തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന്റെ നിരോധിത റാലിയിൽ പങ്കെടുത്ത അച്ഛന്റേയും കുഞ്ഞിന്റേയും വാർത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. തന്റെ കുട്ടിയുടെ കാലിൽ വ്രണമായത് റാലിയിൽ നടന്നതു കൊണ്ടല്ല എന്ന വിശദീകരണവുമായി പിതാവ് റിയാസ് രംഗത്ത് എത്തി. ഫേസ് ബുക്കിലാണ് ഇതു സംബന്ധിച്ച പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

കാല് പൊട്ടി വൃണം ഒലിപ്പിച്ച പിഞ്ച് കുഞ്ഞിന്റെ ചിത്രം അഭിമാനത്തോടെ സോഷ്യൽ മീഡിയയിൽ പിതാവ് റിയാസ് ഷെയർ ചെയ്തിരുന്നു. ഇതേ തുടർന്നാണ് മറുനാടനും വാർത്ത നല്കിയത്. ' ഈ മഹാ സമ്മേളനത്തിലേയ്ക്ക് പോകുന്ന യാത്രയിൽ നാഥാ എന്റ മനസ്സിനെ നീ പരീക്ഷിച്ച് ഉലച്ചപ്പോഴും , ആ സമയത്ത് എനിക്ക് ഈമാനിക ശക്തി തന്ന് അവിടെ എത്തിച്ചതിന് സർവ്വ സ്തുതിയും എന്റെ നാഥന്. ഇതുപോലെ ഏത് പ്രതിസന്ധി സമയത്തും ഈമനിക മൂല്യം നിലനിർത്തേണമേ. എന്റെ പാത്തുവിന്റെ കാലു പൊള്ളി. സത്യപാതയിൽ ചങ്കുറപ്പോടെ എന്റെ മോളെ നീ നിലനിർത്തേണമേ. ' എന്ന് റിയാസ് പോസ്്റ്റിൽ കുറിക്കുകയും ചെയ്തു.
യോഗത്തിനു ശേഷം കുട്ടിയോടൊപ്പം ബസ്സിൽ ഇരിക്കുന്നതിന്റെ ചിത്രം സഹിതമായിരുന്നു പോസ്റ്റ്

എന്നാൽ കുട്ടിയെ റാലിയിൽ പങ്കെടുപ്പിച്ചില്ലെന്നും തിരുവനന്തപുരത്തേയ്ക്കുള്ള യാത്രയിൽ കുട്ടിയുടെ കാലിൽ ചായ വീണു പൊള്ളിയതാണെന്നുമാണ് റിയാസ് പറയുന്നത്.

കുട്ടിയുടെ പിതാവിന്റെ വിശദീകരണം

ഈ വാർത്ത തീർത്തും വാസ്തവ വിരുദ്ധവും യഥാർത്ഥ സംഭവുമായി പുലബന്ധം പോലും ഇല്ലാത്തതുമാണ്...... നടക്കാൻ പോലും പ്രായമാവാത്ത കുഞ്ഞിനെ കിലോമീറ്ററോളം നടത്തി എന്നൊക്കെയാണ് പുറത്ത് വരുന്ന വാർത്തകൾ...... കോട്ടയം ജില്ലയിലെ പായിപ്പാട് എന്ന സ്ഥലത്തു നിന്ന് രാവിലെ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ജനമഹാ സമ്മേളനത്തിൽ പങ്കെടുക്കാൻ വേണ്ടി ഞങ്ങൾ പോയ ബസിൽ നടന്ന സംഭവമാണിത്.നാട്ടിൽ നിന്നും പുറപ്പെട്ട ബസ് എം.സി.റോഡിൽ അടൂർ കഴിഞ്ഞ് ഏനാത്തിനടുത്ത് ചായ കുടിക്കാൻ വേണ്ടി നിർത്തിയതാണ്..ARYAS ഹോട്ടലിൽ നിന്ന് ചായ കുടിക്കാൻ ഇറങ്ങിയപ്പോൾ കുഞ്ഞുങ്ങളെയും കൊണ്ട് വണ്ടിയിൽ നിന്നും ഇറങ്ങേണ്ട എന്ന് പറഞ്ഞിരുന്നു.... അവർക്കുള്ള ചായ ബസിലേക്ക് കൊണ്ട് കൊടുക്കുകയായിരുന്നു.... പേപ്പർ ഗ്ലാസിലാണ് ബസിലേക്ക് ചായ കൊണ്ട് പോയത്.. ചായ ഗ്ലാസ് കുഞ്ഞ് കൈ കൊണ്ട് തട്ടുകയും ചായ കുഞ്ഞിന്റെ കാലിലേക്കും വീഴുകയാണ് ചെയ്തത്... കുഞ്ഞിന്റെ കാലിൽ സോക്‌സ് കിടന്നിരുന്നതിനാൽ കുഞ്ഞ് കാല് ഉരസിയപ്പോൾ കാലിലെ തൊലി പോയതാണ്.... അവിടെ വച്ച് തന്നെ കുഞ്ഞിന്റെ കാൽ വെള്ളത്തിൽ മുക്കുകയും കാലിൽ ഉപ്പും പെയ്സ്റ്റും ഹോട്ടലിൽ നിന്ന് തന്നെ വാങ്ങി തേക്കുകയും ചെയ്തു... അവിടെ നിന്ന് അവിടെ ഉണ്ടായിരുന്ന ഒരു ചേട്ടൻ അദ്ദേഹത്തിന്റെ XUV കാറിൽ കുഞ്ഞിനെ അടുത്തുണ്ടായിരുന്ന ആശുപത്രിയിൽ എത്തിച്ചു.. കുഞ്ഞിന് കുഴപ്പം ഒന്നുമില്ലെന്നും മേൽ തൊലി കുഞ്ഞ് കാല് പരസ്പരം ഉരസിയതുകൊണ്ട് പോയതാണെന്നും പറഞ്ഞു.... അവിടെ നിന്ന് മരുന്ന് നൽകി കുഞ്ഞിന് നൽകിയ ശേഷമാണ് ഡോക്ടറുടെ നിർദ്ദേശ പ്രകാരം മടങ്ങിയത്....

