- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡുകളുടെ പരിപാലനത്തിൽ വീഴ്ച സംഭവിച്ചാൽ ഉത്തരവാദിത്വം ചുമതലപ്പെട്ട ഉദ്യോഗസ്ഥനായിരിക്കും; റോഡ് നിർമ്മാണം വിലയിരുത്താനും പരിപാലനത്തിനും സോഫ്റ്റ്വേറും; പൊതുമരാമത്ത് റോഡുകൾ ഉദ്യോഗസ്ഥർക്ക് വീതിച്ചു നൽകും; റെസ്റ്റ് ഹൗസ് വിപ്ലവം റോഡിലേക്ക്; നിർണ്ണായക നീക്കവുമായി മന്ത്രി റിയാസ്
തിരുവനന്തപുരം: ഇതെല്ലാം നടന്നാൽ കേരളം സൂപ്പറാകും. ഏതായാലും മന്ത്രി മുഹമ്മദ് റിയാസ് റോഡുകളിൽ വിപ്ലവം കൊണ്ടു വരുമെന്ന പ്രതീക്ഷയിലാണ് കേരളം. പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള റോഡുകളുടെ ചുമതല ഉദ്യോഗസ്ഥർക്ക് വീതിച്ചുനൽകുന്നത് വിപ്ലവകരമായ തീരുമാനമാണ്. ഇതോടെ ഓരോ റോഡിനും ഒരു ചുമതലക്കാരൻ വരും.
സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും സൂപ്രണ്ടിങ്, എക്സിക്യുട്ടീവ് മുതൽ അസി. എക്സിക്യുട്ടീവ് എൻജിനിയർമാർ വരെയുള്ളവർക്കാണ് ചുമതല നൽകുന്നത്. ജനുവരി മുതൽ ഇത് നടപ്പാകും. ആദ്യമായാണ് ഇത്തരമൊരു പദ്ധതി വകുപ്പ് നടപ്പാക്കുന്നത്. റോഡുകൾ തകരുന്നത് കണ്ടെത്താനും അത് മെച്ചപ്പെടുത്താനുമുള്ള സംവിധാനമാണ് ലക്ഷ്യമിടുന്നത്. ഈ പദ്ധതി മന്ത്രി ഉദ്ദേശിക്കുന്നതു പോലെ നടപ്പായാൽ അത് കേരളത്തിന് ഗുണകരമാകും. അതിനിടെ അട്ടിമറിക്ക് ഉദ്യോഗസ്ഥരും നീക്കം നടത്തുന്നുണ്ട്.
പൊതുമരാമത്ത് റെസ്റ്റ് ഹൗസുകൾ ഓൺലൈനിൽ കൊടുത്തതും മിന്നിൽ സന്ദർശനങ്ങളും റിയാസിന് പേരുണ്ടാക്കിയിരുന്നു. ഇതിനിടെ മുസ്ലിം ലീഗ് നേതാവിന്റെ വിമർശനങ്ങളും എത്തി. ഇത്തരം വിമർശനങ്ങളെ ഭരണപരമായ ഇടപെടലിലൂടെ മറികടക്കാനാണ് റിയാസിന്റെ തീരുമാനം. ഇതിന് വേണ്ടിയാണ് പുതിയ പദ്ധതി തയ്യാറാക്കുന്നത്. ഇതിന്റെ ഭാഗമായി പ്രത്യേക പരിശോധനാ സംഘങ്ങൾ ഓരോ മണ്ഡലത്തിലും വരും. റോഡ് പരിപാലനം, നിർമ്മാണ വിലയിരുത്തൽ, തകർന്ന ഭാഗങ്ങളുടെ പരിശോധന എന്നിവ ചുമതലയുള്ള ഉദ്യോഗസ്ഥർ നിർവഹിക്കണം. റോഡ് തകർച്ച, അറ്റകുറ്റപ്പണികളിൽ വീഴ്ച എന്നിവയിൽ അവർ മറുപടി നൽകണം.
നിലവിൽ അസി. എക്സിക്യുട്ടീവ് എൻജിനിയർമാരുടെ പരിധിയിൽ 500 കിലോമീറ്റർ റോഡുണ്ട്. അസി. എൻജിനിയർമാരുടെ പരിധിയിൽ 150 കിലോമീറ്ററും. ചുമതലപ്പെട്ട ഉദ്യോഗസ്ഥന് പണിനടക്കുന്ന സ്ഥലത്ത് പോകാനായില്ലെങ്കിൽ അദ്ദേഹത്തിനു കീഴിലുള്ളയാളെ ചുമതലപ്പെടുത്തണം. വകുപ്പുമന്ത്രിക്കും ചീഫ് എൻജിനിയർക്കുമാണ് റിപ്പോർട്ടുകൾ നൽകേണ്ടത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചീഫ് എൻജിനിയർമാർ ഓരോ മാസവും യോഗം വിളിക്കും.
പൊതുമരാമത്ത് വകുപ്പിനു കീഴിൽ നിലവിൽ എത്ര വാഹനങ്ങളുണ്ടെന്നും ഇത് എങ്ങനെ ഉപയോഗിക്കുന്നുവെന്നും അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കരാറുകാരന്റെ വാഹനങ്ങളിൽ ഉദ്യോഗസ്ഥർ യാത്ര ചെയ്യുന്നുവെന്ന പരാതികളെ തുടർന്നാണിത്. റോഡുകളുടെ പരിപാലനത്തിൽ വീഴ്ച സംഭവിച്ചാൽ ഉത്തരവാദിത്വം ചുമതലപ്പെട്ട ഉദ്യോഗസ്ഥനായിരിക്കും. റോഡ് നിർമ്മാണം വിലയിരുത്താനും പരിപാലനത്തിനും സോഫ്റ്റ്വേറും വികസിപ്പിക്കും. അതുകൊണ്ട് തന്നെ ജീവനക്കാർക്ക് ഇനി ഓഫീസിൽ കുത്തിയിരുന്ന് പ്രവർത്തിക്കാനാകില്ല. റോഡിൽ ഇറങ്ങി പണിയെടുക്കണം.
റോഡുകളുടെ ചുമതല ഉദ്യോഗസ്ഥർക്ക് വീതിച്ചു നൽകുന്നതുമായി ബന്ധപ്പെട്ട് 15-ന് മിഷൻ ടീം യോഗം ചേരും. മന്ത്രി, പൊതുമരാമത്ത് സെക്രട്ടറി, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരുടെ യോഗമാണ് വിളിച്ചിട്ടുള്ളത്. ആർക്കൊക്കെയാണ് ചുമതല നൽകേണ്ടതെന്ന് യോഗത്തിൽ തീരുമാനിക്കുമെന്ന് മന്ത്രി റിയാസ് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