- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭിപ്രായങ്ങൾ ഉറക്കെ പറയാൻ മടിക്കാഞ്ഞ നട്ടെല്ലുള്ള പൊതുപ്രവർത്തകൻ; വോട്ടു ബാങ്കുകളെ പ്രീണിപ്പിക്കാതെ തികഞ്ഞ ജനാധിപത്യവാദി; ഏത് വലിയ നേതാവായാലും മുഖത്ത് നോക്കി അഭിപ്രായം പറയാൻ മടിക്കാത്ത നേതാവ്; വിട പറഞ്ഞത് നിയമസഭയിൽ പിണറായി വിജയനുമായി നിരന്തരം കലഹിച്ച നേതാവ്
കൊച്ചി: പി ടി തോമസ് എന്ന കോൺഗ്രസ് നേതാവിന്റെ പേര് പറയുമ്പോൾ എല്ലാവർക്കും ഓർമ്മ വരിക അഭിപ്രായങ്ങൾ തുറന്നു പറയാൻ മടിക്കാത്ത ധീരനായ നേതാവ് എന്നാണ്. ആ ധൈര്യം പല നേതാക്കൾക്കും ഇല്ലാതെ പോയ ഘട്ടത്തിലായിരുന്നു പി ടി തീർത്തും വ്യത്യസ്തനായത്. തികഞ്ഞെ മതേതരവാദിയായ നേതാവ് എന്നു കൂടി പി തോമസിനെ കുറിച്ച് പറയണം. ജാതിയുടെ വേലിക്കെട്ടിൽ കുരുങ്ങി കിടക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. പ്രണയ വിവാഹമായിരുന്നു അദ്ദേഹത്തിൻേത്. അത് ജാതിയുടെ അതിർവരമ്പുകൾ ഭേദിക്കുന്നതുമായിരുന്നു.
തൊടുപുഴയിൽ കർഷക കുടുംബത്തിൽ ജനിച്ച് കോൺഗ്രസ് പാർട്ടിയുടെ നേതൃനിരയിലേക്ക് ഉയർന്നു വന്ന പിടി കോൺഗ്രസിലെ ഒറ്റയാനായിരുന്നു എന്നു തന്നെ പറയണം. എ ഗ്രൂപ്പു നേതാവായിരുന്നെങ്കിലും പിന്നീട് ഗ്രൂപ്പിന് അതീതനായ നേതാവായി മാറിയിരുന്നു അദ്ദേഹം. താഴെത്തട്ടിലെ പ്രവർത്തകരുമായി സാധാരണക്കാരുമായും അടുത്ത ബന്ധം പിടി പുലർത്തി. ഏത് നേരത്തും അണികളുടെ ഏത് ആവശ്യത്തിനും സമീപിക്കാൻ സാധിക്കുന്ന പ്രിയങ്കരനായ നേതാവ് എന്ന നിലയിലാണ് പിടിയെ അണികൾ ചേർത്തു പിടിച്ചത്.
മഹാരാജാസ് കോളേജിലെ കെഎസ്.യുവിന്റെ നേതാവായി ഉയർന്നുവന്ന പിടി ക്യാംപസ് കാലം മുതൽ തന്നെ ഒരു ഫൈറ്ററായിരുന്നു. ഇടുക്കി എംപിയായിരുന്ന കാലത്ത് കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ പേരിൽ സഭയുമായി പിടി തോമസ് നേരിട്ട് ഏറ്റുമുട്ടി. ക്രൈസ്തവസഭകളിൽ നിന്നും കടുത്ത പ്രതിഷേധം അദ്ദേഹത്തിന് നേരെയുണ്ടായതോടെ ഇടുക്കി സീറ്റിൽ നിന്നും പാർട്ടി നേതൃത്വത്തിന് അദ്ദേഹത്തെ മാറ്റി നിർത്തേണ്ടി വന്നു. എന്നാൽ വോട്ടുബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി ആരെയും പ്രീണിപ്പിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല.
