- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരിച്ചവരുടെ ആത്മാവിന് നിത്യശാന്തി നേരാൻ അസ്ഥിനൃത്തം; അസ്ഥിപഞ്ജരങ്ങൾ പുറത്തെടുത്ത് പുതുവസ്ത്രം ധരിപ്പിക്കും; തോളിലേറ്റി ആനന്ദ നൃത്തമാടും; മദ്യ സൽക്കാരത്തോടെയുള്ള ഒരു സദ്യയും: മഡഗസ്സ്‌കറിലെ മാലാഗസി ഗോത്രക്കാരുടെ വിചിത്ര ആചാരത്തെ അറിയാം..
മരണം മനുഷ്യ ജീവിതത്തിലെ ഒഴിവാക്കാനാകാത്ത ഒരു അവസ്ഥയാണ്. അതുപോലെത്തന്നെ നമ്മളെ ഉപേക്ഷിച്ചുപോകാത്ത ഒന്നാണ് മരണമടഞ്ഞ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള ഓർമ്മകൾ. ആ ഓർമ്മകൾ താലോലിക്കുവാനും, അവരെ നമ്മൾ ഇപ്പോഴും ഓർക്കുന്നുവെന്ന് കാണിക്കുവാനും പല ആചാരങ്ങളും നിലവിലുണ്ട്. ഓർമ്മദിവസം, വാവുബലി അങ്ങനെ നിരവധി ആചാരാനുഷ്ഠാനങ്ങളിലൂടെ വിവിധ മതവിശ്വാസികൾ തങ്ങളെ വിട്ടുപോയവരുടെ ഓർമ്മ പുതുക്കാറുണ്ട്. ഓരോരുത്തരുടെ വിശ്വാസത്തിലൂന്നി, മരണമടഞ്ഞവരുടെ നിത്യശാന്തിക്കായും, ആത്മാവിന്റെ മോക്ഷത്തിനായുമൊക്കെ വിവിധ കർമ്മങ്ങൾ അനുഷ്ഠിക്കാറുമുണ്ട്. മഡഗസ്സ്‌കറിലെ മാലാഗസി ഗോത്രത്തിൽപെട്ടവരും ഇതിൽനിന്നും വ്യത്യസ്തരല്ല. തങ്ങളെ പലപ്പോഴായി വിട്ടുപിരിഞ്ഞവരെ അവർക്കും മറക്കാനാകില്ല. മറ്റേതു മനുഷ്യരേയുംപോലെ, അവരോടൊപ്പം ജീവിച്ച സമയത്തെ നല്ല മുഹൂർത്തങ്ങളൊക്കെയും അവർക്കും വിലപ്പെട്ടതാണ്. അതുകൊണ്ടാണ് അവരും മരണമടഞ്ഞവരുടെ ഓർമ്മ പുതുക്കാൻ ഒത്തുകൂടുന്നത്. പക്ഷെ അവരുടെ ആചാരരീതികളാണ് അവരെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാക്കുന്നത്. ഫാമാഡിഹാന എന്ന അസ്ഥ
മരണം മനുഷ്യ ജീവിതത്തിലെ ഒഴിവാക്കാനാകാത്ത ഒരു അവസ്ഥയാണ്. അതുപോലെത്തന്നെ നമ്മളെ ഉപേക്ഷിച്ചുപോകാത്ത ഒന്നാണ് മരണമടഞ്ഞ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള ഓർമ്മകൾ. ആ ഓർമ്മകൾ താലോലിക്കുവാനും, അവരെ നമ്മൾ ഇപ്പോഴും ഓർക്കുന്നുവെന്ന് കാണിക്കുവാനും പല ആചാരങ്ങളും നിലവിലുണ്ട്.
ഓർമ്മദിവസം, വാവുബലി അങ്ങനെ നിരവധി ആചാരാനുഷ്ഠാനങ്ങളിലൂടെ വിവിധ മതവിശ്വാസികൾ തങ്ങളെ വിട്ടുപോയവരുടെ ഓർമ്മ പുതുക്കാറുണ്ട്. ഓരോരുത്തരുടെ വിശ്വാസത്തിലൂന്നി, മരണമടഞ്ഞവരുടെ നിത്യശാന്തിക്കായും, ആത്മാവിന്റെ മോക്ഷത്തിനായുമൊക്കെ വിവിധ കർമ്മങ്ങൾ അനുഷ്ഠിക്കാറുമുണ്ട്.
മഡഗസ്സ്‌കറിലെ മാലാഗസി ഗോത്രത്തിൽപെട്ടവരും ഇതിൽനിന്നും വ്യത്യസ്തരല്ല. തങ്ങളെ പലപ്പോഴായി വിട്ടുപിരിഞ്ഞവരെ അവർക്കും മറക്കാനാകില്ല. മറ്റേതു മനുഷ്യരേയുംപോലെ, അവരോടൊപ്പം ജീവിച്ച സമയത്തെ നല്ല മുഹൂർത്തങ്ങളൊക്കെയും അവർക്കും വിലപ്പെട്ടതാണ്. അതുകൊണ്ടാണ് അവരും മരണമടഞ്ഞവരുടെ ഓർമ്മ പുതുക്കാൻ ഒത്തുകൂടുന്നത്. പക്ഷെ അവരുടെ ആചാരരീതികളാണ് അവരെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാക്കുന്നത്. ഫാമാഡിഹാന എന്ന അസ്ഥിനൃത്തത്തിലൂടെയാണ് അവർ, മരണമടഞ്ഞ പ്രിയപ്പെട്ടവരെ ഓർത്തെടുക്കുന്നത്.
