- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രീയ വിമർശനങ്ങൾ ഐ.വി ശശി കൈകാര്യം ചെയ്തതുപോലെ മറ്റൊരു സംവിധായകനും മലയാള സിനിമയിൽ ചെയ്തിട്ടില്ല; 'മൾട്ടി സ്റ്റാർ' ചിത്രങ്ങളായിരുന്നു ഓരോ ഐ.വി ശശി ചിത്രവും; കരുത്തും കാമ്പുമുള്ള സ്ത്രീ കഥാപാത്രങ്ങളെ സമ്മാനിച്ച് സംവിധായകൻ: വിട പറഞ്ഞ ഐ വി ശശിയെ അനുസ്മരിച്ച് അനു പാപ്പച്ചൻ എഴുതുന്നു
'The movie is not only a supreme expression of mechanism,but paradoxically it offers as product the most magical of consumer commodities,namely dreams.It is therefore,not accidental that the movie has excelled as a medium that offers avarice' - Marshall Mc Luhan (Understanding media ) ഐ.വി. ശശി അരങ്ങൊഴിഞ്ഞു. ജീവിതത്തിന്റെ ഭൂരിഭാഗവും അണിയറയിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.ചിത്രകല പഠിച്ച്, കോടമ്പാക്കത്ത് ഭാഗ്യാന്വേഷിയായി എത്തി, പിന്നീട് എ.ബി രാജ് എന്ന ഹിറ്റ് മേക്കറുടെ കലാസംവിധായകനായി തുടങ്ങി ,പില്ക്കാലത്ത് ജനപ്രിയ സിനിമയിലെ ഏറ്റവും താരത്തിളക്കമുള്ള പേരായി ഈ കോഴിക്കോട്ടുകാരന്റേത്. 1975 ലാണ് പ്രേംനസീറില്ലാത്ത ഒരു സിനിമയും സൂപ്പർ ഹിറ്റാക്കാം എന്നു തെളിയിച്ചു കൊണ്ട് ഐ.വി ശശി 'ഉത്സവ'വുമായി എത്തുന്നത്.ആദ്യ ചിത്രത്തിൽ തന്നെ നാട്ടിൻ പുറത്തിന്റെ പരുക്കൻ ജീവിതവും അതിനിടയിൽ ശുദ്ധജലത്തിനു വേണ്ടിയുള്ള ജനകീയ പ്രക്ഷോഭവും ഉൾക്കൊണ്ടിരുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. പിന്നീട് രാഷ്ട്രീയ പ്രക്ഷോഭ / പ്രചരണ
'The movie is not only a supreme expression of mechanism,but paradoxically it offers as product the most magical of consumer commodities,namely dreams.It is therefore,not accidental that the movie has excelled as a medium that offers avarice' - Marshall Mc Luhan (Understanding media )
ഐ.വി. ശശി അരങ്ങൊഴിഞ്ഞു. ജീവിതത്തിന്റെ ഭൂരിഭാഗവും അണിയറയിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.ചിത്രകല പഠിച്ച്, കോടമ്പാക്കത്ത് ഭാഗ്യാന്വേഷിയായി എത്തി, പിന്നീട് എ.ബി രാജ് എന്ന ഹിറ്റ് മേക്കറുടെ കലാസംവിധായകനായി തുടങ്ങി ,പില്ക്കാലത്ത് ജനപ്രിയ സിനിമയിലെ ഏറ്റവും താരത്തിളക്കമുള്ള പേരായി ഈ കോഴിക്കോട്ടുകാരന്റേത്. 1975 ലാണ് പ്രേംനസീറില്ലാത്ത ഒരു സിനിമയും സൂപ്പർ ഹിറ്റാക്കാം എന്നു തെളിയിച്ചു കൊണ്ട് ഐ.വി ശശി 'ഉത്സവ'വുമായി എത്തുന്നത്.ആദ്യ ചിത്രത്തിൽ തന്നെ നാട്ടിൻ പുറത്തിന്റെ പരുക്കൻ ജീവിതവും അതിനിടയിൽ ശുദ്ധജലത്തിനു വേണ്ടിയുള്ള ജനകീയ പ്രക്ഷോഭവും ഉൾക്കൊണ്ടിരുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്.
