കാസർഗോഡ്: കുടകിലെ മഡിക്കേരിക്കടുത്ത ഉദ്ദാവാഡ് ഗ്രാമത്തിലെ നിർദ്ധന കുടുംബത്തിലെ നെടുംതൂണായിരുന്നു കാസർഗോഡ് പഴയ ച്യുരി മൊഹിയുദ്ദീൻ ജമാഅത്ത് പള്ളിക്ക് കീഴിലെ മദ്രസാ അദ്ധ്യാപകൻ റിയാസ് മൗലവി. കുടകിലെ ടി.എ. സുലൈമാന്റേയും പരേതയായ ഹലീമയുടേയും മകനായ റിയാസ് ഉപജീവനത്തിനു വേണ്ടിയായിരുന്നു ഏഴുവർഷം മുമ്പ് കാസർഗോഡ് എത്തിയത്.

രാവിലെ മുതൽ ഉച്ചവരെ പള്ളി മദ്രസയിൽ അദ്ധ്യാപനത്തിനു ശേഷം മുറിയിൽ വിശ്രമിക്കുകയും പള്ളിയിൽ ബാങ്ക് കൊടുക്കാനുമായിരുന്നു ഇയാൾ മറ്റ് സമയം വിനിയോഗിച്ചിരുന്നത്. പൊതുവേ സൗമ്യ പ്രകൃതക്കാരാനായിരുന്ന മൗലവി വാഗ്വാദങ്ങളിലൊന്നും പങ്കാളിയാകാറുമില്ല. അതുകൊണ്ടു തന്നെ ഇയാൾക്ക് ശത്രുക്കളായി ആരും തന്നെ ഇല്ലായിരുന്നു. പള്ളിക്ക് പുറത്ത് പോയാൽ പോലും നേരത്തെ തന്നെ താമസിക്കുന്ന മുറിയിൽ എത്തുന്ന ശീലമായിരുന്നു റിയാസിന്. ഭാര്യ സായിദയും ഒരു വയസ്സുള്ള മകൾ ഷബീബയും അടങ്ങുന്നതായിരുന്നു റിയാസിന്റെ കുടുംബം. ഇവരെല്ലാം കുടകിൽ തന്നെയാണ് കഴിയുന്നത്.

റിയാസ് മൗലവിക്ക് നേരെ അക്രമത്തിനുള്ള ഒരു കാരണവും പ്രത്യക്ഷത്തിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് കാണാനാവുന്നില്ല. സാമുദായികമായിപ്പോലും ഇങ്ങനെയുള്ള ഒരാളെ നേരിട്ടു ചെന്ന് കിടപ്പുമുറിയിൽ വെട്ടിക്കൊലപ്പെടുത്താൻ സാധ്യതയില്ലാത്ത നിലയിലാണ് കാര്യങ്ങൾ. കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ ശരീരത്തിൽ ആകെ 28 വെട്ടുകളാണ് ഏറ്റിട്ടുള്ളത്. ഇതിൽ മൂന്നെണ്ണം മാരകമാണ്. നെഞ്ചത്തുള്ള രണ്ടുവെട്ടുകളും തലയുടെ ഇടതു വശത്തുള്ള വെട്ടുമാണ് ഏറെ മാരകമായത്. ഇതാണ് മരണകാരണവും. ഒരേ രീതിയിലുള്ള ആയുധങ്ങളാണ് ആക്രമിക്കാൻ ഉപയോഗിച്ചതെന്നാണ് പൊലീസ് നിഗമനം. ഒരാൾ തന്നെ ആയുധമെടുത്ത് പ്രയോഗിച്ചിരിക്കാനാണ് സാധ്യതയെന്നും പൊലീസ് കരുതുന്നു.

കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി ച്യുരി മേഖല ശാന്തമായിരുന്നു. അതിനു മുമ്പ് ഈ പ്രദേശം സാമുദായിക കൊലപാതകങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നു. എന്നാൽ തെളിവുകളുടെ അഭാവത്തിൽ കുറ്റവാളികൾ രക്ഷപ്പെടുകയാണ് പതിവ്. റിയാസ് മൗലവി കൊല്ലപ്പെടാൻ കാരണം മറ്റെന്തോ ആണെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഒരു പക്ഷേ ഈ മേഖലയിൽ ബോധപൂർവ്വമുള്ള വർഗീയ കലാപം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരിക്കാം ഈ കൊലയെന്നും സംശയിക്കുന്നു. ഏതായാലും പൊലീസ് ഈ കൊലപാതകത്തിലെ ദുരൂഹതകൾ മാറ്റുമെന്ന നിലപാടിൽ ഉറച്ചിരിക്കയാണ്. അന്വേഷണ ഉദ്യോഗസ്ഥർക്ക് ചില സൂചനകൾ ലഭിച്ചതായാണ് അറിവ്. അതുകൊണ്ടു തന്നെ പ്രതികൾ ഉടൻ പിടിയിലാകും എന്ന വിശ്വാസത്തിലാണ് പൊലീസ് അധികാരികൾ.

ഇന്നലെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പോസ്റ്റുമോർട്ടം ചെയ്ത റിയാസ് മൗലവിയുടെ മൃതദേഹം ഇരിട്ടി വഴി സ്വദേശമായ കുടകിലെ കൊട്ടമുറിയിലേക്ക് കൊണ്ടു പോയി. ആസാദ് നഗർ ജമാമസ്ജിദ് ഗ്രൗണ്ടിൽ പൊതുദർശനത്തിന് വച്ചപ്പോൾ കുടകിലെ ഗ്രാമങ്ങളിൽ നിന്നും കാസർഗോഡു നിന്നുമായി ആയിരങ്ങൾ അന്തിമാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ആസാദ് നഗർ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കി. നാട്ടുകാർക്കും ഏറെ പ്രിയങ്കരനായിരുന്നു റിയാസ് മൗലവി. കൊല്ലപ്പെട്ട വാർത്ത അറിഞ്ഞതു മുതൽ കുടകിലെ വീട്ടിൽ വൻ ജനപ്രവാഹമായിരുന്നു. കുടക് പൊലീസ് സംരക്ഷണത്തിലായിരുന്നു ജനങ്ങളെ നിയന്ത്രിച്ചത്.

കാസർഗോഡ് നഗരത്തിൽ ജനങ്ങൾ ഇന്നും കാര്യമായി ഇറങ്ങിയിട്ടില്ല. വാഹനങ്ങളും കുറവാണ്. നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ പൊലീസ് എല്ലാ പ്രധാന കേന്ദ്രങ്ങളിലും നിലയുറപ്പിച്ചിട്ടുണ്ട്.