റിയാദ്: സിനിമാ, മിമിക്‌സ് കലാകാരൻ കലാഭവൻ അബിയുടെ നിര്യാണത്തിൽ റിയാദിലെ കലാസംസ്‌ക്കാരീക വേദിയായ റിയാദ് ടാക്കീസ് അനുശോചനം രേഖപ്പെടുത്തി. ഷിഫയിൽ കൂടിയ അനുശോചന യോഗത്തിൽ പ്രസിഡന്റ് സലാം പെരുമ്പാവൂർ അധ്യക്ഷത വഹിച്ചു. അനുകരണ കലയെ ജനകീയമാക്കുന്നതിൽ അബി വഹിച്ച പങ്ക് വളരെ വലുതായിരുന്നുവെന്നും, വളർന്ന് വന്ന പല മിമിക്‌സ് കലാകാരന്മർക്കും അദ്ദേഹം ഒരു പ്രചോദനമായിരുന്നുവെന്നും ടാക്കീസ് വൈസ് പ്രസിഡന്റും മിമിക്‌സ് കലാകാരനുമായ ഫാസിൽ ഹാഷിം അഭിപ്രായപ്പെട്ടു.

കൊച്ചിൻ ഹരിശ്രീ, കലാഭവൻ തുടങ്ങിയ പ്രശസ്ത ഗ്രൂപ്പുകളിലൂടെ തുടക്കം കുറിച്ച അബി അമ്പതോളം സിനിമകളിൽ തന്റെ അഭിനയ പാടവം തെളിയിച്ചു. ഹാസ്യകഥാപാത്രങ്ങൾക്കു പുറമെ ഗൗരവമേറിയ കഥാപാത്രങ്ങളും അവതരിപ്പിച്ചു. മജു, ഹരിമോൻ, ജലീൽ കൊച്ചിൻ, സുരേഷ് കുമാർ, അലി ആലുവ, ഷാൻ പെരുമ്പാവൂർ, നൗഷാദ് അസീസ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. സെക്രട്ടറി നവാസ് ഓപ്പീസ് സ്വാഗതവും ട്രഷറർ രാജീവ് മാരൂർ നന്ദിയും രേഖപ്പെടുത്തി.