- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നാം വാർഷിക ദിനത്തിൽ മന്ത്രി റിയാസിന്റെ 'പെർഫോർമെൻസ് ' ചീറ്റിപ്പോയോ? കുളിമാട് പാലം തകർച്ച പൊതുമരാമത്തിന്റെ ഗ്ലാമർ തകർത്തുവെന്ന് വിലയിരുത്തൽ സജീവം; പാർട്ടി ശത്രുക്കൾ ആഹ്ലാദത്തിലോ? വീണ്ടും പഞ്ചവടിപാലം ചർച്ച എത്തുമ്പോൾ
തിരുവനന്തപുരം: പുത്തനച്ചി പുരപ്പുറം തൂക്കും എന്ന അവസ്ഥയിലായിരുന്നു പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് - മന്ത്രിയായ ആദ്യ നാളുകളിൽ പി .ഡബ്‌ളിയു.ഡി ഓഫീസുകൾ, റെസ്റ്റ് ഹൗസ്, വർക്ക് സൈറ്റുകൾ തുടങ്ങി ക്യാമറ പിടിക്കാൻ പറ്റുന്ന ഇടങ്ങൾ കേറിയിറങ്ങി വാർത്ത സൃഷ്ടിക്കലായിരുന്നു - ആ മധുവിധു കഴിഞ്ഞ് കാര്യത്തിലേക്ക് കടന്നപ്പോൾ സംഗതി തഥൈവ. കെടുകാര്യസ്ഥതയും അഴിമതിയും മരാമത്ത് വകുപ്പിൽ കൊടികുത്തി വാഴുന്നു - തട്ടിക്കൂട്ട് പണികളും, പഞ്ചവടി പാല നിർമ്മാണങ്ങളും വകുപ്പിൽ നിർബാധം തുടരുന്നു. എന്നിട്ടും മന്ത്രിയുടെ ബഡായികൾക്ക് ഒരു കുറവുമില്ല.
അപ്രതീക്ഷിതമായിരുന്നു മുഹമ്മദ് റിയാസിന്റെ മന്ത്രി പദവി. രണ്ട് തവണ എംഎൽഎ ആയ എ. എൻ. ഷംസീർ മന്ത്രി പദവിയിലെത്തും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. തുടർ ഭരണത്തിൽ ശൈലജ ടീച്ചർക്കു പോലും മന്ത്രി പദവി നിഷേധിക്കുകയും പുതിയ ടീമിനെ മന്ത്രി പദവികളിലേക്ക് ഉയർത്തുകയും ചെയ്ത പിണറായി വിജയൻ ഷംസീറിന്റെ മോഹം നിഷ്‌കരുണം വെട്ടി കളഞ്ഞു.
പകരമെത്തിയത് സ്വന്തം മകളുടെ ഭർത്താവായ മുഹമ്മദ് റിയാസായിരുന്നു. ആദ്യമായി എം.എൽ എ ആയ റിയാസിന് പലരും കണ്ണ് വച്ചിരുന്ന പൊതുമ രാമത്തും ടൂറിസവും നൽകി പിണറായി വീണ്ടും സി പി.എം കേന്ദ്രങ്ങളെ പോലും ഞെട്ടിച്ചു. ചരിത്രത്തിലാദ്യമായി തുടർ ഭരണം ലഭിക്കാൻ നേതൃത്വം നൽകിയ പിണറായിയോട് ഇതെന്ത് നീതിയെന്ന് ചോദിക്കാൻ കെൽപില്ലാതെ പാർട്ടിയിലെ എതിരാളികൾ തല കുനിച്ചു. ഇതെല്ലാം കണ്ടും കേട്ടും മിണ്ടാതിരിക്കാനെ അവർക്ക് ആദ്യമായിരുന്നൊള്ളു. എന്തിനധികം പറയുന്നു, പാർട്ടി കേന്ദ്ര നേതൃത്വം പോലും പിണറായിക്ക് മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കയാണ്.
പുതിയ മന്ത്രിമാർ നിരാശപെടുത്തിയപ്പോൾ ഏവരേയും അമ്പരപ്പിച്ച് വകുപ്പിൽ ചടുലമായ നീക്കങ്ങൾ നടത്താൻ റിയാസിനായി . പ്രത്യേകിച്ച് പൊതുമരാമത്ത് വകുപ്പിൽ . മിന്നൽ സന്ദർശനങ്ങൾ നടത്തി അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് ജനങ്ങളുടെ കയ്യടി നേടി റിയാസ് മുന്നോട്ട് പോയി. ടി വി ചാനലുകളിലെ റിപ്പോർറട്ടന്മാർ മന്ത്രിയെ പാടിപ്പുകഴ്‌ത്തി. വേലുത്തമ്പി ദളവയെപ്പോലെ നീതിമാനും അഴിമതി രഹിതനുമെന്നൊക്കെയായിരുന്നു വാഴ്‌ത്തുപാട്ടുകൾ ..