രാജാവ് നഗ്നനാണ് എന്നു മുഖത്തു നോക്കി പറയാൻ മടിക്കാത്ത നേതാവായിരുന്നു പി ടി തോമസ്. നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി പി.ടിയെ പോലെ ഏറ്റുമുട്ടിയ മറ്റൊരു നേതാവില്ല. സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ വിവിധ ആരോപണങ്ങളുമായി പിടി എത്തിയപ്പോൾ പിണറായി വിജയനും പിടിയും തമ്മിലുള്ള കടുത്ത വാക്ക്പ്പോരുകൾക്ക് പലവട്ടം സഭ സാക്ഷിയായിട്ടുണ്ട്. ഏറ്റവും ഒടുവിൽ മരം മുറി വിഷയത്തിൽ പോലും പി ടി തോമസായിരുന്നു സർക്കാറിനെ പ്രതിരോധത്തിലായിരുന്നത്. കിറ്റെക്സ് കമ്പനിയുടെ പ്രവർത്തനം കടമ്പ്രയാർ മലിനപ്പെടുത്തിയെന്ന തോമസിന്റെ ആരോപണവും തുടർന്നുണ്ടായ വിവാദങ്ങളും വാർത്തകളിൽ നിറഞ്ഞിരുന്നു.
പിടി തോമസിന് അർബുദമായിരുന്നുവെന്ന കാര്യം പാർട്ടിയിലെ സഹപ്രവർത്തകർക്കെല്ലാം അറിയാമായിരുന്നു. എന്നാൽ അദ്ദേഹം തിരിച്ചു വരും എന്നായിരുന്നു എല്ലാവരുടേയും ധാരണ. കാരണം അത്രയും വലിയ ഫൈറ്ററായിരുന്നു അദ്ദേഹം എന്നാണ് വ്യക്തമാകുക. അദ്ദേഹവും ആ ആത്മവിശ്വാസമാണ് എല്ലാവരുമായി പങ്കുവച്ചതും. ആരോഗ്യപരമായ ചില പ്രശ്നങ്ങളാൽ അദ്ദേഹത്തിന് കീമോതെറാപ്പി നടത്താൻ ചില ബുദ്ധിമുട്ടുകളുണ്ടായിരുന്നു.
ഇതല്ലാതെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ പിടിക്ക് ഉണ്ടായിരുന്നതായി സഹപ്രവർത്തകർക്കും അറിയില്ല. പാർട്ടി തന്നെ ഇടപെട്ട് അദ്ദേഹത്തിന്റെ തുടർചികിത്സയിൽ അമേരിക്കയിൽ നിന്നുള്ള ഡോക്ടർമാരിൽ നിന്നടക്കം വിവരങ്ങൾ തേടിയിരുന്നു. ഇതിനിടെയാണ് തീർത്തും അപ്രതീക്ഷിതമായുള്ള പിടിയുടെ വിയോഗം. കോൺഗസിനെ സംബന്ധിച്ചത്തോളം തീർത്തും നഷ്ടമാണ് പി ടി തോമസിന്റെ വിയോഗം.
ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പുതിയപറമ്പിൽ തോമസിന്റെയും അന്നമ്മയുടെയും ' മകനായി 1950 ഡിസംബർ 12 നാണ് പി ടി തോമസ് ജനിച്ചത്. തൊടുപുഴ ന്യൂമാൻ കോളജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ്, എറണാകുളം മഹാരാജാസ് കോളജ്, എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1991, 2001 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തൊടുപുഴയിൽനിന്നും 2016 ലും 2021 ലും തൃക്കാക്കരയിൽനിന്നും ജയിച്ചു.
2009 ൽ ഇടുക്കി ലോക്സഭാ മണ്ഡലത്തിൽനിന്നു ജയിച്ച് എംപിയായി. 1996, 2006 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തൊടുപുഴയിൽ പി.ജെ.ജോസഫിനോട് പരാജയപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