പിന്നീട് രാഷ്ട്രീയ പ്രക്ഷോഭ / പ്രചരണ/ വിമർശനങ്ങൾ ഐ.വി ശശി കൈകാര്യം ചെയ്തതുപോലെ മറ്റൊരു സംവിധായകനും മലയാള സിനിമയിൽ കൈകാര്യം ചെയ്തിട്ടില്ല. 'മൾട്ടി സ്റ്റാർ' ചിത്രങ്ങളെന്നു വിശേഷിപ്പിക്കാവും വിധം താരനിബിഡമായിരുന്നു, ഓരോ ഐ.വി ശശി ചിത്രവും. താരങ്ങളുടെ മാർക്കറ്റ് കണ്ടുള്ള പടം പിടിത്തമായിരുന്നില്ല അത്. ശശിയുടെ ചിത്രങ്ങളിലൂടെ അവരോരുത്തരും താര പകിട്ടിലേക്ക് / പ്രരൂപത്തിലേക്ക് എത്തുകയായിരുന്നു എന്നതാണ് വാസ്തവവും.ഹിറ്റുകൾക്ക് മേൽ ഹിറ്റുകളുണ്ടാവുകയും സിനിമ വാണിജ്യ ലാഭം കൊയ്യാനുള്ള വ്യവസായമായി മാറുകയും ചുവടുറപ്പിക്കുകയും ചെയ്ത എൺപതുകളിലാണ് ഐ.വിശശി കൂടുതലും സിനിമകളൊരുക്കിയത്.
തൊഴിലാളി / മുതലാളി സംഘർഷത്തിലൂന്നിയ നിരവധി സന്ദർഭങ്ങൾ ഐ.വി.ശശി - ടി.ദാമോദരൻ കൂട്ടുകെട്ടിൽ പിറന്നു. അങ്ങാടി, അടിമകൾ ഉടമകൾ, അടിയൊഴുക്കുകൾ, വാർത്ത ,ഈ നാട് തുടങ്ങിയ ചിത്രങ്ങളിലെല്ലാം കേരളത്തിലെ പല മേഖലകളിലെ തൊഴിലാളികളുടെ ജീവിതവും ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ കഴിവും / കുറ്റവും ഇഴകീറി ,ചിലപ്പോഴൊക്കെ ശക്തമായ ഭാഷയിൽ പരിശോധിക്കുന്നത് കാണാം. ഈ രാഷ്ട്രീയം സാധാരണക്കാരന്റെ ജീവിതവുമായി ബന്ധപ്പെട്ടതായിരുന്നു. അവന് മനസ്സിലാവുന്ന രീതിയിലായിരുന്നു.അവന്റെ തന്നെ ചോദ്യങ്ങളുടെ ആവർത്തനമായിരുന്നു. പകലന്തിയോളം പലവിധ തൊഴിലുകൾ ചെയ്ത് ,അതിന്റെ പങ്കിലൊന്ന് സിനിമയ്ക്കായി ചിലവഴിച്ച സാധാരണ മനുഷ്യർക്ക് മുന്നിൽ അവരുടെ അഭിരുചികളുടെ പ്രക്ഷുബ്ധതകളുടെ ചിത്രങ്ങളൊരുക്കി ഐ.വി ശശി - ടി.ദാമോദരൻ കൂട്ടുകെട്ട്. സാധാരണക്കാരായ പ്രേക്ഷകന്റെ സംതൃപ്തിയെ ലക്ഷ്യമാക്കി എന്നതുകൊണ്ടു മാത്രമാണ് അക്കാദമിക് നിരൂപകരിൽ നിന്ന് ഐ.വി ശശിക്ക് വേണ്ടത്ര പ്രോത്സാഹനം കിട്ടാതെ പോയത്. വൈകാരികതതയുടെ ചൂടും ചൂരും ചേർന്നതായിരുന്നു ഐ.വിശശിയുടെ ദൃശ്യഭാഷ.'മൃഗയ'യിൽ ലോഹിതദാസ് - ഐ.വി ശശി കൊണ്ടുവന്ന വനത്തിലെ കഠിന ജീവിതക്കാഴ്ചകൾ, അതിജീവന മത്സരങ്ങൾ എത്ര സാങ്കേതിക പൊലിമയുണ്ടെങ്കിലും പുലിമുരുകനിൽ ഇല്ലെന്ന് നാമോർക്കണം.
