മുംബൈ: ഒരു യാത്ര പോകുമ്പോൾ താമസ സ്ഥലം നോക്കുമ്പോൾ നമുക്ക് ആദ്യം ഓർമ വരിക ഓയോ റൂംസ് എന്ന പേരാണ്. കാരണം നല്ല വൃത്തിയും കാണാൻ ഭംഗിയും മികച്ച സേവനവുമാണ് ഓയോ റൂംസിന്റെ പ്രത്യേകത. മാത്രമല്ല സാധാരണക്കാരന്റെ ബഡ്ജറ്റിലൊതുങ്ങുന്ന  റൂംസിന്റെ ഉടമയെ കണ്ടാൽ ആരുമൊന്നും ഞെട്ടും കാരണം 24 വയസ്സുള്ള റിതേഷ് അഗർവാൾ എന്ന പയ്യനാണ് 2400 കോടി രൂപയുടെ ഈ ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമ.

ഒഡീഷയിലെ റായഗഡ ജില്ലയിൽ ബിസാം കട്ടക്കിലെ മധ്യവർഗ മാർവാറി കുടുംബത്തിൽ 1993 നവംബർ 16നാണ് റിതേഷ് ജനിച്ചത്. എട്ടാം വയസിൽ സഹോദരന്റെ പുസ്തകത്തിൽ ക്യു കംപ്യൂട്ടർ കോഡിങ് പകർത്തിയെഴുതി ടെക്നോളജി രംഗത്ത് ഹരിശ്രീ കുറിച്ച റിതേഷ് ഗ്രാമത്തിലെ ആവശ്യക്കാർക്കായി 10 വയസ് തികയും മുമ്പേ വെബ്സൈറ്റ് തയാറാക്കി നൽകി നാട്ടിലെ താരമായി മാറി.

സുഹൃത്തുക്കൾ അവധികൾ ആഘോഷിക്കാൻ യാത്രകൾ നടത്തുമ്പോൾ റിതേഷ് തന്റെ നാട്ടിലെ എഫ്എംസിജി കമ്പനികളുടെ മാർക്കറ്റിങ് ജീവനക്കാരോടൊത്ത് പ്രവർത്തിച്ചു. ഈ ലോകത്ത് മൂല്യമേറിയ ചിലത് സൃഷ്ടിക്കാനും വലിയ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുന്ന ഭൂരിഭാഗം പേരും സംരംഭകരാണെന്ന റിതേഷിന്റെ അന്നത്തെ തിരിച്ചറിവാണ് ആ ചെറുപ്പക്കാരനെ ബിസിനസ്സ് രംഗത്ത് എത്തിച്ചത്.

ഒഡീഷയിലെ ബിസാംകട്ടക്ക് ഗ്രാമത്തിൽ നിന്നുള്ള റിതേഷ് എൻജിനീയറിങ് കോളേജിൽ ചേർന്നതിന്റെ രണ്ടാം ദിവസം പഠനം ഉപേക്ഷിച്ചു യാത്ര ചെയ്യാനിറങ്ങി. യാത്രകളിൽ ഹോട്ടലുകൾ ബുക്ക് ചെയ്യുന്നതിനുണ്ടായ പ്രയാസവും പല ഹോട്ടലുകളുടേയും നിലവാരക്കുറവും റിതേഷിനെ ഓയോ റൂംസ് എന്ന ആശയത്തിലേക്ക് എത്തിച്ചു.

എൻജിനീയറിങ് പ്രവേശന പരീക്ഷാ പരിശീലനത്തിനായി ഡൽഹിയിലെത്തിയ റിതേഷ് ഓൺലൈൻ ഹോട്ടൽ റെന്റർ രംഗത്തെ ആഗോള സൈറ്റായ എയർബിഎൻബിയുടെ മാതൃകയിൽ ഒരാവെൽ എന്ന പേരിൽ വെബ് സൈറ്റ് ആരംഭിക്കുകയാണ് ചെയ്തത്. സ്റ്റാർട്ട് അപ്പ് സംരംഭങ്ങളെ സഹായിക്കുന്ന വെഞ്ച്വർ നഴ്സറിയിൽ നിന്ന് 30 ലക്ഷം രൂപ സ്വരൂപിക്കാൻ സാധിച്ചു. ഈ പണം ഉപയോഗിച്ചാണ് റിതേഷ് ബിസിനസ്സ് വിപുലീകരിച്ചത്.

