- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നദികളിൽ റിവർ ബെഡ് കുറഞ്ഞു; ഭൂമിയിൽ ജലം റീചാർജ് ചെയ്യുന്നതിനുള്ള മാർഗങ്ങളും ഇല്ല; ചരിവുള്ള പ്രതലത്തിൽ വെള്ളം കെട്ടിക്കിടക്കാതെ ഒഴുകിപ്പോയി; ചതുപ്പ് നിലങ്ങളുടെ അഭാവവും കൃഷിയിടങ്ങളിൽ കയ്യാലകളുടെ അഭാവവും മണ്ണിൽ വെള്ളം ഇറങ്ങിപ്പോകാത്തതിന് കാരണം; വരാൻ പോകുന്നത് വരൾച്ചയുടെ കാലം; നദികൾ അതിവേഗം വറ്റി വളരുമ്പോൾ
കോട്ടയം: ഈ മാസത്തിന്റെ തുടക്കത്തിൽ അതി തീവ്രമഴയാണ് പെയ്തത്. അണക്കെട്ടുകളെല്ലാം തുറന്നു വിടേണ്ട തരത്തിലെ മഴ. പക്ഷേ മഴ മാറുമ്പോൾ ചൂടു കടുക്കുന്നു. ഇത് കാരണം അതിവേഗം ആറുകളിൽ ജലനിരപ്പ് പകുതിയോളം താഴ്ന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ മറ്റൊരു ദുരന്തമാണ് ഇത്. അതായത് ഒന്നര മാസത്തിനുള്ളിൽ വീണ്ടും മഴ എത്തിയില്ലെങ്കിൽ കേരളം വരൾച്ചയെ നേരിടേണ്ടി വരുമെന്ന് സാരം.
നദികളിൽ വെള്ളം തടഞ്ഞു നിർത്തുന്നതിനുണ്ടായിരുന്ന റിവർ ബെഡ് കുറഞ്ഞതാണ് ഇതിന് പ്രധാന കാരണം. ഭൂമിയിൽ ജലം റീചാർജ് ചെയ്യുന്നതിനുള്ള മാർഗങ്ങളും ഇല്ലാതായി. ഇതെല്ലാം ശുദ്ധജലസ്രോതസ്സുകൾ അതിവേഗം വറ്റിവരളുന്നതിനു കാരണമാകുന്നു. ചരിവുള്ള പ്രതലത്തിൽ വെള്ളം കെട്ടിക്കിടക്കാതെ ഒഴുകിപ്പോകുകയാണ്. ചതുപ്പ് നിലങ്ങളുടെ അഭാവവും കൃഷിയിടങ്ങളിൽ കയ്യാലകളുടെ അഭാവവും വെള്ളമൊഴുക്ക് ശക്തമാക്കുന്നു. മണ്ണിൽ വെള്ളം ഇറങ്ങിപ്പോകാൻ സംവിധാനമില്ല. ഇതിനൊപ്പമാണ് ചൂടു കൂടുതലും.
മീനച്ചിലാറിൽ പാലാ ഭാഗത്ത് നാലിന് 12.385 മീറ്ററായിരുന്നു ജല നിരപ്പ്. ഇന്നലെ ഉച്ചയ്ക്ക് അതേ സ്ഥലത്ത് രേഖപ്പെടുത്തിയ ജലനിരപ്പ് 6.135 മാത്രം. 12 ദിവസം കൊണ്ട് ജലനിരപ്പ് പകുതിയോളം കുറഞ്ഞു. മണിമലയാറ്റിലെ ജലനിരപ്പ് കുറഞ്ഞത് 22% എന്ന് ഹൈഡ്രോളജി വകുപ്പ്. ഒന്നിനും രണ്ടിനും മണിമലയാറ്റിലെ ജലനിരപ്പ് മുണ്ടക്കയത്തെ സ്‌കെയിൽ അപകട നിരപ്പ് കഴിഞ്ഞ് 59.895 ഉയർന്നിരുന്നു. അതായത് അതിവേഗമാണ് വെളഴ്‌ളം കുറയുന്നത്. മണിമലയാറിലെ ജനനിരപ്പ് ഇന്നലെ ഉച്ചയ്ക്ക് ഇത് 55.005 മീറ്ററായി താഴുന്നു.
മീനച്ചിൽ, മണിമലയാറുകളിൽ ജലനിരപ്പ് താഴ്ന്നതോടെ തോടുകളിലും കൈത്തോടുകളിലും ഒഴുക്കിന്റെ ശക്തി കുറഞ്ഞു. ഒപ്പം ജല സ്രോതസ്സുകളിലെ ജലനിരപ്പു താഴ്ന്നു തുടങ്ങി. അണക്കെട്ടുകളിലും ജലനിരപ്പ് കുറയുകയാണ്. അതിവേഗം വെള്ളം ഒഴുകി കടലിലേക്ക് പോകുന്നതും ജലനിരപ്പ് കുറയാൻ കാരണമായി. മൂന്നു ദിവസമായി കോട്ടയം ജില്ലയിൽ ഒരിടത്തും മഴ ലഭിച്ചിട്ടില്ല. സംസ്ഥാനത്ത് കോട്ടയത്താണ് അവസാനം മഴ ലഭിച്ചത്.
കഴിഞ്ഞ 14ന് 0.2 മില്ലിമീറ്റർ മഴയാണ് കോട്ടയത്ത് കിട്ടിയത്. ജില്ലയിൽ ഓഗസ്റ്റ് ഒന്നു മുതൽ ഇന്നലെ വരെ ലഭിച്ചത് 2820.0 മില്ലിമീറ്റർ മഴയാണ്. ശരാശരി മഴ 402.99 മില്ലിമീറ്റർ. 741 മില്ലിമീറ്റർ മഴ ലഭിച്ച തീക്കോയി മേഖലയിലാണ് കൂടുതൽ മഴ പെയ്തത്.
മറുനാടന് മലയാളി ബ്യൂറോ