കൊച്ചി: ചെറിയൊരിടവേളയ്ക്ക് ശേഷം അറബിക്കടലിന്റെ റാണിക്ക് വീണ്ടും ലഹരിയുടെ ഗന്ധം.കൊച്ചി നഗരത്തിലും പരിസരങ്ങളിലുമായി വീണ്ടും ലഹരി വിൽപനയും ഉപയോഗവും വർദ്ദിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുൻപ് തൃപ്പൂനിത്തുറയിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്ന് കഞ്ചാവും ലഹരി വസ്തുക്കളും അടങ്ങുന്ന ബാഗുമായി മൂന്ന് യുവാക്കളെ പൊലീസ് പിടികൂടിയതോടെയാണ് ലഹരി വിൽപനയുടേയും ഉപയോഗത്തിന്റേയും പുതിയ കഥകളുടെ ചുരുളഴിയുന്നത്.

ഇവരിൽ നിന്ന് കഞ്ചാവിന് പുറമേ എൽഎസ്ഡി എന്ന അതിമാരകമായ മയക്കുമരുന്നും പൊലീസ് പിടിച്ചെടുത്തിരുന്നു.ഒരു സ്റ്റാമ്പിന് ഏതാണ്ട് ആയിരത്തിലധികം രൂപ വില വരുന്ന ഇതുകൊച്ചിയിലിപ്പോൾ സുലഭമായി ലഭിക്കുന്ന ഒന്നാണ്. ഇവരിൽ നിന്നാണ് നഗരത്തിലെ യുവതി യുവാക്കളുടെ സിരകളിലേക്ക് ലഹരി കടത്തി വിട്ട് ലാഭം കൊയ്യുന്ന മയക്കുമരുന്ന് മാഫിയയെ പറ്റി ഏതാണ്ട് ഒരു രൂപം അന്വേഷണ സംഘത്തിന്‌ലഭിച്ചിരിക്കുന്നത്. ഇതിലൊരാളുടെ ലാപ്‌ടോപ്പിൽ നിന്ന് പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർ ഹെറോയിൻ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.

ഇത്തരത്തിൽ കുറേയധികം ദൃശ്യങ്ങളും ഫോട്ടോകളും ഇയാളുടെ ലാപ്‌ടോപ്പിൽ നിന്ന് കണ്ടെടുക്കാനായിട്ടുണ്ടെന്നാണ് വിവരം.കാക്കനാട്ടെ ഐടി പാർക്കുകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ മയക്കുമരുന്ന് വ്യാപാരം തകൃതിയായി നടക്കുന്നത്.ഇത് കേരളത്തിലേക്ക് എത്തിക്കുന്നതാകട്ടെ ഇതരസംസ്ഥാനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളും. ചെന്നൈ,ബാംഗ്ലൂർ എന്നിവിടങ്ങളിൽ എഞ്ചിനിയറിങ്ങിനും മറ്റും പഠിക്കുന്ന കുട്ടികളാണ് ഇപ്പോൾ 'ക്യാരിയേർസ്' ആയി കേരളത്തിലേക്ക് സാധനം കടത്തുന്നതെന്നാണ് വിവരം. ട്രെയിൻ മാർഗം തന്നെയാണ് പ്രധാനമായും കേരളത്തിലേക്ക് പ്രത്യേകിച്ച് കൊച്ചിയിലേക്ക് മയക്കുമരുന്ന് എത്ത്ക്കുന്നതെന്നും പൊലീസിന്റെ ചോദ്യം ചെയ്യലിൽ യുവാക്കൾ സമ്മതിച്ചതായാണ് വിവരം.

കഴിഞ്ഞ ആഴ്ച ഏറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനിൽ അനാഥമായി കീടന്നിരുന്ന ബാഗിൽ നിന്ന് ഏതാണ്ട് 50 കിലോയോളം കഞ്ചാവാണ് റെയിൽവെ സ്‌ക്വാഡ് പിടിച്ചെടുത്തത്. റെയിൽവെ സ്റ്റേഷനിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ഇടുക്കി രാജാക്കാട്ട് നിന്നാണ് അവിടുത്തുകാരനായ പ്രതിയെ പൊലീസ് പിടികൂടിയത്. ഒരാഴ്ചയ്ക്ക് മാത്രമായി ഏതാണ്ട് 1000 കിലോയോളം കഞ്ചാവാണ് കൊച്ചിയിലേക്ക് മാത്രമായി വിൽപനക്ക് എത്തുന്നതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന രഹസ്യ വിവരം. കാക്കനാട് കേന്ദ്രീകരിച്ച് ഇൻഫോപാർക്കിലും മറ്റും ജോലി ചെയ്യുന്ന ഉത്തരേന്ത്യൻ യുവതികൾ ചിലർ ഈ മാഫിയയുടെ കണ്ണികളാണെന്നാണ് പൊലീസ് കണക്കുകൂട്ടുന്നത്.അന്വെഷണം ആരംഭിച്ചതോടെ ഇവരൈൽ മിക്കവരും കടന്ന് കളഞ്ഞതായാണ് വിവരം.

ഈ യുവതികളുൾപ്പെട്ട സംഘമാണെത്രെ ഇപ്പോഴും എല്ലാ ശനിയാഴ്ചകളിലും ഹോട്ടലുകളിൽ ഡിജെ പാർട്ടി സംഘടിപ്പിക്കുന്നതും അതിലൂടെ മയക്കുമരുന്ന് വിൽപന നടത്തുന്നതും.കോടികളുടെ ഇടപാടാണത്രെ ഒരു പാർറ്റിയിൽ നിന്ന് ഈ സംഘം നടത്തുന്നത്. ഹോട്ടലുകളിൽ പാർട്ടിക്കിടയിൽ മയക്കുമരുന്ന് ഉപയോഗിക്കാൻ ഇപ്പോൾ കർശനമായ വിലക്കുണ്ട്.അതിനാൽ കാക്കനാട്ടെ ചില ഫ്‌ളാറ്റുകളും ഹോട്ടൽ റൂമുകളും കേന്ദ്രീകരിച്ചാണത്രെ ഇപ്പോൾ മയക്കുമരുന്ന് ഉപയോഗം.പുതുതായി ലഹരി ഉപയോഗിക്കുന്നവർക്ക് ഡേമോൺസ്റ്റ്രേഷന് വെണ്ടിയാണ് ദൃശ്യങ്ങൾ സൂക്ഷിച്ചിരിക്കുന്നതെന്ന് പിടിയിലായ യുവാക്കൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

കേസിലെ ഒരു പ്രധാന കണ്ണിയെ ഇനിയും പിടി കിട്ടാനുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന.ഇയാളാണ് ചെന്നൈ,ബാംഗ്ലൂർ,എന്നിവിടങ്ങളിൽ ലഹരിയുടെ മൊത്തക്കച്ചവടത്തിന് നേതൃത്വം നൽകുന്നത്.ഇയാൾ തങ്ങളുടെ വലയിലായിട്ടുണ്ടെന്നാണ് പൊലീസ്സ് പറയുന്നത്.ഇയാളെ പിടിച്ചാൽ ഉത്തരേന്ത്യൻ യുവതികൾ ഉൾപ്പെടെയുള്ളവരെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.