ഹോങ്കോങ്: യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ തായ്‌ വാൻ സന്ദർശനത്തിനു തൊട്ടുപിന്നാലെ ദ്വീപിനെതിരെ ചൈനയുടെ പടയൊരുക്കം. തായ്‌ വാനു ചുറ്റും ആറു ദിവസത്തെ സൈനിക അഭ്യാസം തുടങ്ങി. കൂടാതെ തായ്വാനിൽ നിന്ന് ചില പഴങ്ങളും മത്സ്യങ്ങളും ഇറക്കുമതി ചെയ്യുന്നതിനും നിയന്ത്രണമേർപ്പെടുത്തി. തായ്വാനിലേക്ക് മണൽ കയറ്റി അയക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. നാൻസി പെലോസിയുടെ സന്ദർശനം മേഖലയിൽ രൂക്ഷമായ നയതന്ത്ര പ്രശ്നങ്ങളിലേക്കാണ് വഴിതുറന്നിരിക്കുന്നതെന്ന സൂചനകളാണ് ചൈനയുടെ പടയൊരുക്കത്തിൽ നിന്നും വ്യക്തമാകുന്നത്.

നാൻസി പെലോസിയുടെ സന്ദർശനത്തിനു കടുത്ത തിരിച്ചടി നൽകുമെന്നു ചൈന വ്യക്തമാക്കിയിരുന്നു. തായ്‌ വാൻ തങ്ങളുടെ ഭാഗമാണെന്നാണു ചൈനയുടെ നിലപാട്. ചൈനയെ നിരന്തരം വിമർശിക്കുന്ന പെലോസി തായ്‌ വാനിൽ കാലുകുത്തിയതിനു പിന്നാലെയാണു ദ്വീപിനെ ചുറ്റി ആറു സ്ഥലങ്ങളിൽ ചൈന സൈനിക അഭ്യാസം തുടങ്ങിയത്. ദ്വീപിനു നേർക്ക് മിസൈലുകൾ തൊടുക്കുമോ എന്നും ദ്വീപിനെ പൂർണമായി ഒറ്റപ്പെടുത്തുമോ എന്നും ഇതുവരെ വ്യക്തമായിട്ടില്ലെന്ന് വിദഗ്ധരെ ഉദ്ധരിച്ച് രാജ്യാന്തര വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

യുഎൻ ചട്ടങ്ങൾ ലംഘിച്ചാണ് ചൈനയുടെ സൈനികാഭ്യാസമെന്ന് തായ്‌ വാൻ കുറ്റപ്പെടുത്തി. തങ്ങളുടെ സമുദ്രാതിർത്തിയിൽ ചൈന അതിക്രമിച്ചു കയറിയെന്നും വ്യോമ, നാവിക ഗതാഗതത്തിനു ഭീഷണി ഉയർത്തിയെന്നും തായ്‌ വാൻ വ്യക്തമാക്കി. തയ്വാന് ചുറ്റുമുള്ള 12 നോട്ടിക്കൽ മൈൽ കടൽമേഖല ദ്വീപിന്റെ ഭാഗമാണ്. ഇതിലേക്കുള്ള അതിക്രമിച്ചുകയറൽ രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നാണ് തയ്വാൻ പറയുന്നു.

1996ൽ ദ്വീപിൽ ആദ്യമായി പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്ന സമയത്ത് ഇതുപോലൊരു പ്രതിസന്ധി ഉടലെടുത്തിരുന്നു. മൂന്നാം തയ്വാൻ കടലിടുക്ക് പ്രതിസന്ധിയെന്നാണ് അത് അറിയപ്പെട്ടിരുന്നത്. അന്ന് സംഘർഷം ഒഴിവാക്കാൻ യുഎസ് രണ്ട് വിമാനവാഹിനിക്കപ്പലുകളെയാണ് കടലിടുക്കിലേക്ക് അയച്ചത്. പക്ഷേ, അന്നത്തെ ചൈനയല്ല ഇന്നത്തെ ചൈന. സൈനികപരമായും സാമ്പത്തികപരമായും മുൻപന്തിയിൽനിൽക്കുന്ന ചൈനയുടെ നേർക്കു പണ്ടത്തെ നയം പിന്തുടർന്ന് യുഎസിനു ചെല്ലാൻ പറ്റില്ല.