ഫേസ്‌ബുക്കിലെ ആദ്യ കാല നിക്ഷേപകനായ പീറ്റർ തെയ്ൽ സ്ഥാപിച്ച തെയ്ൽ ഫൗണ്ടേഷന്റെ പ്രോഗ്രാമിലേക്കുള്ള വാതിലാണ് റിതേഷിന് മുന്നിൽ പിന്നീട് തുറക്കപ്പെട്ടത്. ഈ പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കാനുള്ള യോഗ്യതകൾ എല്ലാം തികഞ്ഞവനായിരുന്നു റിതേഷ്. കോളെജ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച 20 വയസിൽ താഴെയുള്ള നൂതന ആശയമുള്ള സ്റ്റാർട്ടപ്പ് സംരംഭകൻ. ഇതായിരുന്നു യോഗ്യതാ മാനദണ്ഡം.അസംഘിടിതമായം ബജറ്റ് ഹോട്ടൽ മേഖലയിൽ നിന്ന് കൂടുതൽപേരെ തന്റെ സൈറ്റിൽ ഉൾപ്പെടുത്താൻ കഴിഞ്ഞു.

തന്റെ ലിസ്റ്റിൽ ഉൾപ്പെട്ട ഹോട്ടലുകളിൽ ഓരോ ദിവസം താമസിച്ച് അവിടുത്തെ സൗകര്യങ്ങൾ മനസിലാക്കാൻ റിതേഷ് മുന്നിട്ടിറങ്ങി. തുടർന്ന് പല ഹോട്ടലുകളിലേയും സേവനങ്ങൾ മോശമാണെന്ന് മനസിലാക്കി ഇതിൽ എന്തെങ്കിലും ചെയ്യണമെന്ന ചിന്ത ഉണ്ടായത്. വെറും ഓൺലൈൻ ബുക്കിങ് പോർട്ടൽ മാത്രമായിരുന്ന ഒരാവലിനെ മാറ്റി ഓയോ റൂംസിന് ജീവൻ നൽകിയത് അങ്ങനെയാണ്. ബജറ്റ് ഹോട്ടലുകളെ ഒരു കുടക്കീഴിൽ അണിനിരത്തുന്നതിനൊപ്പം മികച്ച സേവനം ഉറപ്പാക്കാനുള്ള ശ്രമവും ആരംഭിച്ചു.

ഓൺലൈൻ വഴി ബുക്ക് ചെയ്യുന്ന ഹോട്ടൽ മുറിയിൽ എന്ത് ലഭിക്കും എന്ന് ഓരോരുത്തർക്കും കൃത്യമായ രൂപം വേണം. വാഗ്ദാനം ചെയ്യുന്നവ ലഭിക്കുന്നുണ്ടെന്ന കാര്യം ഉറപ്പാക്കണം. ഇതൊരു വെല്ലുവിളിയായി തന്നെ റിതേഷ് ഏറ്റെടുത്തു. 2013ൽ ഗുർഗോണിലെ ഒരു ഹോട്ടൽ റിതേഷ് തന്റെ പരീക്ഷണത്തിനായി തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാസത്തോളം ആ ഹോട്ടലിന്റെ ഹൗസ് കീപ്പിങ് മുതൽ ഓൺലൈൻ വിൽപ്പന വരെ റിതേഷ് നേരിട്ട് ചെയ്തു. നിലവാരം ഏകീകരിച്ചു. ഏറ്റെടുത്ത് ആറ് മാസം കൊണ്ട് ഹോട്ടലിന്റെ ഒക്യുപെൻസി 95 ശതമാനമായി ഉയർന്നു. ഒരിക്കൽ ഈ ഹോട്ടലിന്റെ ആതിഥ്യം സ്വീകരിച്ചവർ വീണ്ടും വീണ്ടും അങ്ങോട്ടേക്ക് എത്താൻ തുടങ്ങി. തെയ്ൽ ഫൗണ്ടേഷൻ നൽകിയ ഫെല്ലോഷിപ്പ് തുകയിൽ ഭൂരിഭാഗവും ഓയോ എന്ന പുതിയ സംരംഭത്തിനായി റിതേഷ് ചെലവിട്ടു. 2013 ജൂൺ ആയപ്പോഴേക്കും ഓയോ കൈകാര്യം ചെയ്യുന്ന ഹോട്ടലുകളുടെ എണ്ണം മൂന്നായി.

