തിരുവനന്തപുരം: ഭക്തജനങ്ങളിൽ നിന്ന് രക്തം സ്വീകരിച്ചുകൊണ്ട് മഹാഘോര കാളിയജ്ഞം. തിരുവനന്തപുരം ജില്ലയിലെ വിതുര ദേവിയോട് ശ്രീവിദ്വാരി വൈദ്യനാഥ ക്ഷേത്രത്തിലെ നോട്ടീസിലെ വാചകമാണിത്. തൊട്ടിലാട്ടം, സമൂഹസദ്യ, ബാലാംബിക ഊട്ട്,മഞ്ഞളാട്ടം എന്നിവയുടെ കൂട്ടത്തിലാണ് ഭക്തജനങ്ങളിൽ നിന്ന് രക്തം സ്വീകരിക്കുന്ന കാര്യവും അറിയിക്കുന്നു. ക്ഷേത്രോൽസവത്തിന്റെ ഭാഗമായാണ് മഹാഘോര കാളിയജ്ഞം നടത്തുന്നത്.

ഉൽസവത്തിന്റെ രണ്ടാം ദിവസമായ മാർച്ച് 12 മുതൽ 23 വെള്ളിയാഴ്ച വരെ വൈകുന്നേരം 6.30 നാണ് പരിപാടി. ദീപാരാധനയും രക്തം സ്വീകരിച്ചുകൊണ്ട് യ്ജ്ഞവും ആരംഭിക്കും. ക്രിയസന്ധികളിൽ മനുഷ്യരക്തം കൊണ്ട് കാളിയെ കുളിപ്പിക്കും.ശാസ്ത്രീയ സുരക്ഷയോടെ ഗവൺമെന്റ് അംഗീകൃത വിദദ്ധരാൽ ഡിസ്‌പോസിബിൾ സിറിഞ്ച് ഉപയോഗിച്ച് രക്തം സ്വീകരിക്കുമെന്നാണ് നോട്ടീസിലുള്ളത്.

ആരെയും നിർബന്ധിച്ച് യജ്ഞത്തിൽ പങ്കെടുപ്പിക്കില്ലെന്ന് ക്ഷേത്രഭാരവാഹികൾ പറയുന്നു. സ്വമേധയാ സന്നദ്ധമാവുന്ന വിശ്വാസികളിൽ നിന്ന് മാത്രമായിരിക്കും രക്തം സ്വീകരിക്കുക.യജ്ഞത്തെ കുറിച്ച് വിതുര പൊലീസിന് വിവരമൊന്നുമില്ല.എന്നാൽ, നോട്ടീസ് ശ്രദ്ധയിൽ പെട്ടതോടെ അന്വേഷണം നടത്തുന്നുണ്ട്.യജ്ഞവുമായി ബന്ധപ്പെട്ട് പരാതിയൊന്നും കിട്ടിയിട്ടുമില്ല.

രക്തം സ്വീകരിച്ചുള്ള മഹോഘോര യജ്ഞത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതികരണങ്ങളാണ് വരുന്നത്.

'രക്തം കിട്ടാതെ ആളുകൾ മരിക്കുന്ന ലോകത്തു ഇങ്ങനെ തന്നെ ദൈവത്തെ പ്രീതിപ്പെടുത്തണം....രക്തം കുടിച്ചു ദാഹം മാറ്റുകയും ശുദ്ധി വരുത്തുകയും ചെയുന്ന ദൈവങ്ങൾ.. എന്റെ ദൈവങ്ങളെ'

'ഇതൊന്നും ഒരു കാലത്തും നന്നാവുമെന്ന് തോന്നുന്നില്ല. രക്തം കിട്ടാതെ നൂറുകണക്കിനു പേർ ഇപ്പോഴും മരിക്കുന്നുണ്ട്. അപ്പോഴാണ് ഇത്തരം പേക്കൂത്തുകൾ. രക്ത ദുരുപയോഗത്തിനും വിശ്വാസ ചൂഷണത്തിനുമെതിരെ കേസെടുക്കണം'

'അടിപൊളി...സാക്ഷരത ഒന്നാം സ്ഥാനത്തുണ്ടായ പോര...വിവരോം വേണംന്ന് മനസ്സിലായി..എന്തോന്നടേയ്....നല്ല മനുഷ്യര് തന്നെ... ഞങൾ കൊടുക്കണേന് നിങ്ങൾക്ക് എന്താന്നുള്ള ചോദ്യം ഞങ്ങൾ ബലി നൽകുന്നതിന് നിങ്ങൾക്ക് എന്താ ന്ന് മാറാൻ വല്യ താമസോണ്ടാവില്ല.'