മുംബൈ: രണ്ടു ദിവസത്തെ അവധിക്ക് ശേഷം ഇന്ത്യൻ ഓഹരി വിപണിയിൽ കുതിപ്പിന്റെ ഒടിവിദ്യ. പുത്തൻ ആഴ്‌ച്ച ആരംഭിച്ചത് വൻ നേട്ടത്തോടെയാണ്. മുംബൈ ഓഹരി സൂചികയായ സെൻസെക്‌സ് ഇന്ന് 310 പോയിന്റ് ഉയർന്ന് 36,268 ൽ വ്യാപാരം തുടരുന്നു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 80 പോയിന്റ് ഉയർന്ന് 10,878 ലാണ് വ്യാപാരം നടത്തുന്നത്.

ടാറ്റാ മോട്ടോഴ്‌സ്, പവർ ഗ്രിഡ് കോർപ്പ്, വേദാന്ത, എൻടിപിസി, ഐസിഐസിഐ എന്നീ ഓഹരികൾ നേട്ടത്തോടെ വ്യാപാരം നടത്തുന്നു. നിഫ്റ്റി 50 ലെ 34 ഓഹരികൾ നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.

വെള്ളിയാഴ്‌ച്ച നടന്ന വ്യാപാരത്തിൽ ഇന്ത്യൻ ഓഹരി വിപണി നേട്ടത്തോടെയാണ് ആരംഭിച്ചത്. സെൻസെക്‌സ് 70 ഉം നിഫ്റ്റി 15 ഉം പോയിന്റും നേട്ടത്തിൽ വെള്ളിയാഴ്‌ച്ചയെത്തിയത് നിക്ഷേപകർക്ക് ആശ്വാസമായിരുന്നു. സെൻസെക്‌സ് ഒരു ഘട്ടത്തിൽ 36000 കടന്നതും ശുഭസൂചനയാണ്.

ഭാരതി എയർടെൽ, യെസ് ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ് എന്നീ ഓഹരികളാണ് ഇന്ന് നേട്ടത്തിൽ വ്യാപാരം നടത്തുന്നത്. ബജാജ് ഓട്ടോ, അദാനി പോർട്ട്‌സ്, മാരുതി സുസുക്കി തുടങ്ങിയ ഓഹരികൾ വെള്ളിയാഴ്‌ച്ച നഷ്ടത്തിലായിരുന്നു. ആഗോള വിപണികളിൽ മിക്കതും ഇന്ന് നഷ്ടത്തിലാണ്. ഡോളറിനെതിരെ 71 രൂപ 72 പൈസയാണ് ഇന്ന് രൂപയുടെ മൂല്യം.