ഒമാൻ: രാജ്യത്ത് ജനുവരി 15 മുതൽ ഇന്ധന വില വർധിക്കും. ഇന്ധന വില വർധിക്കുമ്പോൾ ചരക്കുകൾക്ക് നേരിയ തോതിൽ മാത്രം ചെലവ് വർധിച്ചേക്കാമെന്നാണ് വാണിജ്യകാര്യമന്ത്രി അലി ബിൻ മസൗദ് അൽ സുനെയ്ദി വ്യക്തമാക്കുന്നത്. വർദ്ധനവിനെ മുതലെടുത്ത് റീട്ടെയിലർമാർ ഈടാക്കുന്ന സാധനസേവനങ്ങളുടെ വില വർധന അംഗീകരിക്കാനാവില്ലെന്നും ഇതിനെതിരെ നിർദ്ദേശങ്ങളടങ്ങിയ നോട്ടീസും അധികൃതർ നൽകിക്കഴിഞ്ഞു.

നിലവിൽ ഈടാക്കുന്ന വിലയിൽ തന്നെ ഉറച്ചുനിൽക്കാനും അമിത വില ഈടാക്കരുതെന്നുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. വ്യക്തമായ കാരണങ്ങളില്ലാതെയും മന്ത്രാലയത്തേയും പിഎസിപിയെയും അറിയിക്കാതെ വില വർധന നടത്തരുതെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തിക വാണിജ്യകാര്യമന്ത്രാലയവും പബ്ലിക് അഥോറിറ്റി ഫോർ കൺസ്യൂമർ പ്രൊട്ടക്ഷനുമാണ് ഇതു സംബന്ധിച്ചുള്ള അറിയിപ്പ് നൽകിയിട്ടുള്ളത്. മന്ത്രാലയത്തിന്റെ നോട്ടീസ് മറികടക്കുന്നവർക്ക് 2000 ക്യൂആർവരെയാണ് പിഴ ഈടാക്കാറ്. ഇത് കൂടാതെ വരുമാനത്തിന് മേൽ ലെവിയും ചുമത്താറുണ്ട്.

അതേസമയം, വിലവർധന സംബന്ധിച്ചുള്ള മന്ത്രാലയത്തിന്റെ നോട്ടീസ് ലഭിച്ചതായി റീട്ടെയിലർമാർ വ്യക്തമാക്കി. റീട്ടെയിൽ മേഖലയിൽ ചരക്ക് ഗതാഗതം പ്രധാന ഘടകമായതിനാൽ സാധനങ്ങളുടെ വില നിശ്ചയിക്കുന്നതിൽ ഇന്ധന വില വർധനവിന് പ്രമുഖ സ്ഥാനമാണുള്ളത്. അതുകൊണ്ടുതന്നെ വില നിർണയത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ ഈ വിഷയം അഭിമുഖീകരിക്കേണ്ടി വരുമെന്നും റീട്ടെയിലർമാർ വ്യക്തമാക്കുന്നുണ്ട്. അതേ സമയം ഇന്ധന വിലവർധന നിർമ്മാണമേഖലയിൽ പ്രത്യക്ഷമായേക്കാം.