70കളിൽ ബോളിവുഡ് അമിതാബ് ബച്ചനിൽ ആരോപിച്ച' ക്ഷുഭിത യൗവ്വന'കല്പനയെ തന്റെ നിരവധി കഥാപാത്രങ്ങളിലേക്ക് / താരങ്ങളിലേക്ക് ഐ.വി ശശി പകർന്നിട്ടുള്ളത് കാണാം. ഏക നായക സങ്കല്പത്തിൽ നിന്ന് ബഹുനായകത്വത്തിലേക്ക്, പ്രാധാന്യമേറിയ സ്ത്രീ കഥാപാത്രങ്ങളുൾപടെ ,ഈ രോഷം / പ്രതിഷേധം പടരുന്ന രീതിയിലാണ് ശശിയുടെ ആഖ്യാനരീതി. ഈ ചിത്രങ്ങളെ ജനങ്ങൾ നെഞ്ചോട് ചേർത്തപ്പോഴാണ് താരപ്രഭാവങ്ങൾക്കപ്പുറത്ത് സംവിധായകൻ കൈയടി നേടുന്ന സിനിമകളുണ്ടായത്. ഇന്നത്തെ പോലെ ലോകസിനിമകൾ വിരൽത്തുമ്പിൽ ലഭ്യമായ ,വലിയ രീതിയിൽ സിനിമാ സാക്ഷരത നേടി ,ഏത് ചിത്രത്തിനും മാർക്കിടാനായി എത്തുന്ന പ്രേക്ഷകരല്ല അന്ന്. ആനന്ദം /ആസ്വാദനം എന്ന അനുഭവത്തിനായ് മാത്രം എത്തുന്ന സാധാരണക്കാരിലേക്ക്, ജനപ്രിയ അംശങ്ങൾക്കൊപ്പം സാമൂഹ്യബോധ ജാഗ്രതകൂടി പകർന്നു നല്കി ഈ ചിത്രങ്ങൾ എന്നത് മറന്നു കൂടാ.
പിരിമുറുക്കം നിറഞ്ഞ അന്തരീക്ഷം, ചടുലമായ ആഖ്യാനം, കുറിക്കുകൊള്ളുന്ന സംഭാഷണങ്ങൾ, കഥാപാത്രങ്ങൾ തമ്മിലുള്ള സംഘർഷം, രതിയുടെ പാപബോധമില്ലാത്ത ചിത്രണം, ആണിനൊപ്പം നില്ക്കുന്ന പെൺ കഥാപാത്രങ്ങൾ എന്നിങ്ങനെ വാണിജ്യ സിനിമാക്കൂട്ടുകൾക്കിടയിലും ഐ .വി.ശശിയുടെ സിനിമകളിൽ തെളിഞ്ഞു നില്ക്കുന്ന ഐഡൻഡിറ്റികൾ പലതുണ്ട്. രാഷ്ടീയം വളച്ചുകെട്ടില്ലാതെ ഉറക്കെ പറയുന്നവരാണ് ഐ.വി ശശി കഥാപാത്രങ്ങൾ.ഈ വിമർശനം ഒരു വീണ്ടുവിചാര സൂചിക കൂടിയാണ്. തെറ്റുതിരുത്താനുതകുന്നതുകൊണ്ട് പുരോഗമന പരവുമാണ്.ഐ .വി ശശി ചിത്രങ്ങളിലെ ജനനേതാക്കൾ / തൊഴിലാളികൾ എന്നിവർ ആർജവവും കരുത്തുമുള്ളവരാണ്. കോമാളികളല്ല.പലപ്പോഴും ശ്രീനിവാസൻ സിനിമകളിൽ വിമർശനമെന്ന പേരിൽ ചേർക്കുന്ന പരിഹാസത്തേക്കാൾ (ഇത് വിശദമായി പിന്നീടെഴുതാനുദ്ദേശിക്കുന്നുണ്ട് ) ആത്മാർത്ഥതയുള്ളതുമാണ്.
