തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വന്നത് കണ്ടിട്ടും എഴുന്നേൽക്കാത്ത എഡിജിപി ഋഷിരാജ് സിംഗിന്റെ നടപടി ശരിയോ? എഡിജിപിക്ക് മുകളിലാണ് ആഭ്യന്തരമന്ത്രി. അതുകൊണ്ട് ആഭ്യന്തര മന്ത്രി വരുന്നത് കണ്ടാൽ ബഹുമാനപുരസ്‌കരം പൊലീസ് ഉദ്യോഗസ്ഥർ എഴുന്നേൽക്കാറും അഭിവാദ്യം ചെയ്യുകയുമുണ്ട്. ആഭ്യന്തര മന്ത്രിയല്ല ഏത് മന്ത്രി വന്നാലും ഇതൊക്കെ സംഭവിക്കുന്നതാണ് ചരിത്രം. ഇതാണ് പ്രോട്ടോകാൾ ഉയർത്തി ഋഷിരാജ് സിങ് ചെയ്യാതിരുന്നത്. ആഭ്യന്തരമന്ത്രിയോട് പ്രോട്ടോകോൾ ബന്ധമോ ഉള്ളൂവെന്ന് എഡിജിപി പറയുമ്പോൾ അത് പുതിയ ചർച്ചകൾക്കും വഴിവയ്ക്കുകയാണ്. എന്നാൽ വ്യക്തിയെന്ന നിലയിൽ ഋഷിരാജ് സിങ് ചെയ്തത് ശരിയെന്ന അഭിപ്രായമാണ് അദ്ദേഹത്തിന്റെ വിശ്വസ്തർ പങ്കുവയ്ക്കുന്നത്.

സിബിഐയിൽ നിന്ന് ഋഷിരാജ് സിങ് കേരളാ കേഡറിൽ മടങ്ങിയെത്തിയത് ഏറെ പ്രതീക്ഷയോടെയാണ്. സിബിഐയിലെ പ്രവർത്തന പരിചയം കേരളത്തിൽ കുറ്റാന്വേഷണ രംഗത്ത് ഫലപ്രദമായി ഉപയോഗിക്കുകയായിരുന്നു ഉദ്ദേശം. എന്നാൽ അതൊന്നുമല്ല ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നടന്നത്. ആഭ്യന്തരമന്ത്രി വകപ്പ് കൈകാര്യം ചെയ്ത മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പിന്നീട് വകുപ്പ് ഏറ്റെടുത്ത തിരുവഞ്ചൂർ രാധാകൃഷ്ണനും സിങ്കത്തെ കണ്ടില്ലെന്ന് നടിച്ചു. അങ്ങനെയാണ് ആർക്കും വേണ്ടാത്ത ഗതാഗത കമ്മീഷണർ പദവിയിൽ ഋഷിരാജ് സിങ് എത്തിയത്. മുമ്പ് ടി പി സെൻകുമാർ ഗതാഗത കമ്മീഷണറായിരുന്നപ്പോൾ ആ വകുപ്പിന്റെ കരുത്ത് മലയാളി അറിഞ്ഞതാണ്. അതിനുമപ്പുറം കാര്യങ്ങൾ ഗതാഗത വകുപ്പിന് ജനങ്ങൾക്കായി ചെയ്യാനാകുമെന്ന് ഋഷിരാജ് സിങ് തെളിയിച്ചു. ആര്യാടൻ മുഹമ്മദ് ഗതാഗത മന്ത്രിയായിരിക്കെ പലതും നടപ്പാക്കി. പെട്ടെന്നാണ് വകുപ്പ് മാറ്റം വന്നത്. ആര്യാടന് പകരം തിരുവഞ്ചൂർ ഗതാഗത മന്ത്രിയായി.