ചൈനയുടെ നാവിക, വ്യോമ സേനകൾക്കൊപ്പം റോക്കറ്റ്, സ്ട്രറ്റാജിക് സപ്പോർട്ട്, ജോയിന്റ് ലൊജിസ്റ്റിക്‌സ് സപ്പോർട്ട് സേനകളും ഉൾക്കൊള്ളുന്ന സംയുക്ത സേനാ അഭ്യാസമാണു നടക്കുന്നതെന്നു ചൈനയുടെ ഈസ്റ്റേൺ തിയറ്റർ കമാൻഡ് അറിയിച്ചു. തയ്വാന്റെ തെക്കു കിഴക്ക്, തെക്കു പടിഞ്ഞാറ്, വടക്ക് ഭാഗങ്ങളിലെ കടലിലാണ് അഭ്യാസം.

യുദ്ധമുണ്ടായാൽ ദ്വീപിനെ ഒറ്റപ്പെടുത്തുന്നത് എങ്ങനെയെന്ന പരിശീലനം ചൈനീസ് സൈന്യം നടത്തുകയാണെന്നാണ് വ്യക്തമാകുന്നതെന്ന് ഹോങ്കോങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രതിരോധ വിദഗ്ധൻ സോങ് ഴോങ്പിങ് പറയുന്നു. ''തയ്വാനുമായി യുദ്ധമുണ്ടാകാമെന്ന സാഹചര്യത്തിൽ, പരിശീലനം നേടുന്നതിനു വേണ്ടിയാണ് ഇത്തരം അഭ്യാസങ്ങൾ. പതിവിൽനിന്നു വ്യത്യസ്തമായി ഇത്തവണ അഭ്യാസങ്ങൾ എവിടെയൊക്കെയാണെന്നു വ്യക്തമാകുന്ന ഭൂപടം ഉൾപ്പെടെയാണു ചൈനയുടെ ഔദ്യോഗിക മാധ്യമം സിൻഹുവ ന്യൂസ് ഏജൻസി വിവരം പുറത്തുവിട്ടത്'' ഴോങ്പിങ് പറയുന്നു.



തയ്വാൻ കടലിടുക്കിൽ മറ്റാർക്കും അവകാശമില്ലെന്നു വ്യക്തമാക്കുകയാണ് ഇതിലൂടെ ചൈന ഉദ്ദേശിക്കുന്നത്. ''എന്താണോ ആവശ്യം അതു ചൈനയ്ക്കു ലഭിച്ചു കഴിഞ്ഞാൽ പിന്നെ മേഖലയിലെ രാജ്യങ്ങളുടെ സ്ഥിരതയ്ക്കും സുരക്ഷയ്ക്കും മേഖലയിലെ സമ്പദ്വ്യവസ്ഥയ്ക്കും അതു ഭീഷണിയാണ്'' തയ്വാനിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. തയ്വാൻ വിഷയത്തിൽ നാൻസി പെലോസി ചൈനയെ കുടുക്കിയിരിക്കുകയാണെന്ന അഭിപ്രായമാണ് സിംഗപ്പുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സുരക്ഷാ വിദഗ്ധൻ കോളിൻ കോയുടേത്. ''യുദ്ധം ഒഴിവാക്കണമെന്നാണ് ചൈന തീരുമാനിക്കുന്നതെങ്കിലും കാര്യങ്ങൾ കൈവിട്ടുപോകാൻ സാധ്യതയുണ്ട്'' എസ്. രാജരത്‌നം സ്‌കൂൾ ഓഫ് ഇന്റർനാഷനൽ സ്റ്റഡീസിലെ അദ്ധ്യാപകൻ കൂടിയായ കോ കൂട്ടിച്ചേർത്തു.

