ഴിഞ്ഞ ദിവസം ശ്രീ ഋഷി രാജ് സിങ് സ്ത്രീകളുടെ നേരേ ഒരാൾ 14 സെക്കൻഡിൽ അധികം നോക്കിയാൽ ആ വ്യക്തിക്കെതിരേ കേസ് എടുക്കാമെന്നും, തങ്ങളുടെ സ്വകാര്യതയിലേക്കുള്ള അന്യായമായ കടന്നു കയറ്റം (നിയമഭാഷയിൽ ഔട്ട് റേജ് ടു മോഡസ്റ്റി) നടന്നതായി തോന്നിയാൽ പെൺകുട്ടികൾ അതിനെക്കുറിച്ച് പരാതി പ്പെടണമെന്നും, സ്വയ രക്ഷക്കായി സ്ത്രീകൾ ആയോധനമാർഗ്ഗങ്ങൾ പഠിക്കണം എന്നും പറയുകയുണ്ടായി.

ഈ പ്രസ്ഥാവനകളിൽ എനിക്ക് പ്രധാനമായി തോന്നിയത് ആ 14 സെക്കന്റ് അല്ല. മറിച്ച് അദ്ദേഹം പറയാൻ ശ്രമിച്ച 'നോട്ടം കൊണ്ട് പോലും' നമ്മുടെ സ്വകാര്യതകളിലേയ്ക്ക് കടന്നു കയറാൻ ശ്രമികുന്നവരെ ചെറുക്കണം എന്ന ആഹ്വാനമാണ്.

സെക്ഷ്വൽ അബ്യൂസ് എന്നാൽ ഇപ്പോഴും റേപ്പ് ആണെന്നും, അതല്ലാത്ത പക്ഷം ഒരു ശാരീരിക പീഡനം ഉണ്ടാകണം എന്നും അതിനു താഴെയുള്ള ലൈംഗിക പീഡനശ്രമങ്ങൾ ഉണ്ടായാൽ 'ഓ അത്തൊക്കെ കാര്യമാക്കാനുണ്ടോ, തട്ട് കേടൊന്നും പറ്റിയില്ലല്ലോ വിട്ടുകള' എന്ന കരുതണം എന്നും പഠിപ്പിക്കുന്ന ഒരു സാമൂഹ്യ ബോധമാണ് ഇപ്പോഴും നമ്മുടെ സമൂഹത്തിന്റേത്. അതുകൊണ്ട് തന്നെയാണ് ശ്രീ ഋഷി രാജ് സിംഗിന്റെ പ്രസ്താവനയിലെ 14 എന്ന അക്കത്തിൽ നോക്കി ചിരിക്കാൻ കഴിയുന്നത്. എന്നെ സംബന്ധിച്ച് ആ ചിരി പൊതു സമൂഹത്തിൽ വിവസ്ത്രയാക്കപ്പെടുന്ന സ്ത്രീയുടെ നഗ്‌നതയെ നോക്കി ചിരിക്കുന്ന സാഡിസ്റ്റ് സമൂഹത്തിനു തുല്യമാണ്. കാരണം ഇവിടെ അദ്ദേഹം പറയുന്നത് കേരള സമൂഹം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ലൈംഗിക ചൂഷണം എന്ന വിപത്തിനെ കുറിച്ചാണ്.

സമൂഹമാദ്ധ്യമത്തിൽ കണ്ട ചില ചോദ്യങ്ങൾ: -

നോട്ടം കൊണ്ട് ആരും ഗർഭം ധരിക്കുന്നില്ലല്ലോ?

അല്ല ആണുങ്ങൾ ഒന്ന് നോക്കിയാൽ എന്താ? അതില്ലാതാക്കാൻ സ്റ്റേറ്റ് പൊലീസ് വേണോ?

വേണം. കാരണം ചില നോട്ടങ്ങൾ കുറ്റകൃത്യം അഥവാ ക്രൈം ആകുമ്പോൾ. അത് വിശദീകരിക്കും മുൻപ് ഒരു ക്രിമിനൽ കുറ്റത്തിനു വേണ്ട 2 ഘടകങ്ങളെക്കുറിച്ചു പറയാം.