ഋഷിരാജ് സിംഗിന്റെ പ്രവർത്തനങ്ങളോട് പലപ്പോഴും തിരുവഞ്ചൂരിന് യോജിക്കാനായില്ല. സീറ്റ് ബെൽറ്റ് വിഷയവും ഹെൽമറ്റുമെല്ലാം വിവാദമായതോടെ ഋഷിരാജ് സിംഗും ഗതാഗത മന്ത്രിയും തെറ്റി. പക്ഷേ ജനകീയനായ ഗതാഗത കമ്മീഷണറെ സർക്കാരിന് സ്വന്തം ഇഷ്ടപ്രകാരം മാറ്റാൻ കഴിയുന്ന സാഹചര്യം ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ കരുതലോടെ നീക്കം നടത്തി. അന്ന് രമേശ് ചെന്നിത്തലയായിരുന്നു ആഭ്യന്തര മന്ത്രി. പ്രതിച്ഛായ വർദ്ധനയ്ക്കായി എന്തും ചെയ്യുന്ന ആഭ്യന്തരമന്ത്രി. ഗതഗാത കമ്മീഷണറും തിരുവഞ്ചൂരും തമ്മിലെ പ്രശ്‌നത്തിൽ ആഭ്യന്തരമന്ത്രി ഇടപെട്ടു. മിടുക്കനായ ഋഷിരാജ് സിംഗിനെ പൊലീസിന് വേണമെന്ന തരത്തിൽ ചർച്ച നടത്തി. ഓപ്പറേഷൻ കുബേരയും നിർഭയയെന്ന സ്ത്രീ സുരക്ഷാ പദ്ധതിക്കും തലവനായി ഋഷിരാജ് സിംഗിനെ കിട്ടിയാൽ കൊള്ളമെന്ന പരോക്ഷ നിലപാട് എടുത്തു. ഇവിടെ ആഭ്യന്തര മന്ത്രിയെ ഋഷിരാജ് സിംഗും വിശ്വസിച്ചു.

പൊലീസിലേക്ക് മടങ്ങാൻ താൽപ്പര്യം കാണിച്ചാൽ ഉയർന്ന പദവി നൽകാമെന്ന് ആഭ്യന്തരമന്ത്രി തന്നെ ഋഷിരാജ് സിംഗിനോട് പറഞ്ഞു. കാക്കി ഉടുപ്പിടാനുള്ള ആഗ്രഹത്തിൽ ചതി തിരിച്ചറിയാതെ ഋഷിരാജ് സിങ് കത്ത് നൽകി. ഒരു ഉദ്യോഗസ്ഥനും ഇന്ന വകുപ്പ് വേണമെന്ന് കാട്ടി കത്ത് നൽകാനാകില്ല. അതു കൊണ്ട് തന്നെ പൊലീസിലേക്ക് മടങ്ങാനുള്ള താൽപ്പര്യ പ്രകടനം മാത്രമേ ഋഷിരാജ് സിംഗിനും ഉയർത്താനായുള്ളൂ. ഈ കത്ത് കിട്ടിയതോടെ ഋഷിരാജ് സിംഗിനെ ഗതാഗത കമ്മീഷണർ സ്ഥാനത്ത് നിന്ന് മാറ്റി. തീരുമാനം വിവാദമായപ്പോൾ മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും സർക്കാർ തീരുമാനം ന്യായീകരിച്ചു. ഋഷിരാജ് സിങ് കത്ത് നൽകിയതു കൊണ്ടാണ് ഗതാഗത വകുപ്പിൽ നിന്ന് മാറ്റിയതെന്ന ന്യായം പറഞ്ഞു. അങ്ങനെ രമേശ് ചെന്നിത്തലയുടെ അടുപ്പക്കാരനാകാൻ കൊതിച്ച് ഋഷിരാജ് സിങ് പൊലീസിൽ മടങ്ങിയത്തി.

