റിയാദ്: റിയാദ് ഇന്ത്യൻ മീഡിയ ഫോറം (റിംഫ്) ശീതകാല കുടുംബ സംഗമം സംഘടിപ്പിച്ചു. തുമാമ മരുഭൂമിയിൽ തമ്പ് കെട്ടിയാണ് ആഘോഷ പരിപാടികൾ നടന്നത്. ഉച്ചകഴിഞ്ഞ് തുടങ്ങിയ പരിപാടികൾ അർദ്ധരാത്രി വരെ നീണ്ടു. വിവിധ കലാകായിക വിനോദ വിജ്ഞാന പരിപാടികളിലും മണലിലൂടെയുള്ള സ്‌കൂട്ടർ റൈഡിങ്ങിലും കുടുംബിനികളും കുട്ടികളുമടക്കം പങ്കെടുത്തു.

പ്രവാസി വ്യവസായി മജീദ് ചിങ്ങോലി പരിപാടി ഉദ്ഘാടനം ചെയ്തു. റിംഫ് പ്രസിഡന്റ് നജിം കൊച്ചുകലുങ്ക് അധ്യക്ഷത വഹിച്ചു. വിവിധ നേട്ടങ്ങൾക്കർഹരായ റിംഫ് അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. ലോക കേരള സഭ അംഗമായി തെരഞ്ഞെടുക്കപ്പെട്ട അശ്‌റഫ് വേങ്ങാട്, ഫോട്ടോ ജേർണലിസത്തിന് ഇന്ത്യൻ അംബാസഡറുടെ പ്രശംസ ലഭിച്ച ജലീൽ ആലപ്പുഴ, നവയുഗം സാഹിത്യ പുരസ്‌കാര ജേതാവ് നജിം കൊച്ചുകലുങ്ക് എന്നിവർക്കുള്ള പ്രശംസാ ഫലകങ്ങൾ ഉബൈദ് എടവണ്ണ, റഷീദ് ഖാസിമി, ഷക്കീബ് കൊളക്കാടൻ എന്നിവർ സമ്മാനിച്ചു.

ബഹ്‌റൈനിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയിൽ നിന്ന് ഗോപിയോ ഗ്ലോബൽ കൺവെൻഷൻ അവാർഡ് സ്വീകരിച്ച മജീദ് ചിങ്ങോലിക്കുള്ള പ്രശംസാ ഫലകം നൗഷാദ് കോർമത്ത് കൈമാറി. ബഷീർ പാങ്ങോട്, അക്‌ബർ വേങ്ങാട്ട്, വി.ജെ നസ്റുദ്ദീൻ, ഷെഫീക് കിനാലൂർ, സുലൈമാൻ ഊരകം, നൗഫൽ പാലക്കാടൻ, മൈമൂന അബ്ബാസ്, പി. ഷംസുദ്ദീൻ, മുജീബ്, നാദിർഷ, ജയൻ കൊടുങ്ങല്ലൂർ, സലിം പള്ളിയിൽ, സി.വി കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.

ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും ട്രഷറർ കെ.സി.എം അബ്ദുല്ല നന്ദിയും പറഞ്ഞു. ബഷീർ പാങ്ങോട്, റഷീദ് ഖാസ്മി എന്നിവർ പരിപാടികൾക്ക് നേത്യത്വം നൽകി. വിവിധ കലാകായികപരിപാടികൾ നടനനു. പരിപാടിയിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.