്മയുടെ കുഴിമാടത്തിൽ നിക്ഷേപിക്കണമെന്നാണ് പിടി തോമസ് ആവശ്യപ്പെട്ടിട്ടുള്ളത്. മൃതദേഹത്തിൽ പൂക്കളോ, പുഷ്പചക്രങ്ങളോ പാടില്ലെന്നും, അന്ത്യോപചാര സമയത്ത് വയലാറിന്റെ ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം എന്ന ഗാനം വെക്കണമെന്നും പിടി തോമസ് ആവശ്യപ്പെട്ടിരുന്നു.