ശക്തമായ കഥാപാത്രസൃഷ്ടിയാണ് മിക്കവാറും ഐ.വിശശി ചിത്രങ്ങളിലേത്.എഴുത്തുകാർ ആരുമാകട്ടെ ശശി എന്ന സംവിധായകന്റെ കൂടെ പ്രവർത്തിക്കുമ്പോൾ ഒന്നിനൊന്ന് വ്യത്യസ്തമായ സിനിമകൾ പിറക്കുന്നു. എഴുത്തുകാരന്റെ സംവിധായകനാണ് ഐ.വി.ശശി. ഭേദപ്പെട്ട ഒരു സ്‌ക്രിപ്റ്റിൽ നിന്ന് മികച്ച മാസ് സിനിമയൊരുക്കാനുള്ള ക്രാഫ്റ്റ് ഐ.വി ശശിക്ക് പ്രത്യേകമായി ഉണ്ടായിരുന്നു. പൊലീസ്, അബ്കാരി, ഉദ്യോഗസ്ഥവൃന്ദം, മന്ത്രിമാർ, നേതാക്കൾ, അധികാര ദല്ലാളുമാർ തുടങ്ങിയവരുടെ ആവർത്തനം ശശി ചിത്രങ്ങളിൽ കാണാം. അതേ സമയം സാധാരണക്കാരായ, പരുക്കൻ മട്ടുള്ള നാട്ടു മനുഷ്യരുടെ നിരയും. അധ്വാനവർഗത്തിന്റെ ജീവിതത്തുടിപ്പും ജാതിമത ഭേദമന്യേയുള്ള ജീവിതരസങ്ങളും ശശിയുടെ ചിത്രങ്ങളിൽ തുളുമ്പിനില്ക്കുന്നു.
സമര / പ്രക്ഷോഭത്തിന്റെ തീക്ഷ്ണത / ഉശിര്, ലാത്തി ചാർജ്, ആൾക്കൂട്ടം തുടങ്ങിയ ജനനിബിഡ / ക്രമ രാഹിത്യ രംഗങ്ങൾ അതിന്റെ ചടുലതാളത്തിൽ ഐ.വി ശശി തിരശീലയിൽ കാട്ടിത്തന്നത് പിന്നീട് പലകുറി മലയാള സിനിമ അനുകരിച്ചിട്ടുണ്ട്.കെ.നാരായണൻ എന്ന ചിത്രസംയോജകനും ഏത് ആൾക്കൂട്ടത്തിലേക്കും ക്യാമറയുമേന്തി ചാടിച്ചെല്ലുന്ന ഛായാഗ്രാഹകരും ഐ.വി ശശിയുടെ ജനപ്രിയ സിനിമകളുടെ നട്ടെല്ലാണ്. ഐ.വി ശശി എന്ന പേര് കേൾക്കുമ്പോൾ മനുഷ്യർ നിറഞ്ഞ ഒരു സിനിമ / ആദ്യന്തം ചലന പ്രധാനമായ ഒരു സിനിമ എന്നത് മിനിമം ഗ്യാരന്റിയായി കാണുന്ന പ്രേക്ഷകരുണ്ട്. എന്നാൽ സൂക്ഷ്മമായി ഒരു പ്രത്യേകശൈലിയിൽ ഒതുങ്ങുന്ന സംവിധായകനല്ല ഐ.