റിയാദ്: സിലബസിലില്ലാത്ത പൊതുവിജ്ഞാനം ആർജ്ജിക്കാനുള്ള വിദ്യാർത്ഥികളുടെ അഭിവാഞ്ഛ വെളിവായ പരിപാടിയായിരുന്നു സിറ്റിഫ്‌ളവർ ഷോപ്പിങ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് റിയാദ് ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിച്ച മീഡിയ ചാറ്റ്. മാദ്ധ്യമമേഖലയെ കുറിച്ച് അറിയാൻ അടങ്ങാത്ത അഭിനിവേശവുമായി കണ്ണുംകാതും തുറന്ന് പ്രവാസി കുട്ടികൾ നാലുമണിക്കൂറിലേറെയാണ് ഏറെ വ്യത്യസ്തതകളോടെ നടന്ന പരിപാടിയിലിരുന്നത്.

പുതിയ തലമുറ പത്രം വായിക്കുന്നില്ല, വാർത്തകൾ നിരീക്ഷിക്കുന്നില്ല എന്ന മുതിർന്നവരുടെ വിലയിരുത്തലുകൾ തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു മാദ്ധ്യമപ്രവർത്തനം സംബന്ധിച്ച് ഒരോ കാര്യങ്ങളും സൂക്ഷ്മമായി ചോദിച്ചറിയാൻ റിയാദിലെ വിവിധ ഇന്ത്യൻ സ്‌കൂളുകളിലെ വിദ്യാർത്ഥികളായ അവർ പ്രകടിപ്പിച്ച താൽപര്യം.

ഷോപ്പിങ് ഫെസ്റ്റിവൽ സമാപന പരിപാടി നടന്ന റിയാദ് എക്‌സിറ്റ് 30 ബഗ്ലഫിലെ അൽദൗല ഓഡിറ്റോറിയത്തിൽ സിറ്റിഫ്‌ളവറിന്റെ വിദ്യാഭ്യാസ വിങ്ങായ 'സിനർജി'യുടെ സഹകരണത്തോടെയാണ് മീഡിയ ഫോറം പരിപാടി സംഘടിപ്പിച്ചത്. വിവിധ പ്രായത്തിലുള്ള കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്ത പരിപാടിയിൽ 'വാർത്ത സോഴ്‌സുകളും റിപ്പോർട്ടിങ്ങും' എന്ന വിഷയത്തിൽ വി.ജെ നസ്‌റുദ്ദീൻ വിഷ്വൽ പ്രസൻേറഷന്റെ സഹായത്തോടെ ക്ലാസെടുത്തു. നജിം കൊച്ചുകലുങ്ക് മാദ്ധ്യമാവബോധന പരിപാടിയുടെ ആമുഖം അവതരിപ്പിച്ചു. മാദ്ധ്യമരംഗവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉൾപ്പെടുത്തി ഷക്കീബ് കൊളക്കാടൻ ക്വിസ് മത്സരം നടത്തി. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് പരിപാടിയുടെ അവസാനം വാർത്തയെഴുത്ത് മത്സരവും സംഘടിപ്പിച്ചു.

ഉദ്ഘാടന ചടങ്ങിൽ മീഡിയ ഫോറം പ്രസിഡന്റ് ബഷീർ പാങ്ങോട് അധ്യക്ഷത വഹിച്ചു. നോർക ജനറൽ കൺസൾട്ടന്റ് ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. സിറ്റിഫ്‌ളവർ മാനേജിങ് ഡറയക്ടർ ടി.എം അഹ്മദ് കോയ, സി.ഒ.ഒ ഫസൽ റഹ്മാൻ തുടങ്ങിയവർ ആശംസകൾ നേർന്നു. ചീഫ് കോഓർഡിനേറ്റർ നാസർ കാരന്തൂർ സ്വാഗതം ആശംസിച്ചു. ക്വിസ് മത്സരത്തിൽ സെമിൽ ഷാജഹാൻ, ഷഹീർ, അഫ്‌റാസ് എന്നിവർ വിജയികളായി. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ഉബൈദ് എടവണ്ണ, നരേന്ദ്രൻ ചെറുകാട്, ഷംനാദ് കരുനാഗപ്പള്ളി, സുരേഷ് ചന്ദ്രൻ, റബീഅ് മുഹമ്മദ്, കെ.സി.എം അബ്ദുല്ല, ജലീൽ ആലപ്പുഴ, ഗഫൂർ മാവൂർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.