കാസർഗോഡ്: റിയാസ് മൗലവിയുടെ കൊലപാതകത്തിലേക്ക് വഴി വെച്ചത് കർണ്ണാടക ബിജെപി. നേതാവ് നളിൻ കുമാർ കട്ടീൽ എംപി.യുടെ പ്രസംഗമോ? മാർച്ച് 18 ന് താളിപ്പടപ്പ് മൈതാനിയിൽ നടന്ന കബഡി മത്സരം ഉത്ഘാടനം ചെയ്തത് നളിൻ കുമാർ കട്ടീൽ ആയിരുന്നു. രണ്ടു വർഷം മുമ്പ് കൊലചെയ്യപ്പെട്ട ബി.എം. എസ് നേതാവും ബിജെപി പ്രവർത്തകനുമായ അഡ്വ. സുഹാസിന്റെ സ്മാരണാർത്ഥമാണ് കബഡി ടൂർണമെന്റ് നടത്തിയത്. പൂർണ്ണമായും ബിജെപി. നിയന്ത്രണത്തിലുള്ള ടൂർണ്ണമെന്റ് ഉത്ഘാടനം ചെയ്തത് നളിൻ കുമാർ കട്ടീൽ ആയിരുന്നു. സാമുദായിക സ്പർദ്ധ ഉണ്ടാക്കുന്ന തരത്തിലായിരുന്നു അദ്ദേഹം പ്രസംഗിച്ചതെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് പൂർണ്ണരൂപത്തിലുള്ള ദൃശ്യങ്ങൾ ഇതുവരേയും പൊലീസിന് ലഭിക്കാത്തതിനാൽ ഇക്കാര്യത്തിലുള്ള അന്വേഷണം മുന്നോട്ട് പോകുന്നില്ല.

കബഡി മത്സരങ്ങൾ ലൈവായി സംപ്രേഷണം ചെയ്ത പ്രാദേശിക ചാനലുമായി ബന്ധപ്പെട്ട പൊലീസിന് അവരുടെ കയ്യിൽ ഉത്ഘാടന ദൃശ്യങ്ങൾ ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. അഥവാ ആരുടേയെങ്കിലും കയ്യിൽ നളിൻ കുമാർ കട്ടീലിന്റെ പ്രസംഗ ദൃശ്യങ്ങൾ ഉണ്ടായാലും പൊലീസിന് അത് പെട്ടെന്ന്
ലഭിക്കില്ല. കാരണം കാസർഗോട്ടെ പ്രത്യേക സാഹചര്യത്തിൽ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ നോട്ടപ്പുള്ളിയാകാൻ എല്ലാവർക്കും ഭയമാണ്. സംഘാടക സമിതി നിയോഗിച്ച ക്യാമറാമാന്മാരിൽ നിന്നും ദൃശ്യങ്ങൾ ഉൾപ്പെടുന്ന സി.ഡി. പൊലീസിന് ലഭിക്കുമോ എന്നും അറിയില്ല. പ്രാദേശിക ചാനലുകൾക്ക് വാർത്ത നൽകാനായി ചിത്രീകരിച്ച ഏഴ് മിനുട്ട് ദൈർഘ്യമുള്ള വീഡിയോ പൊലീസിന് ലഭിച്ചിരുന്നു. എന്നാൽ നളിൻ കുമാർ കട്ടീൽ നടത്തിയ വർഗ്ഗീയ ചുവയുള്ള പ്രസംഗത്തിന്റെ വിവരങ്ങളൊന്നും അതിലില്ല.

സാമുദായിക സ്പർദ്ദഉണ്ടാക്കാൻ ശ്രമം നടന്നെന്ന നിലയിൽ നടപടിയെടുക്കണമെങ്കിൽ പ്രസംഗ വിവരങ്ങൾ ഉൾപ്പെടുന്ന സി.ഡി. ലഭിക്കേണ്ടതുണ്ട്. അത് പരിശോധിച്ച് മാത്രമേ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നോട്ട് പോകാനാകൂ. ഉത്ഘാടന പ്രസംഗത്തിന്റെ സി.ഡി. ഹാജകരാക്കണമെന്നും കബഡി ടൂർണ്ണമെന്റിന്റെ സംഘാടക സമിതിയോട് പൊലീസ് രേഖാ മൂലം ആവശ്യപ്പെട്ടിട്ടുണ്ട്. അവർ അത് നൽകിയില്ലെങ്കിൽ റെയ്ഡ് ചെയ്ത് പിടിച്ചെടുക്കാൻ പൊലീസ് ആലോചിക്കുന്നുണ്ട്.

താളിപ്പടപ്പിലെ കബഡി മത്സരത്തിനു ശേഷം മീപ്പുഗിരിയിലെ ഷട്ടിൽ ടൂർണ്ണമെന്റ് നടക്കുന്ന മൈതാനിയിലേക്ക് എത്തിയ മൂന്നംഗ സംഘമാണ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയത്. സംഭവസ്ഥലത്തേക്ക് മോട്ടോർ ബൈക്കിൽ വാളുമായി എത്തിയ കേളുഗുഡയിലെ
അജേഷും കൂട്ടു പ്രതികളായ നിഥിൻ, അഖിലേഷ് എന്നിവരും അവിടെ സംഘർഷമുണ്ടാക്കാൻ ശ്രമിച്ചു. ഇതേത്തുടർന്ന് അജേഷ് ഉൾപ്പെടെയുള്ളവർക്ക് മർദ്ദനമേൽക്കുകയും ചെയ്തിരുന്നു. ഇതിന്റെപ്രതികാരമെന്ന നിലക്കാണ് കേസിലെ മുഖ്യ പ്രതി അജേഷിന്റെ നേതൃത്വത്തിൽ ച്യുരി പള്ളിയോടനുബന്ധിച്ചുള്ള മുറിക്ക് പുറത്ത് വായനയിൽ മുഴുകിയിരുന്ന റിയാസ് മൗലവിയെ കൊലപ്പെടുത്തിയത്. സാമുദായ വിരോധം മനസ്സിലുറപ്പിച്ച് പ്രതികാരം വീട്ടാൻ തീരുമാനിച്ചായിരുന്നു പ്രതികൾ ഈ കൃത്യം നിർവ്വഹിച്ചത്.