വിശശി എന്ന് കാണാം.കെ.പി ഉമ്മർ, എം.ജി സോമൻ, ബാലൻ കെ.നായർ, ജയൻ, രതീഷ്, മമ്മൂട്ടി, മോഹൻലാൽ, ലാലു അലക്‌സ്, ജയഭാരതി, ശ്രീവിദ്യ,ഉർവശി, ശോഭന ,രേവതി( ലിസ്റ്റ് അപൂർണം) തുടങ്ങിയ മുൻനിര താരങ്ങളുടെ കരിയറിൽ വഴിത്തിരിവുണ്ടാക്കിയ ചിത്രങ്ങൾ ചെയ്യുമ്പോൾ തന്നെ പ്രമേയങ്ങളിലെ വ്യത്യസ്തതയിൽ ഐ. വി ശശി തന്റെ സമകാലീനരേക്കാൾ മുന്നിലാണെന്ന് കാണാം.
എം ടിക്ക് ഒപ്പം ചെയ്ത ആൾക്കൂട്ടത്തിൽ തനിയെ, ഉയരങ്ങളിൽ, മിഥ്യ ,അക്ഷരങ്ങൾ എന്നിവ തമ്മിൽ തന്നെ അന്തരമുണ്ട്. പത്മരാജന്റെ രചനയിൽ പിറന്ന കരിമ്പിൻ പൂവിനക്കരെ പൂർണമായും ഐ.വിശശിയുടെ ചിത്രമാവുന്നു.വാടകയ്ക്ക് ഒരു ഹൃദയം ഇതേ കൂട്ടുകെട്ടിന്റെ മറ്റൊരു ശില്പം. ലോഹിതദാസിനൊപ്പം മുക്തി, മൃഗയ രണ്ടും രണ്ട്. ജോൺ പോളിന്റെ ഇണ, രഞ്ജിത്തിനൊപ്പം ദേവാസുരം അങ്ങനെ എഴുത്തിന്റെ കാതലിൽ പിടിക്കാനറിയുന്ന തച്ചന്റെ കൈത്തഴക്കമുണ്ട് ഓരോ ഐ .വി ശശി ചിത്രത്തിലും.
'അവളുടെ രാവുകൾ' എന്ന ചിത്രം 1978 ലാണ് പ്രദർശനത്തിലെത്തുന്നത്.ഷെറീഫിന്റെ എഴുത്തിൽ മലയാള സിനിമ അന്നുവരെ കണ്ടിട്ടില്ലാത്ത 'രാജി'യായി സീമ എത്തിയ ചിത്രം മലയാളത്തിലെ ആദ്യത്തെ 'അ' സർട്ടിഫിക്കറ്റ് ചിത്രം കൂടിയായി. പലരുടെ കൂടെ കിടക്ക പങ്കിടേണ്ടി വന്ന, സാഹചര്യങ്ങൾ അങ്ങനെയാക്കി തീർത്ത രാജിയെ ഐ.വി ശശി കാണിച്ചുതരുന്നത് പ്രേക്ഷകരുടെ രതികല്പനകളെ സുഖിപ്പിക്കുന്ന രീതിയിലല്ല എന്നത് ശ്രദ്ധേയമാണ്.