മാലാഗസി ഗോത്രവർഗ്ഗ വിശ്വാസമനുസരിച്ച്, മരണമടഞ്ഞ ഒരാളുടെ ആത്മാവ്, പരേതാത്മാക്കളുടെ ലോകത്തെത്തണമെങ്കിൽ, അയാളുടെ ഭൗതിക ശരീരം തീർത്തും ജീർണ്ണിക്കണം. അതുവരെ അയാളുടെ ആത്മാവ് ഈ ഭൂമിയിൽ തന്നെ തുടരും. ഇവിടെ തുടരുന്ന ആത്മാവിനെ ഇടക്കിടെ വിളിച്ചുണർത്തി ആഹ്ലാദിപ്പിക്കണം, ഇല്ലെങ്കിൽ, തങ്ങൾ മറന്നുപോയി എന്നു കരുതി ആ ആത്മാക്കൾ വിഷമിക്കും.
അതൊഴിവാക്കാനാണ് ഏഴുവർഷത്തിലൊരിക്കൽ, കുടുംബാംഗങ്ങളൊക്കെ ഒത്തുകൂടി, ഏഴുവർഷത്തിനുള്ളിൽ മരണമടഞ്ഞ പ്രിയപ്പെട്ടവരുടെ കുഴിമാടങ്ങൾ തുറക്കുന്നത്. അതിൽ ജീർണ്ണിക്കാതെ കിടക്കുന്ന അസ്ഥിപഞ്ജരമുണ്ടെങ്കിൽ അത് പുറത്തെടുത്ത്, പുതിയ വസ്ത്രം ധരിപ്പിച്ച് അതിനെയും തോളിലേറ്റി ആനന്ദ നൃത്തമാടും. പിന്നെ മദ്യ സൽക്കാരത്തോടെയുള്ള ഒരു സദ്യയും.
ആഹ്ലാദാരവങ്ങൾക്കൊടുവിൽ സൂര്യനസ്തമിക്കുമ്പോൾ, പ്രിയപ്പെട്ടവരോടൊപ്പം ആടിത്തിമിർത്ത ആത്മാവിനെ, അസ്ഥിപഞ്ജരത്തോടൊപ്പം കുഴികളിൽ, പൂർവ്വസ്ഥിതിയിൽ അടക്കം ചെയ്യും. അടുത്ത ഏഴുവർഷത്തിനുള്ളിൽ, ഭൗതിക ശരീരം പൂർണ്ണമായും നശിച്ച്, ആത്മാവ്, പരേതാത്മാക്കളുടെ ലോകത്തെത്തുമെന്ന വിശ്വാസത്തോടെ.
ഇത് പക്ഷെ ഒരു കുടുംബ ചടങ്ങായിരിക്കില്ല മിക്കപ്പോഴും. ഒരുപാടു കുടുംബങ്ങൾ ഒത്തുകൂടി, തങ്ങളുടെ പ്രിയപ്പെട്ടവരുടെ, ഇനിയും പൂർണ്ണമായും ജീർണ്ണിക്കാത്ത ശരീരഭാഗങ്ങളുമായി ഒത്തുകൂടാറാണ് പതിവ്. ചടുലതാളത്തിലുള്ള പാട്ടിനൊപ്പം ആണും പെണ്ണൂം ആടിത്തിമിർക്കും. അതുകണ്ട് ആത്മാക്കൾ നിർവൃതികൊള്ളും. പിന്നെ, അവർകഴിക്കുന്ന ആഹാരത്തിലെ ഒരംശം ഉൾക്കൊണ്ട് അനുഗ്രഹിക്കും. സന്താന സൗഭാഗ്യത്തിനും ഐശ്വര്യവർദ്ധനത്തിനും ആത്മാക്കളുടെ അനുഗ്രഹം ആവശ്യമാണെന്നാണ് ഇവരുടെ വിശ്വാസം.
ഏതായാലും ഇപ്പോൾ ഈ ആചാരത്തിനുള്ള പ്രസക്തി കുറഞ്ഞുവരികയാണ്. സാമ്പത്തിക ക്ലേശവും, പിന്നെ കൃസ്ത്യൻ മിഷിനറിമാരുടെ പ്രവർത്തനവുമാണ് ഈ ആചാരത്തിന്റെ പ്രചാരം കുറക്കാൻ ഇടയാക്കിയത്. പല കൃസ്ത്യൻ സഭകളും ഇതിനെ എതിർക്കുന്നുണ്ടെങ്കിലും, ഇത് മതപരമായ ചടങ്ങല്ല, ഒരു സാംസ്‌കാരിക പൈതൃകമാണ് അതുകൊണ്ടിത് എതിർക്കപ്പെടേണ്ട ഒന്നല്ല എന്ന നിലപാടാണ് കത്തോലിക്ക സഭ എടുത്തിരിക്കുന്നത്.