പത്തനംതിട്ട: വഴിയരികിലും കടത്തിണ്ണകളിലും കിടന്നുറങ്ങുന്നവരെ തലയ്ക്ക് ചുറ്റികയും കരിങ്കല്ലും കൊണ്ട് അടിച്ചു കൊല്ലുന്ന റിപ്പറെ കുറിച്ച് പത്തനംതിട്ട നഗരവാസികൾ കേട്ടിട്ടേയുള്ളൂ. എന്നാൽ, പുതുവർഷപ്പുലരിയിൽ അത്തരത്തിലൊന്ന് അവർ കണ്ടു. കടത്തിണ്ണയിൽ കിടന്നുറങ്ങിയിരുന്ന വയോധികനെ തലയ്ക്ക് കരിങ്കല്ലു കൊണ്ട് ആരോ അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ആറു ദിവസം പിന്നിട്ടിട്ടും കൊലയാളിയെ കുറിച്ച് പൊലീസിന് സൂചനയില്ല. പുതുക്കുളം മുക്കുഴി അഞ്ചു സെന്റ് കോളനിയിൽ ആയിക്കുന്നത്തു വടക്കേതിൽ പൊടിയനാണ് കൊല്ലപ്പെട്ടത്.

പുതുവർഷ ദിനത്തിൽ രാവിലെ കണ്ടെത്തിയത്. മിനി സിവിൽ സ്റ്റേഷനു പിന്നിൽ എവി എസ് എന്റർപ്രൈസസ് സ്ഥാപനത്തിന്റെ വരാന്തയിലാണ് തലയ്ക്കടിയേറ്റു മരിച്ച നിലയിൽ മൃതദേഹം കണ്ടത്. കല്ലുകൊണ്ട് തലയ്ക്ക് ഇടിയേറ്റാണ് മരണമെന്നു കരുതുന്നു. മൃതദേഹത്തിനരികിൽ നിന്ന് വലിയ പാറക്കല്ലും ഒഴിഞ്ഞ മദ്യക്കുപ്പികളും കണ്ടെത്തി. രാവിലെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടത്. പുതുവർഷരാത്രിയിൽ കടത്തിണ്ണയിൽ ഇരുന്നു മദ്യപിച്ച ശേഷം ഒപ്പമുണ്ടായിരുന്നവരുമായി വാക്കുതർക്കം നടന്നിരുന്നതായി പറയുന്നു. തുടർന്നാകണം കൊലപാതകമെന്നു കരുതുന്നു. പൊടിയൻ പത്തുവർഷം മുൻപ് മകൻ ഷാജിയുടെ വിവാഹത്തിനു ശേഷം വീട് വിറ്റ് ചെങ്ങന്നൂരിൽ പോവുകയും പിന്നീട് കോഴഞ്ചേരിയിൽ വാടകയ്ക്ക് താമസിക്കുകയുമായിരുന്നു. അടുത്തിടെ അപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് ചികിത്സ കഴിഞ്ഞ് അമ്പലങ്ങളുടെ സമീപത്തു കഴിയുകയായിരുന്നു.

നഗരത്തിൽ അലഞ്ഞു നടക്കുന്നവരെയാണ് പൊലീസ് ആദ്യം ചോദ്യം ചെയ്തത്. പിന്നീട് സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചു നാലുപേരെ കസ്റ്റഡിയിൽ എടുത്തു. ഇവർക്ക് കൊലപാതകവുമായി ബന്ധമില്ലെന്ന് കണ്ട് വിട്ടയച്ചു. ഇപ്പോഴും രണ്ടു പേർ കസ്റ്റഡിയിലുണ്ട്. ഇവർ പ്രതികളാണെന്ന് ഉറപ്പിക്കാനും പൊലീസിന് കഴിയുന്നില്ല. കോടതികൾ ഉൾപ്പെടുന്ന മിനിസിവിൽ സ്റ്റേഷൻ പരിസരം രാത്രികാലങ്ങളിൽ മദ്യപരുടെയും സാമൂഹിക വിരുദ്ധരുടെയും താവളമാണ്. മദ്യപിച്ചതിന് ശേഷമുള്ള അടിപിടി പതിവാണ്. കോടതിയിലേക്ക് കടക്കുന്ന ഭാഗത്ത് വരെ മദ്യക്കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും നിരന്നു കിടക്കുന്നു. പ്രദേശത്ത് പൊലീസ് കാവൽ ശക്തമാക്കമെന്ന് ജഡ്ജി നേരിട്ട് ജില്ലാ പൊലീസ് മേധാവിയെ അറിയിച്ച് ദിവസങ്ങൾക്കുള്ളിലാണ് കൊലപാതകം നടന്നത്.

അന്വേഷണത്തിൽ കാര്യമായ പുരോഗതി ഇല്ലാത്തത് പൊലീസിനെ വലയ്ക്കുകയാണ്. ഒരാളാണോ ഒന്നിലധികം പേരാണോ കൊലയ്ക്കു പിന്നിലെന്ന കാര്യത്തിലും വ്യക്തതയില്ല.