ശേഷം ബസിൽ വച്ചു തന്നെ പ്രോഗ്രാം സ്ഥലത്തെ മെഡിക്കൽ ടീമിനെ വിളിച്ച് കുഞ്ഞിന്റെ കാര്യങ്ങൾ ധരിപ്പിച്ചിരുന്നു..... മുഴുവൻ അത്യാധുനിക സംവിധാനങ്ങളോടും കൂടി സമ്മേളന നഗരിയിൽ മെഡിക്കൽ ടീം പ്രവർത്തിക്കുന്നുണ്ട് എന്ന് അറിയുന്നവരാണ് നാമെല്ലാവരും.... ഉച്ചഭക്ഷണം കഴിക്കാൻ നേരം ബസ് നിർത്തിയത് പോത്തൻകോട് എന്ന സ്ഥലത്താണ്... അപ്പോൾ അവൾ എന്റെ കൈകളിലായിരുന്നു.... ഭക്ഷണശേഷം യാത്ര തിരിച്ച് കഴക്കൂട്ടം കഴിഞ്ഞപ്പോൾ പൊലീസുകാർ ബസ് തടയുകയാണ് ഉണ്ടായത്.. കുഞ്ഞിന്റെ കാലിന് പൊള്ളലുണ്ട് എന്ന് പറഞ്ഞിട്ട് കൂടി ബസ് കടത്തി വിടുവാൻ പൊലീസുകാർ തയ്യാറായില്ല എന്നതാണ് വസ്തുത.... മണിക്കൂറുകൾക്ക് ശേഷമാണ് ബസ് അവിടെ നിന്നും കടത്തി വിട്ടത്.. ബസിൽ നിന്ന് ആളുകളെ ഇറക്കിയപ്പോളും കുഞ്ഞിനെയും മാതാവിനെയും ബസിൽ നിന്ന് ഇറക്കിയില്ല... ബസ് പാർക്ക് ചെയ്ത സ്ഥലത്ത് നിന്ന് മെഡിക്കൽ ടീമിന്റെ അടുക്കലേക്കാണ് കുഞ്ഞിനെ എത്തിച്ചത്.. പരിപാടി അവസാനിക്കുന്നത് വരെ കുഞ്ഞും മാതാവും അവിടെ അവരുടെ പരിചരണത്തിലായിരുന്നു........ സമ്മേളനം കഴിഞ്ഞ് വീട്ടിൽ എത്തിയ ശേഷമാണ് കുഞ്ഞിന്റെ കാലിന്റെ ഫോട്ടോ അടക്കം FB യിൽ ഒരു പോസ്റ്റിട്ടത്... പടച്ചവന്റെ പരീക്ഷണം ഉണ്ടായെങ്കിലും സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞു എന്നതായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം.. കുഞ്ഞിന്റെ കാല് പൊള്ളിയപ്പോൾ ഞാൻ അനുഭവിച്ച മാനസിക വേദന എന്തായിരുന്നു എന്ന് നന്നായി ആ ബസിൽ ഉണ്ടായിരുന്ന ഓരോ ആളുകളും.. ബസ് തിരിച്ച് നാട്ടിലേക്ക് വിടാം എന്ന് അവർ പറഞ്ഞതാണ്.... എന്നാൽ പടച്ചവന്റെ പരീക്ഷണം ആണെന്നും സമ്മേളനത്തിൽ പങ്കെടുക്കണമെന്ന എന്റെ നിശ്ചയദാർഡ്യവുമാണ് ഞങ്ങളെ സമ്മേളന നഗരിയിൽ എത്തിച്ചത്......... ഈ വാർത്തയെ വളച്ചൊടിച്ചും തങ്ങൾക്ക് വേണ്ട രീതിയിൽ വ്യാഖ്യാനിച്ച് കൊണ്ടുമാണ് കൂലി എഴുത്തുകാരായ ചില മഞ്ഞ ഓൺലൈൻ എഴുത്തുകാർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ Popular Front നെ ഇകഴ്‌ത്താനും സമ്മേളനത്തെ താഴ്‌ത്തി കാണിക്കാനും വേണ്ടി ശ്രമിച്ച് കൊണ്ടിരിക്കുന്നത്..

സത്യാവസ്ഥ മനസിലാക്കാൻ വേണ്ടി മാത്രമാണ് വിശദീകരണം നൽകിയത്..