- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെക്നോപാർക്കിലെ ഡേറ്റ എൻട്രി ഓപ്പറേറ്റർ സീരിയലിൽ എത്തിയത് അപ്രതീക്ഷിതമായി; മിന്നുകെട്ട് സീരിയലിന്റെ ലൊക്കേഷനിൽ ചിത്രീകരണം കാണാൻ എത്തിയത് വഴിത്തിരിവായി; ഒരു അഭിനേതാവിന്റെ അസാന്നിദ്ധ്യത്തിൽ പകരക്കാരനായി വേഷം ചെയ്തു സീരിയൽ ജീവിതം തുടങ്ങി; സ്വാമി അയ്യപ്പനിൽ വാവരുടെ വേഷം ചെയ്തു കുടുംബ പ്രേക്ഷകരുടെ മനം കവർന്നു; പ്രണയിച്ച് വിവാഹം കഴിച്ച ശബരീനാഥിന് രണ്ട് മക്കൾ; നടൻ ശബരിനാഥിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ സുഹൃത്തുക്കൾ
തിരുവനന്തപുരം: മലയാളം സീരിയൽ ആരാധകരുടെ മനംകവർന്ന വ്യക്തിയായിരുന്നു ഇന്നലെ വിട വാങ്ങിയ സീരിയൽ നടൻ ശബരീനാഥ്. ശബരിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടൽ സീരിയൽ രംഗത്തെ സുഹൃത്തുക്കൾക്ക് ഇനിയും മാറിയിട്ടില്ല. ഒരിക്കലും നടൻ ആകണം എന്നു കരുതിയ വ്യക്തിയായിരുന്നില്ല അദ്ദേഹം. എന്നിട്ടും ഒരു നിയോഗം പോലെ കുടുംബ പ്രേക്ഷകരുടെ മനം കവരുന്ന നടനായി അദ്ദേഹം മാറി. ടെക്നോ പാർക്കിലെ ഡേറ്റാ എൻട്രി ഓപ്പറേറ്റർ സ്ഥാപനത്തിൽ ജോലി നോക്കിയിരുന്ന ശബരി ആക്സമികമായാണ് സീരിയലിൽ എത്തിയത്.
കുടുംബ പ്രേക്ഷകർ ഓർത്തുവെക്കുന്ന ഒരുപിടി നല്ല വേഷങ്ങൾ അദ്ദേഹം ചെയ്തിരുന്നു. നിലവിളക്കിലെ ആദിത്യനെയും അമലയിലെ ദേവനെയും സ്വാമി അയ്യപ്പനിലെ വാവരെയും മലയാളി പ്രേക്ഷകർ മറന്നിരിക്കില്ല. തീർത്തും അപ്രതീക്ഷിതമായാണ് ശബരീനാഥ് സീരിയൽ രംഗത്തേക്കെത്തുന്നത്. മിന്നുകെട്ട് സീരിയലിന്റെ ലൊക്കേഷനിൽ ചിത്രീകരണം കാണാനെത്തിയതാണ് ശബരിനാഥിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. ഒരു അഭിനേതാവിന്റെ അസാന്നിദ്ധ്യത്തിൽ പകരക്കാരനാകുകയായിരുന്നു. ഈ പ്രകടനം ശ്രദ്ധേയമായതോടെ തുടർന്നും അവസരങ്ങൾ തേടിയെത്തി.
മിന്നുകെട്ടിൽ തുടങ്ങി, നിലവിളക്ക്, അമല, പ്രണയം, സ്വാമി അയ്യപ്പൻ, പാടാത്തപൈങ്കിളി തുടങ്ങി നിരവധി സീരിയലുകളിൽ അദ്ദേഹം അഭിനയിച്ചു. തിരുവനന്തപുരം അരുവിക്കരയിലാണ് ശബരീനാഥ് ജനിച്ചത്. സീരിയൽ തനിക്ക് നല്ല സുഹൃത്തുക്കളെ തന്നുവെന്ന് പറയാറുള്ള ശബരീനാഥ് എപ്പോഴും സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തിയായിരുന്നു. അഭിനയത്തിന്റെ ഇടവേളകളിൽ സുഹൃത്തുക്കൾക്കൊപ്പം യാത്രപോകാൻ ഇഷ്ടപ്പെട്ടിരുന്ന ശബരീനാഥിന്റെ പ്രിയപ്പെട്ട സ്ഥലങ്ങളും കടലുകളും കായലുകളുമായിരുന്നു.