പക്ഷേ ഒന്നും നടന്നില്ല. പൊലീസിൽ സുപ്രധാന വകുപ്പുകളൊന്നും നൽകിയതുമില്ല. ഐഎഎസുകാരനായ പ്രശാന്താണ് പ്രൈവറ്റ് സെക്രട്ടറി, ഇനി ഓപ്പറേഷൻ കുബേരയ്ക്ക് ഋഷിരാജ് സിങ് കൂടി എത്തിയാൽ എല്ലാ കോൺഗ്രസുകാരും അകത്താകുമെന്ന് പോലും ചില ഐ ഗ്രൂപ്പുകാർ ചെന്നിത്തലയെ ഉപദേശിച്ചു. സ്ത്രീ സുരക്ഷയുടെ നിർഭയ നൽകിയാൽ ഖദർധാരികൾ പ്രശ്‌നമുണ്ടാക്കുമെന്ന് ചെന്നിത്തല തിരിച്ചറിഞ്ഞു. ഇതോടെ പൊലീസിൽ ഋഷിരാജ് സിംഗിന് പണിയില്ലാതായി. അപ്പോഴാണ് ആര്യാടൻ വീണ്ടും അവതരിപ്പിക്കുന്നത്. ഗതാഗത കമ്മീഷണറായിരിക്കെ ആര്യാടനുമായുള്ള നല്ല ബന്ധം ഋഷിരാജ് സിംഗിന് തുണയായി. വൈദ്യുത ബോർഡിൽ ചീഫ് വിജിലൻസ് ഓഫീസറായി സിങ്കമെത്തി. ഒന്നും സംഭവിക്കില്ലെന്നാണ് മുഖ്യമന്ത്രിയും സംഘവും കരുതിയത്. അതു തെറ്റി. മുത്തൂറ്റും അമൃതാനന്ദമയീ മഠവുമെല്ലാം സിങ്കത്തിന്റെ നോട്ടപ്പുള്ളികളായി. മുൻ മന്ത്രി ടിഎച്ച് മുസ്തഫയും വീട്ടിലെ മോഷണവും പിടിച്ചു. വൈദ്യുതി മോഷണം കലയാക്കാൻ കഴിയാത്ത സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തി.

ഇതിനിടെയിൽ പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയെത്തി. മോദിയുടെ ഗുഡ് ബുക്കിൽ ഋഷിരാജ് സിംഗുമുണ്ടായിരുന്നു. കേന്ദ്ര ഡെപ്യൂട്ടേഷനിൽ ഉയർന്ന പദവിയും വാഗ്ദാനം ചെയ്തു. ഡൽഹിയിൽ പോകാൻ ഋഷിരാജ് സിംഗും കരുക്കൾ നീക്കി. എന്നാൽ ആഭ്യന്തര വകുപ്പിന്റെ ചില ഇടപെടലുകൾ അപ്പോഴുമെത്തി. അങ്ങനെ ഡെപ്യൂട്ടേഷൻ മോഹവും പൊളിഞ്ഞു. ഇതോടെ വൈദ്യുത ബോർഡിന് വേണ്ടി കാര്യമായെന്തെങ്കിലും ചെയ്യാൻ തീരുമാനിച്ചു. അങ്ങനെയാണ് വൈദ്യുതി മോഷണത്തിനെതിരായ റെയ്ഡുകൾ ശക്തമാകുന്നത്. വൻകിടക്കാർ പോലും വലയിൽ കുരുങ്ങി. നൂറ് കോടി രൂപ വൈദ്യുത ബോർഡിന് അധികമായി കിട്ടി. ബോർഡ് ചെയർമാൻ ശിവശങ്കറും ഋഷിരാജ് സിംഗിന്റെ നീക്കങ്ങൾക്ക് കൈയടിയുമായി പ്രോൽസാഹനം നൽകി. ആര്യാടനും എതിർത്തില്ല. അങ്ങനെ വൈദ്യുത ബോർഡിൽ സിങ്കം ഹീറോയായി.