യുഎസ്എസ് റൊണാൾഡ് റീഗനും 4 യുദ്ധക്കപ്പലുകളും ഉൾപ്പെടെ ഏഴാം കപ്പൽപ്പടയെ തയ്വാന്റെ കിഴക്ക് ഫിലിപ്പീൻസ് കടലിൽ യുഎസ് നാവികസേന വിന്യസിച്ചിട്ടുണ്ട്. പതിവു വിന്യാസങ്ങളുടെ ഭാഗമായാണ് നടപടിയെന്നാണു നാവിക ഉദ്യോഗസ്ഥൻ ഇതേക്കുറിച്ച് അറിയിച്ചത്. എന്നാൽ ചൈനയുടെ സൈനിക അഭ്യാസങ്ങളെക്കുറിച്ച് ഹവായിലുള്ള ഇന്തോ പസഫിക് കമാൻഡ് പ്രതികരിച്ചിട്ടില്ല. അതേസമയം, ദ്വീപിന് ഇത്രയടുത്ത് ചൈന നടത്തുന്ന സൈനിക അഭ്യാസം യുഎസ്, തയ്വാൻ സേനകൾ അവസരമായും കാണുന്നുണ്ട്. ചൈനയുടെ സൈനിക സംവിധാനത്തെക്കുറിച്ചും വിവരസാങ്കേതിക വിദ്യയെക്കുറിച്ചും കൂടുതൽ മനസ്സിലാക്കാൻ ഇരു സേനകൾക്കും സാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

ചൈനയുടെ മുന്നറിയിപ്പുകളെ വകവെക്കാതെ ചൊവ്വാഴ്ചയാണ് യു.എസ്. ജനപ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസി തായ്വാനിലെത്തിയത്. ചൈന അവകാശം ഉന്നയിക്കുന്ന സ്വയംഭരണപ്രദേശമായ തായ്വാനിൽ കാൽനൂറ്റാണ്ടിനിടെ സന്ദർശനം നടത്തുന്ന ഉന്നത യു.എസ്. പ്രതിനിധിയാണ് പെലോസി. സ്ഥാനക്രമത്തിൽ പ്രസിഡന്റിനു തൊട്ടുതാഴെയുള്ള വ്യക്തി കൂടിയാണ്.



തായ്വാനിൽ നിന്നുള്ള ചില ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് ചൈന നേരത്തേയും നിരോധനമേർപ്പെടുത്തിയിരുന്നു. 2021-ൽ കൈതച്ചക്ക ഇറക്കുമതിക്ക് നിരോധനമേർപ്പെടുത്തിയത് രാഷ്ട്രീയ പ്രേരിതമാണെന്ന വ്യാപകമായ ആക്ഷേപം ഉയർന്നിരുന്നു.

കീടനാശിനികളുടെ സാന്നിധ്യം കൂടുതലായി കണ്ടെത്തിയതുകൊണ്ടാണ് ഇറക്കുമതിക്ക് നിയന്ത്രണമേർപ്പെടുത്തിയതെന്നാണ് ചൈനീസ് കസ്റ്റംസ് വിഭാഗം നൽകുന്ന വിശദീകരണം. കീടനാശി സാന്നിധ്യം സംബന്ധിച്ച് നേരത്തെ തായ്വാന് മുന്നറിയിപ്പ് നൽകിയിരുന്നു. ആവർത്തിച്ച് നടത്തിയ പരിശോധനയിൽ ചില പഴങ്ങളിൽ (സിട്രസ് ഫ്രൂട്ട്സ്) കൂടിയ അളവിലുള്ള കീടനാശിനി സാന്നിധ്യമാണ് കണ്ടെത്തിയത്. കൂടാതെ പാക്കേജുകളുടെ വിശദമായ പരിശോധനയിൽ കൊറോണ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതായും കസ്റ്റംസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

തായ്വാനിലേക്ക് മണൽ കയറ്റി അയക്കുന്നതിനും നിരോധനുമുണ്ട്. ഇതുസംബന്ധിച്ച് ചൈനീസ് വാണിജ്യമന്ത്രാലയം പുറത്തിറക്കിയ നോട്ടീസിൽ എന്തുകൊണ്ടാണ് നിരോധനമെന്നത് സംബന്ധിച്ച് വിശദാംശങ്ങൾ നൽകിയിട്ടില്ല.