ഒരു മുഴുനീള വക്കീൽ വേഷം അഭിനയിക്കണമെന്ന ആഗ്രഹം എപ്പോഴും മനസ്സിൽ സൂക്ഷിച്ചിരുന്ന ശബരീനാഥ് തനിക്ക് ലഭിച്ച നായക, പ്രതിനായക വേഷങ്ങൾ തന്മയത്വത്തോടെ അഭിനയിച്ചു. അഭിനയമല്ലായിരുന്നെങ്കിൽ താനൊരു കംപ്യൂട്ടർ എക്സ്പേർട്ട് ആകുമായിരുന്നെന്ന് ഒരു അഭിമുഖത്തിൽ ശബരീനാഥ് പറഞ്ഞിരുന്നു. തിരുവനന്തപുരത്തെ ടെക്നോപാർക്കിൽ ഒരു ഡേറ്റ എൻട്രി സ്ഥാപനത്തിലാണ് സീരിയലിലെ്ത്തുമുമ്പ് അദ്ദേഹം ജോലി ചെയ്തിരുന്നത്.
ബാറ്റ്മിന്റണും കളിക്കാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന ശബരീനാഥ് സ്റ്റേറ്റ് ലെവൽ മത്സരങ്ങളിലും പങ്കെടുത്തിരുന്നു. മാഹാത്മാഗാന്ധി കോളേജിലാണ് അദ്ദേഹം കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പ്രണയിച്ച് വിവാഹം കഴിച്ച ശബരീനാഥിന് രണ്ട് മക്കളാണ്. സ്വാമി അയ്യപ്പനിലൂടെ വാവരായി എത്തിയ കുടുംബ പ്രേക്ഷകരുടെ മനം കവർന്ന അദ്ദേഹം ആരാധകരെ ഞെട്ടിച്ചുകൊണ്ട് അപ്രതീക്ഷിതമായി തന്നെയാണ് ജീവിതത്തിൽ നിന്നും വിടവാങ്ങിയത്. ഹൃദയാഘാതത്തെത്തുടർന്ന് ഇന്ന് വൈകീട്ടോടെയാണ് ശബരീനാഥിന്റെ മരണം. 43 വയസ്സായിരുന്നു.
അരുവിക്കരയിലെ വീടിന് സമീപം ഷട്ടിൽ കളിക്കുന്നതിനിടയിലാണ് നടന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കുഴഞ്ഞു വീഴുകയായിരുന്നു.മൂക്കിൽനിന്നും ചോര വാർന്ന ഇദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. ശബരിനാഥ് തന്റെ സീരിയൽ വിശേഷങ്ങളും വാഹനത്തോടുള്ള ഭ്രമവുമൊക്കെ തുറന്ന് സംസാരിക്കാറുണ്ടായിരുന്നു. പാടാത്ത പൈങ്കിളി എന്ന സീരിയലിലാണ് ഒടുവിലായി ശബരിനാഥ് അഭിനയിച്ചു വന്നിരുന്നത്. പ്രിയനടന്റെ വിയോഗ വാർത്തയിൽ നിരവധി സിനിമാ സീരിയൽ താരങ്ങളാണ് അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. സീരിയൽ താരങ്ങളുടെ സംഘടന ആത്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു.
അച്ഛൻ: പരേതനായ ജി.രവീന്ദ്രൻനായർ, അമ്മ: പി.തങ്കമണി. ഭാര്യ: ശാന്തി (ചൊവ്വര കിങ് ശിവ ആയുർവേദ സെന്റർ). മക്കൾ : ഭാഗ്യ.എസ്.നാഥ്, ഭൂമിക .എസ്. നാഥ്. ആത്മ സെക്രട്ടറി ദിനേശ് പണിക്കർ, താരങ്ങളായ കിഷോർ സത്യ, സാജൻ സൂര്യ, ഫസൽ റാഫി, ഉമാനായർ, ശരത്ത് തുടങ്ങിയവർ ആശുപത്രിയിൽ എത്തി.
മറുനാടന് മലയാളി ബ്യൂറോ