കൊച്ചി: റിതികാ 2015 ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കോഡിങ് മത്സര വിജയിക്ക് ജോലി വാഗ്ദാനവുമായി ഇൻഫർമേഷൻ സൊലൂഷൻസ് കമ്പനിയായ യു.എസ്.ടി ഗ്ലോബൽ. ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിലെ എം.സി.എ വിഭാഗവും പ്രമുഖ പരിസ്ഥിതി സംഘടനയായ പ്ലാൻ @ എർത്തും സംയുക്തമായാണ് മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന ഇന്റർ കോളേജ് ടെക്‌നിക്കൽ കൾച്ചറൽ ഫെസ്റ്റിവെലായ 'റിതിക 15' സംഘടിപ്പിക്കുന്നത്.

'ലോയിസ്തവ കോഡിഗോ' എന്ന് പേരിട്ടിരിക്കുന്ന കോഡിങ് മത്സരത്തിൽ കേരളത്തിലെ 20 കോളേജുകളിൽ നിന്നായി 54 വിദ്യാർത്ഥികൾ പങ്കെടുത്തു. 'റിതിക 15' ൽ വിവിധ കോളേജുകളിൽ നിന്നായി എണ്ണൂറോളം വിദ്യാർത്ഥികൾ പങ്കെടുക്കും. ഫെബ്രുവരി അഞ്ച് മുതൽ ഏഴ് വരെയാണ് റിതിക 15 ലെ കൾച്ചറൽ പ്രോഗ്രാമുകൾ നടക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്ന സുനിൽ ബാലകൃഷ്ണൻ, ഗ്ലോബൽ ഹെഡ്, സെന്റർ ഓപ്പറേഷൻസ്,  യു.എസ്.ടി ഗ്ലോബൽ, മുഖ്യ പ്രഭാഷണം നടത്തി.

'സമൂഹവുമായി മികച്ച ബന്ധം സ്ഥാപിക്കുന്നതിനും അർഹരായ യുവ പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിലൂടെ ലോകത്ത് വിജ്ഞാന സമ്പന്നത സൃഷ്ടിക്കുന്നതിലും യു.എസ്.ടി ഗ്ലോബൽ പ്രതിജ്ഞാബദ്ധമാണ്. വ്യക്തികൾക്ക് പ്രൊഫഷണൽ കരിയറിൽ വിജയം വരിക്കുന്നതിന് സഹായിക്കുന്നതിനായി സ്റ്റെം (സയൻസ്, ടെക്‌നോളജി, എഞ്ചിനീയറിങ്, മാത്തമാറ്റിക്‌സ്) ട്രെയിനിങ്ങിൽ ഞങ്ങൾ മികച്ച നിക്ഷേപം നടത്തി വരികയാണ്. കൂടാതെ വിദ്യാർത്ഥികളെ സ്വയം തൊഴിൽ പര്യാപ്തരാക്കുന്നതിന് സർവ്വകലാശാലകളുമായി ചേർന്ന് പ്രവർത്തിക്കുന്നു. റിതിക 15 ഒരു മികച്ച വേദിയാണ്. കഴിവുള്ളവരെ ഖണ്ടെത്തുന്നതിലും പരിപോഷിപ്പിക്കുന്നതിലും യു.എസ്.ടി ഗ്ലോബൽ എക്കാലത്തും മുൻപന്തിയിൽ നിൽക്കുകയാണ്. ഇതുപോലുള്ള നിരവധി സംരംഭങ്ങളിൽ തുടർന്നും ഞങ്ങൾ സഹകരിക്കും.' അദ്ദേഹം അഭിപ്രായപ്പെട്ടു.
സയന്റിസ്റ്റും കൊച്ചി എൻ.പി.ഒ.എൽ പ്രിൻസിപ്പൽ പ്രോജക്ട് ഡയറക്ടറുമായ പ്രിൻസ് ജേക്കബ് ഉദ്ഘാടന ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു.
വിദ്യാർത്ഥികൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ കഴിയുന്ന നിരവധി മത്സരങ്ങൾ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടെക്‌നിക്കൽ ഇനങ്ങളായ കോഡിങ്, ഗെയിമിങ്, വെബ്‌സൈറ്റ് ഡിസൈനിങ്, നോൺ ടെക്‌നിക്കൽ ഇനങ്ങളായ ഗ്രൂപ്പ് ഡാൻസ്, സ്ട്രീറ്റ് പ്ലേ, ഗ്രീൻ ഐ.ടി എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള കണ്ടിന്യൂസ് പോസ്റ്റർ എന്നിവയും റിതിക 15 ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതി സൗഹൃദ ഉത്പ്പന്നങ്ങൾ, ഇ-വെയിസ്റ്റ് കലാരൂപങ്ങൾ എന്നിവയുടെ വിപണനവും പ്രദർശവും ഫെസ്റ്റിവെലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫെസ്റ്റിവലിന്റെ ഭാഗമായി ഏഴിന് ഇ-വെയിസ്റ്റ് മാനേജ്‌മെന്റ് എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ഏകദിന സെമിനാറിൽ ഇന്ത്യയിലെ കോർപ്പറേറ്റ്-വ്യവസായ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. കേരളത്തിലെ വിവധ കോളേജുകളിലെ വിദ്യാർത്ഥികൾക്ക് പുറമെ ഇന്ത്യയിലെ കോർപ്പറേറ്റ്-വ്യവസായ രംഗത്തെ നിരവധി വ്യക്തികളും ചടങ്ങിൽ പങ്കെടുക്കും.