എന്നാൽ ടൂറിസം വകുപ്പിൽ യാതൊരു ചലനവും ഉണ്ടാക്കാൻ റിയാസിനായില്ല. ടൂറിസം അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വേണു റിയാസിനോടുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ടൂറിസം വകുപ്പ് വിട്ടു. എന്നാൽ പൊതുമരാമത്ത് വകുപ്പ് തന്റെ വരുതിയിൽ കൊണ്ട് വരാൻ ചെറിയ തോതിൽ റിയാസിന് കഴിഞ്ഞു. മറ്റ് മന്ത്രിമാരുടെ വകുപ്പിലെ മോശം പ്രകടനവും മണ്ടൻ പ്രസ്താവനകളും തമ്മിൽ ഭേദം തൊമ്മൻ എന്ന രീതിയിൽ റിയാസിനെ മികച്ച മന്ത്രിയായി ഉയർത്തി. തന്റെ പിൻഗാമി റിയാസ് ആയിരിക്കും എന്ന് ഉറക്കെ പറയാതെ തന്നെ പിണറായി തീരുമാനിച്ചു. ശംഖുമുഖം എയർപോർട്ട് റോഡ് ജനങ്ങൾക്കായി തുറന്ന് കൊടുത്ത് രണ്ട് മാസത്തിനുള്ളിൽ റോഡ് തകർന്നത് റിയാസിന് വിനയായി. രണ്ട് മഴ പെയ്തപ്പോഴേക്കും കൊച്ചി ഉൾപ്പടെയുള്ള നഗരങ്ങൾ വെള്ളത്തിനടിയിലായി.
ഇതിനെ തുടർന്ന് റോഡ് നിർമ്മാണത്തിൽ അപാകതകളിലും അഴിമതികളിലും മന്ത്രി മുഹമ്മദ് റിയാസിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വീണ എസ് നായർ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി. ചാലിയാറിന് കുറുകെ നിർമ്മാണത്തി ലിരിക്കുന്ന കുളിമാട് പാലം തകർന്നതും റിയാസിന്റെ പ്രതിച്ഛായ തകർത്തു. ഇതോടെ പ്രതിപക്ഷം റിയാസിനെതിരെ ശക്തമായി രംഗത്ത് വന്നു. സോഷ്യൽ മീഡിയയിൽ മിന്നൽ റിയാസ് എന്ന വിളിപേരിൽ അറിയപ്പെട്ട മന്ത്രി റിയാസ് ഇപ്പോൾ അറിയപ്പെടുന്നത് ' കൂളിമാട് റിയാസ് ' എന്ന പേരിലായി. പാർട്ടിയിലെ എതിരാളികളും റിയാസിന്റെ വീഴ്ചയിൽ സന്തോഷിച്ചു.
തന്റെ പകരക്കാരനാകണമെന്ന് മനസിൽ ആഗ്രഹിച്ച് വളർത്തി കൊണ്ട് വന്ന റിയാസിന്റെ പ്രതിച്ഛായ കൂളിമാട് പാലം തകർന്നതോടെ ഇല്ലാതായി എന്നും പിണറായി വിലയിരുത്തുന്നു. പാലം തകർന്നതിനെ കുറിച്ച് പഠിക്കാൻ കിഫ് ബി യെ അയച്ചതും പിണറാ യിയാണ്. തൊഴിലാളി കളുടെ പരിചയ കുറവാണ് പാലം തകരാൻ കാരണം എന്ന് കിഫ് ബി ഉദ്യോഗസ്ഥർ പാലം ശരിക്കു പരിശോധിക്കാതെ പിണറായിക്ക് റിപ്പോർട്ട് നൽകി. വീഴ്ചയിൽ നിന്ന് മരുമകൻ കൂടിയായ മന്ത്രിയെ കരകയറ്റാനുള്ള മുഖ്യന്റെ ജാലവിദ്യയാണ് കിഫ് ബി റിപ്പോർട്ടെന്ന് പൊതുജനങ്ങൾക്ക് ബോധ്യമായി. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായ ഡോ.കെ.എം എബ്രഹാമാണ് കിഫ് ബിയിലെ തലവൻ.
അതുകൊണ്ട് കൂടിയാണ് എബ്രഹാം തയ്യാറാക്കിയ റിപ്പോർട്ട് പൊതു സമൂഹം തള്ളി കളയുന്നതും. പാർട്ടിയിൽ വീണ് കഴിഞ്ഞാൽ തിരിച്ച് കയറാൻ പാടാണ് എന്ന ഉപദേശം മരുമകൻ കൂടിയായ മന്ത്രിക്ക് നൽകിയിരിക്കുകയാണ് പിണറായി. ബേപ്പൂരിൽ നിന്നുള്ള എം.എൽ എ യായ മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ വിവാഹം കഴിച്ചത് 2020 ൽ ആയിരുന്നു. ഡോക്ടർ സമീഹ സെയ്താലവിയാണ് റിയാസിന്റെ ആദ്യ ഭാര്യ. 2002 ൽ ആയിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് രണ്ട് കുട്ടികൾ ആണ് ഉള്ളത്. 2015 ൽ റിയാസ് ഡോ. സമീഹയെ വിവാഹ മോചനം ചെയ്തു.