  • മാനസിക ഘടകം അഥവാ മെന്റൽ എലമെന്റ്.
  • ആക്ട്. അഥവാ പ്രവൃത്തി. (അപൂർവം ചില കുറ്റ കൃതങ്ങളുടെ കാര്യത്തിൽ ഈ മാനസിക ഘടകം ഇല്ലെങ്കിലും സ്റ്റേറ്റിന് അത് ഒരു കുറ്റകൃത്യമായി കണക്കാക്കാം)

ഇനി ഇന്ത്യൻ പീനൽ കോഡ് പറയുന്നത്

Section 354 in The Indian Penal Code 354. Assault or criminal force to woman with intent to oturage her modesty.-Whoever assaults or uses criminal force to any woman, intending to oturage or knowing it to be likely that he will thereby oturage her modesty, shall be punished with impris­onment of either description for a term which may extend to two years, or with fine, or with both.

ഈ വകുപ്പനുസരിച്ചു 'Whoever assaults or uses criminal force to any woman, intending to oturage or knowing it to be likely that he will thereby oturage her modesty' അതായത് ഒരു സ്വകാര്യതയിലേക്കു അവളുടെ സമ്മതമില്ലാതെയുള്ള കടന്നു കയറ്റമാണ്. ഇവിടെ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യം 'assault' ആണ് ഈ കുറ്റകൃത്യത്തിന്റെ ഒരു ingredient ആയി പറയുന്നത്. ഈ വകുപ്പ് ശരിയായി മനസ്സിലാകാൻ നാം assault എന്താണ് എന്നു കൂടി അറിഞ്ഞിരിക്കണം. സാമാന്യ ഭാഷയിൽ പറഞ്ഞാൽ മറ്റൊരാളുടെ എന്തെങ്കിലും ആംഗ്യ വിക്ഷേപം കൊണ്ട് അത് കാണുന്ന ആളിന് തന്റെ സുരക്ഷയിൽ സന്ദേഹം തോന്നിയാൽ അത് assault ആകാം.

അപ്പോൾ ഒരാൾ തന്റെ നോട്ടം കൊണ്ടു മറ്റൊരാൾക്ക് താങ്കളുടെ ലൈംഗിക സുരക്ഷയെ കുറിച്ച് പേടി തോന്നിപ്പിക്കുന്നുവെങ്കിൽ ആ നോട്ടക്കാരൻ തീർച്ചയായും കുറ്റവാളി തന്നെയാണ്. ഇവിടെ എങ്ങനെ നോക്കുന്നു എന്നതും, ഈ നോട്ടം സ്വീകരിക്കുന്നയാൾ അത് എങ്ങനെയെടുക്കുന്നു എന്നതും പ്രധാനമാണ്. കാരണം ചില നോട്ടങ്ങളിൽ ഒരു കുറ്റത്തിന്റെ രണ്ടു ഘടകങ്ങളും അടങ്ങിയിരിക്കുന്നു.

അടുത്തു കേട്ട ഒരു ചോദ്യം, ഒരു നോട്ടത്തിൽ നമ്മൾ ഇത്ര അസ്വസ്തരാകേണ്ടതുണ്ടോ ?

ഉണ്ട്. കാരണം എല്ലാ നോട്ടങ്ങളും സ്ത്രീകളുടെ കണ്ണിലേയ്ക്കല്ല. കണ്ണുകളിലൂടെ നമ്മൾ ഒരു പാട് കാര്യങ്ങൾ സംവേദിക്കുന്നു, ചില നോട്ടങ്ങൾ സംവേദിക്കുന്നതു കാമമാണ്. ചില നോട്ടങ്ങൾ സ്ത്രീകളെ വസ്ത്രത്തിനുള്ളിലും വിവസ്ത്രരാകാറുണ്ട്. ജോലി സ്ഥലത്തു മേലുദ്യോഗസ്ഥന്റെ ചില പ്രത്യേക നോട്ടം കാരണം ജോലി ഉപേക്ഷിക്കണ്ടി വന്ന വ്യക്തികളെ എനിക്കറിയാം. അത്തരം ഇരകൾ ഉള്ളതുകൊണ്ടാണ് ജോലി സ്ഥലത്തെ ലൈംഗിക അതിക്രങ്ങളെ ചെറുക്കാനുള്ള നിയമ പരിരക്ഷ കൊണ്ടുവന്നപ്പോൾ ഇത്തരം ചേഷ്ടകൾ (Gesture) കൂടി ക്രൈം ആയി അതിൽ ഉൾപ്പെടുത്തിയത്.

