- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂയംകുട്ടിയിൽ 'ശരിയായ' റൂട്ടിൽ പൊതുമരാമത്ത് വകുപ്പ്; മുല്ലപ്പെരിയാറിൽ 'വഴി തെറ്റി' വനം വകുപ്പും; പൊതുമരാമത്ത് കാണിച്ച ജാഗ്രത പോലും വനം വകുപ്പ് അന്തർസംസ്ഥാന വിഷയത്തിൽ കാണിച്ചില്ലെന്നും ആക്ഷേപം ശക്തമാകുമ്പോൾ
കൊച്ചി: മുല്ലപ്പെരിയാറിൽ കേന്ദ്ര വനം നിയമം അട്ടിമറിച്ചു കൊണ്ട് മരം മുറിക്കാൻ തിടുക്കപ്പെട്ട് വനം വകുപ്പ് അനുമതി നൽകിയത് ആളിക്കത്തുമ്പോൾ, കോതമംഗലം പൂയംകുട്ടി വനമേഖലയിൽ പാലം നിർമ്മിക്കുന്നതിൽ പൊതുമരാമത്ത് വകുപ്പ് കാണിച്ച ജാഗ്രത ചർച്ചയാകുന്നു.
കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരി മെയ് 11-നാണ് പൂയംകുട്ടി മണികണ്ഠൻച്ചാൽ ചപ്പാത്ത് മഴക്കാലത്തു വെള്ളത്തിൽ മുങ്ങി കുട്ടമ്പുഴ ആദിവാസി മേഖലയിലേക്ക് കരയിലൂടെയുള്ള യാത്ര തടസപ്പെടുന്നത് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നൽകിയത്. പ്രധാനമന്ത്രിയുടെ ഓഫീസ് തുടർനടപടിക്കായി മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലിലേക്ക് കൈമാറുകയും ചെയ്തു.
ഇതിനു പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് സബ് ഡിവിഷൻ, എറണാകുളം, ഒക്ടോബർ 1ന് നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
പൂയംകുട്ടിയിലെ യാത്രാക്ലേശത്തിന് പരിഹാരമായി പുതിയ പാലം നിർമ്മിക്കുന്നതിനായുള്ള പ്രാഥമിക പരിശോധന പൂർത്തിയായി. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ പാലവും അപ്രോച്ച് റോഡുകളും വനം വകുപ്പിന്റെ വനമേഖലയിൽ പെടുന്നതിനാൽ, നിർമ്മാണത്തിന് 1980 ലെ കേന്ദ്ര വനം (സംരക്ഷണ) നിയമം അനുസരിച്ച് പരിസ്ഥിതി, വനം മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. വനം മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഗോവിന്ദൻ നമ്പൂതിരിക്ക് നൽകിയ മറുപടിയിൽ പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കുന്നു.
പൂയംകുട്ടി മണികണ്ഠൻച്ചാൽ ചപ്പാത്തിന്റെ അറ്റകുറ്റപ്പണിയും പുതിയ പാലവും ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യമായിട്ടു കൂടി പൊതുമരാമത്ത് വിഷയത്തിൽ പുലർത്തിയ ജാഗ്രത മന്ത്രി മുഹമ്മദ് റിയാസിനും നേട്ടമാണ്. വനനിയമം പാലിക്കേണ്ട വനം വകുപ്പ് മുല്ലപ്പെരിയാറിൽ 'വഴുതിവീണപ്പോൾ' പൊതുമരാമത്ത് ഉദ്യോഗസ്ഥർ നിയമം അനുസരിച്ചത് സർക്കാരിന് ആശ്വാസം നൽകുന്നു. പൂയംകുട്ടിയിൽ തടസ്സവാദം പറയുന്ന വനം വകുപ്പ് മുല്ലപ്പെരിയാറിൽ എല്ലാം 'ലളിതമാക്കി'.
മറുനാടന് മലയാളി ബ്യൂറോ