അർദ്ധനഗ്‌നയായ / അപ്‌സരസുന്ദരി സമാനയായ ഒരു പെണ്ണിനെ,കടൽ തീരത്തിന്റെ പശ്ചാത്തലത്തിൽ ഒരു സംഘം ആണുങ്ങൾ ചാട്ടവാർ കൊണ്ടടിക്കുന്ന സ്വപ്ന ദൃശ്യത്തിൽ നിന്ന് ഒരു പുരുഷനൊപ്പം രാത്രി ശയിച്ച രാജിയിലേക്കാണ് ശശി കട്ട് ചെയ്യുന്നത്. അവളുടെ പുറംഭാഗം നഗ്‌നമായ രീതിയിൽ തന്നെ കാണിച്ചിരിക്കുന്നു. വളരെ സ്വാഭാവികതയോടെ രാജി എണീറ്റ് വസ്ത്രം ധരിക്കുന്നു. ചിത്രകല പഠിച്ച, സൗന്ദര്യോ പാസകന്റെ കണ്ണിലൂടെ കാണുന്ന, മോഹിപ്പിക്കുന്ന സ്ത്രീരൂപമായല്ല ഈ രംഗത്തിൽ വിപിൻദാസിന്റെ ക്യാമറയെ ഐ.വി ശശി പ്രതിഷ്ഠിക്കുന്നത്. അവളുടെ രാവുകളിൽ പ്രവൃത്തിയിലും സംഭാഷണത്തിലും നേരും ഉറപ്പുമുള്ള പെൺ കഥാപാത്രമായി രാജി നിറഞ്ഞു നില്ക്കുന്നു. പതിതയെന്ന് സമൂഹം പറയുന്ന ഈ സ്ത്രീയെ കുടുംബത്തിലേക്ക്, മകന്റെ ഭാര്യയായി ഒരമ്മ ക്ഷണിക്കുന്നതും ഒട്ടും പാപബോധമില്ലാതെ രാജി ആ ക്ഷണം സ്വീകരിക്കുന്നതും മലയാള സിനിമ ചരിത്രത്തിലെ ഒരപൂർവ്വ നിമിഷമാണ്.
പക്ഷേ എഴുത്തുകാർക്ക് ദിശതെറ്റുമ്പോൾ, പ്രതിലോമ / സ്ത്രീവിരുദ്ധത കടന്നു വരുമ്പോൾ ഐ.വിശശി ചിത്രത്തിലും അത് അതിന്റെ ആഴത്തിൽ നിഴലിക്കും എന്ന് പറയാതെ വയ്യ. ബ്ലൂലഗൂൺ എന്ന ചിത്രത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട 'ഇണ', കരിമ്പന, ഞാൻ ഞാൻ മാത്രം തുടങ്ങിയ ചിത്രങ്ങളിൽ ആൺ കാഴ്ചാഭിരുചിയെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ സ്ത്രീകളെ കാണിക്കാനും ഐ.വി ശശി മടിച്ചിട്ടില്ല. പ്രതിനായക ഇമേജുള്ള നായക കഥാപാത്രങ്ങൾക്ക് വലിയ സ്വീകാര്യത ഐ.വി ശശി ചിത്രങ്ങൾ നേടിക്കൊടുത്തിട്ടുണ്ട്. കരിയറിന്റെ അവസാന കാലത്ത് ചെയ്ത 'ദേവാസുരം' തന്നെ ഏറ്റവും നല്ല ഉദാഹരണം. രണ്ടായിരത്തോടെ തീർത്തും താരകേന്ദ്രീകൃത സിനിമാ നിർമ്മാണ കാലാവസ്ഥയിൽ ,സിനിമയുടെ പരിവർത്തന കാലഘട്ടത്തിൽ ഐ.വി ശശിക്കും കാലിടറി.ഇൻപെക്ടർ ബൽറാമിന് ഒരുക്കിയ രണ്ടാം ഭാഗം പരാജയമായി.
കോടമ്പാക്കത്തെ നിരവധി പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട്, സാധാരണ ജനങ്ങൾക്ക് വേണ്ടി സിനിമയെടുത്ത ഐ.വി ശശി എന്ന മാസ്റ്റർക്രാഫ്റ്റ്‌സ്മാന് സല്യൂട്ട്.