ഓയോ റൂംസിന് കീഴിൽ വന്നതോടെ ബിസിനസ് മെച്ചമാകുന്നുവെന്ന് കണ്ട ഹോട്ടലുടമകളും സഹകരിക്കാൻ തയ്യാറായി. ഓഹോ ഹോട്ടലുകളുടെ മുറികളും കുളിമുറികളും വൃത്തിയാക്കുകയും റൂം സർവീസ് മെച്ചപ്പെടുത്തുകയും ചെയ്തു. 22 മിനിറ്റെടുത്ത് ചെയ്തിരുന്ന ഹൗസ് കീപ്പിങ് ഓയോ റൂംസ് ഏറ്റെടുത്തതോടെ 12 മിനിറ്റായി കുറഞ്ഞു. വൃത്തിയാക്കലിനും കിടക്ക വിരിക്കുന്നതിനുമാണ് 10 മിനിറ്റ്. മുറിയിൽ കുപ്പിവെള്ളം, സോപ്പ്, ചീപ്പ്, ഷാമ്പു, പേപ്പർ, പേന എന്നിവ സജ്ജീകരിക്കുന്നതിനാണ് ബാക്കി സമയം ചെലവാക്കുന്നത്. എന്നാൽ ഇവയെല്ലാമടങ്ങുന്ന ഓയോ ബാഗ് റൂമിൽ സജ്ജീകരിച്ചതോടെ ഈ സമയം ലാഭിച്ചു. ഓയോ ലിസ്റ്റിൽ ഉൾപ്പെട്ട ഹോട്ടലുകളിൽ ഓരോ ദിവസം താമസിച്ച് അവിടുത്തെ സൗകര്യങ്ങൾ മനസിലാക്കാൻ റിതേഷ് മുന്നിട്ടിറങ്ങി.അക്കാര്യം ഉറപ്പാക്കിയതോടെ ഓയോ വളർച്ചയുടെ പടവുകൾ കയറാൻ തുടങ്ങി.

50,000 മുതൽ 60,000 വരെ വരുമാനം ഉണ്ടാക്കിയിരുന്ന ഹോട്ടലുകളുടെ വരുമാനം ഓയോക്ക് കീഴിലായതോടെ 10- 12 ലക്ഷം വരെയായി ഉയർന്നതോടെ ഓയോ റൂംസിന്റെ പ്രചാരം അതിവേഗം വർധിച്ചു. മുറികൾക്ക് ശരാശരി 999 രൂപയാണ് നിരക്ക്. കുറഞ്ഞ നിരക്കിൽ മികച്ച നിലവാരം ഉറപ്പുവരുത്താനായതോടെ ഓയോ റൂംസിന്റെ ബ്രാൻഡ് മൂല്യം കുത്തനെ കൂടി. വൻകിട ഉപഭോക്താക്കളേക്കാൾ ഇടത്തരം ഉപഭോക്താക്കളെയാണ് ഓയോ ലക്ഷ്യം വെച്ചത്.

ഇന്ത്യയിലെ 100ലേറെ നഗരങ്ങളിലായി 2000ത്തിലേറെ ഹോട്ടലുകൾ ഓയോ ശൃംഖലയിലുണ്ട്. ഇതിലെല്ലാമായി 20,000ത്തിലേറെ മുറികളാണ് ഓയോ കൈകാര്യം ചെയ്യുന്നത്. ഇന്ത്യയിലെ എല്ലാ മെട്രോനഗരങ്ങളിലും ഋഷികേഷ്, മധുര, തിരുപ്പതി, ലഡാക് എന്നു തുടങ്ങി ഒട്ടുമിക്ക കേന്ദ്രങ്ങളിലേക്കും ഓയോ എത്തിക്കഴിഞ്ഞു. കേരളത്തിൽ കോവളം, തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി, ഗുരുവായൂർ, ആലപ്പുഴ, കുമരകം എന്നിവിടങ്ങളിലെല്ലാം ഓയോ റൂംസുണ്ട്.

ഇപ്പോൾ കമ്പനിയുടെ മൂല്യം ഏതാണ്ട് 40 കോടി ഡോളറായിട്ടുണ്ട്. അതായത്, 2,600 കോടി രൂപ. ലോകത്തിലെ ഏറ്റവും വലിയ ഹോട്ടൽ ശൃംഖലയായി 'ഓയോ റൂംസി'നെ മാറ്റുക എന്നതാണ് തന്റെ ഏറ്റവും വലിയ ലക്ഷ്യമെന്ന് പറയുന്നു.