മുത്തൂറ്റിനെ തൊട്ടതോടെ കളിമാറി. മുഖ്യമന്ത്രി കലിച്ചു. ആര്യാടന് സിങ്കത്തെ കൈവിടേണ്ടി വന്നു. എന്നാൽ ചുമ്മാ മാറ്റിയാൽ ഉണ്ടാകുന്ന വിവദാം മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ ഐ ഗ്രൂപ്പ് നേതാവ് ചെന്നിത്തലയുടെ സഹായം തേടി. അങ്ങനെ പൊലീസിലേക്ക് മടങ്ങിയെത്താൻ താൽപ്പര്യമുണ്ടോ എന്ന ചോദ്യം ഋഷിരാജ് സിംഗിന് മുന്നിലെത്തി. ഡിജിപിയായി ടിപി സെൻകുമാർ എത്തിയ സാഹചര്യത്തിൽ ഋഷിരാജ് സിങ് പലതും മുന്നിൽ കണ്ടു. ഇനി എന്ത് പദവി തന്നാലും സമൂഹത്തിനായി എന്തെങ്കിലും ചെയ്യാൻ കാണുമെന്ന് കരുതി. ജനങ്ങളുമായി കാക്കി കുപ്പായത്തിൽ സംവദിക്കാൻ മോഹിച്ച ഋഷിരാജ് സിങ് ആഭ്യന്തര വകുപ്പിൽ നിന്നുള്ള ചോദ്യത്തിന് യെസ് പറഞ്ഞു. പൊലീസിലേക്ക് മടങ്ങിയെത്താമെന്ന് സമ്മതിച്ചു. അങ്ങനെ വൈദ്യുത ബോർഡിൽ നിന്ന് ഋഷിരാജ് സിംഗിനെ അദ്ദേഹത്തിന്റെ അഭിപ്രായം മാനിച്ച് മാറ്റാനുള്ള സാധ്യത സർക്കാർ ഒരുക്കിയെടുത്തു.

പക്ഷേ തെറ്റിയത് ഋഷിരാജ് സിംഗിനായിരുന്നു. ഒരിക്കലും ചിന്തിക്കാത്ത പദവിയാണ് ആഭ്യന്തര വകുപ്പ് ഋഷിരാജ് സിംഗിന് നൽകിയത്. പൊലീസിലെ ട്രെയിനികളെ പരിശീലിപ്പിക്കുക. അവരുടെ കാര്യങ്ങൾ നോക്കുക. അച്ചടക്കമുള്ള ഭാവി പൊലീസിനെ വളർത്തിയെടുക്കുക. അങ്ങനെ പൊലീസ് ട്രെയിനിങിന്റെ എഡിജിപിയായി ഋഷിരാജ് സിങ് എത്തി. അതായത് പൊതു ജനവുമായി സംസാരിക്കുകയോ അവർക്ക് വേണ്ടി ഒന്നും ചെയ്യാനോ സാധ്യതയില്ലാത്ത പദവി കണ്ടെത്തി ആഭ്യന്തര വകുപ്പ് ഋഷിരാജ് സിംഗിന് നൽകി. മന്ത്രി രമേശ് ചെന്നിത്തലയുടെ അതിബുദ്ധിയാണ് ഋഷിരാജ് സിംഗിനെ മൂലയ്ക്കിരുത്തിയത്. അതുകൊണ്ടാണ് വകുപ്പ് മന്ത്രിയുമായി പ്രോട്ടോകോൾ ബന്ധം മതിയെന്ന് ഋഷിരാജ് സിങ് തീരുമാനിച്ചത്. ആവശ്യമില്ലാത്ത സ്‌നേഹ പ്രകടനം നടത്തിയിട്ടും കാര്യമില്ല. ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റപ്പോൾ മന്ത്രിയുടെ വസതിയിലെത്തി സല്യൂട്ട് ചെയ്തതാണ്. എന്നിട്ടും ഗുണമൊന്നുമില്ല. അതുകൊണ്ട് മന്ത്രിയെ കണ്ടാൽ എഴുന്നേറ്റ് സമയം കളയണ്ടെന്ന് ഋഷിരാജ് സിങ് തീരുമാനിച്ചാൽ എന്താണ് തെറ്റെന്ന് അദ്ദേഹത്തിന്റെ അടുപ്പക്കാർ ചോദിക്കുന്നു.

ഋഷിരാജ് സിങ് എന്നാൽ സിങ്കമായിരിക്കാം. പക്ഷേ രമേശ് ചെന്നിത്തല മുറവിറ്റ സിംഹമാണ്. അതുകൊണ്ട് തന്നെ പണി ഋഷിരാജ് സിംഗിന് ഉറപ്പാണെന്ന് ആഭ്യന്തരമന്ത്രിയോട് അടുപ്പമുള്ളവർ പറയുന്നു.