എങ്കിലും പറയാം നിയമങ്ങളുടെ പരിരക്ഷയുണ്ടായിരുന്നെകിൽ പോലും, ഞാൻ അടക്കമുള്ള കേരളത്തിൽ ജീവിച്ചു വളർന്ന ഓരോ വ്യക്തിയും ഇത്തരം അനവധി നോട്ടങ്ങളിലൂടെയോ eve ടീസിങ് ലൂടെയോ കടന്നു പോയിട്ടുള്ളവരാണ്.

എന്നാൽ അന്ന് സമൂഹവും കുടുംബവും പറഞ്ഞത് 'വിട്ടുകള ഇതൊക്കെ സാധാരണമാണ് എന്നാണു'. എന്നാൽ ഇത് സാധാരണമല്ല എന്നും ഇത്തരം സ്വാകാര്യതകളിലെക്കുള്ള കടന്നു കയറ്റത്തിലൂടെ ഓരോ പെൺകുട്ടിയും കടന്നുപ്പോകുന്ന മാനസിക വ്യഥ (ഇമോഷണൽ stress, trauma) അത് ആ പെൺകുട്ടിയുടെ വ്യക്തി വികാസത്തെ എത്രമാത്രം ബാധിക്കാം എന്നും പഠിപ്പിച്ചത് വിദേശത്തെ ക്രിമിനോളജി പഠനകാലമാണ്. അവഗണിക്കേണ്ട ഒന്നല്ല ഇത്, കാരണം ഷോമാന്മാരുടെ ദിവസ പ്രദർശനമിലാത്ത ഹോസ്റ്റൽ കോളേജ് പരിസരങ്ങളും, സെക്ഷ്വൽ ഗ്രൂപ്പിങ് നടത്താത്ത പൊതു ഇടങ്ങളും, കമന്റ് അടികൾ ഇല്ലാത്ത സൈബർ സെക്ഷ്വൽ ബുള്ളിയിങ് ഇല്ലാത്ത ഇടങ്ങളും ഇവിടെ സാധ്യമല്ലാത്തിടത്തോളോം കാലം പെൺകുട്ടികൾ കൂടുതൽ ജാഗരൂകരാകേണ്ടിയിരിക്കുന്നു. Rebecca Emerson Dobash എഡിറ്റ് ചെയ്ത Rethinking violence against women എന്ന പുസ്തകത്തിൽ പറയുന്നത്‌ ഒരു നോട്ടത്തിൽ തുടങ്ങുന്ന മുൻപ് പറഞ്ഞ എല്ലാ കുറ്റ കൃതങ്ങളും ലിറ്റിൽ റേപ്പ് എന്നാണ്‌. സെക്ഷ്വൽ ഗ്രൂമിങ് നെ കുറിച്ചുള്ള പഠനങ്ങൾ പറയുന്നത് ഗ്രോമിങ്‌ന്റെ ഏറ്റവും ആദ്യപടിയാണ് ' മാർക്കിങ് ദി വിക്ടിം' എന്നത് അതിനു കുറ്റ വാളികൾ ആദ്യം തിരഞ്ഞെടുക്കുന്ന രീതി ചില നോട്ടങ്ങളോട് ഇര എങ്ങനെ പ്രതികരിക്കുന്നു എന്നു പഠിക്കുന്നതാണ്‌. അതായതു പേടി കാണിക്കുന്നുണ്ടോ? വിധേയത്വം കാണിക്കുന്നുണ്ടോ, Vulnerabiltiy കാണിക്കുന്നുണ്ടോ? എന്നെല്ലാം ശ്രദ്ധിച്ചിട്ടാണ് അവർ ഇരയെ തിരഞ്ഞെടുക്കുന്നത്. അതുകൊണ്ട് തന്നെ നമ്മൾ ശ്രദ്ധാലുക്കളാവണം.

മുൻപറഞ്ഞ കാര്യങ്ങൾ എല്ലാം കൊണ്ട് തന്നെ ഋഷി രാജ് സിങ്ങിനെ പരിഹസിക്കുകയല്ല വേണ്ടത്, മറിച്ചു അദ്ദേഹത്തിനു നന്ദി പറയുകയാണ്. കാരണം അദ്ദേഹം സംസാരിച്ചത് ഒരു സാമൂഹിക വിപത്തിനെതിരെയാണ്, പെൺകുട്ടികളുടെ ലൈംഗിക സുരക്ഷിതത്വത്തിനായാണ്. അത് മനസിലാക്കി അതിനനുസരിച്ച് പ്രവര്ത്തിക്കുകയാണ് വേണ്ടത്, ട്രോളുകളായല്ല.