- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജൂലൈ ആറിന് സജി ചെറിയാൻ രാജിവച്ചു; പേഴ്സണൽ സ്റ്റാഫുകൾക്ക് പിരിഞ്ഞു പോകാൻ 20വരെ സാവകാശം നൽകി; 23ന് ഇറക്കിയ ഉത്തരവിന് 21 മുതൽ പ്രാബല്യം; ഒരു ദിവസം ബ്രേക്ക് വരാതെ സഖാക്കൾ പെൻഷൻ ഉറപ്പാക്കിയ കരുതൽ; സജി ചെറിയാനൊപ്പമുള്ള അഞ്ചു പേർ റിയാസിനൊപ്പം; കേരളത്തിലെ സൂപ്പർമന്ത്രിക്ക് ഇനി 28 പേഴ്സണൽ സ്റ്റാഫുകൾ
തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസ് ഇനി സൂപ്പർ മന്ത്രി. മന്ത്രി മുഹമ്മദ് റിയാസിന് 5 പേഴ്സണൽ സ്റ്റാഫുകളെ കൂടി അനുവദിച്ചു. ഇതോടെ മന്ത്രി റിയാസിന്റെ പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം 28 ആയി ഉയർന്നു. സജി ചെറിയാൻ രാജിവച്ചതിനെ തുടർന്ന് പേഴ്സണൽ സ്റ്റാഫിലുണ്ടായിരുന്ന 5 പേരെയാണ് റിയാസിന്റെ സ്റ്റാഫായി നിയമിച്ചത്. ബാക്കി സ്റ്റാഫുകളെ മന്ത്രി വിഎൻ വാസവന്റെ പേഴ്‌സണൽ സ്റ്റാഫിലേക്കും മാറ്റി. ഒരാളെ മന്ത്രി അബ്ദു റഹ്‌മാന്റെ സ്റ്റാഫിലേക്കും മാറി.
സജി ചെറിയാന്റെ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ ഉറപ്പിക്കാൻ വേണ്ടിയാണ് നിയമനം നടത്തിയത്. സജി ചെറിയാന്റെ പേഴ്സണൽ സ്റ്റാഫുകൾക്ക് മന്ത്രി രാജി വച്ചതിനാൽ ഒരു വർഷത്തെ സർവിസ് മാത്രമേ ഉള്ളു. 2 വർഷം സർവിസുള്ളവർക്ക് മാത്രമേ പെൻഷന് അർഹതയുള്ളു. ഇവർക്കെല്ലാം പെൻഷൻ ഉറപ്പാക്കാൻ പഴുതുകൾ അടച്ചാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. എല്ലാം കൊണ്ടും ഖജനാവിന് നഷ്ടക്കണക്ക് തന്നെയാണ് ഈ പുതിയ ഉത്തരവും.
പേഴ്സണൽ സ്റ്റാഫുകളെ നിയമിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണ്. മുഖ്യമന്ത്രിയുടെ അംഗികാരത്തിനുശേഷം, ഈ മാസം 23 ന് പൊതുഭരണ വകുപ്പ് 5 പേഴ്സണൽ സ്റ്റാഫുകളെ മന്ത്രി റിയാസിന്റെ ഓഫിസിലേക്ക് നിയമിച്ച് ഉത്തരവിറക്കി. 1 അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി, 2 ക്ലർക്ക്, 2 ഓഫിസ് അന്റൻഡന്റ് എന്നി തസ്തികയിലേക്കാണ് പേഴ്സണൽ സ്റ്റാഫ് നിയമനം, 75000 രൂപയാണ് അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ ശമ്പളം, 45000 രൂപയാണ് ക്ലർക്കിന്റെ ശമ്പളം, 30000 രൂപയാണ് ഓഫിസ് അന്റൻഡന്റിന്റെ ശമ്പളം. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ എണ്ണം 30 ആണ്.
ചെലവ് ചുരുക്കലിന്റെ ഭാഗമായി 25 പേഴ്സണൽ സ്റ്റാഫുകളെ മാത്രമാണ് മന്ത്രിമാർക്ക് അനുവദിച്ചിരിക്കുന്നത്. ഇതിനെ മറികടന്നാണ് മരുമകൻ കൂടിയായ മന്ത്രി റിയാസിന് മുഖ്യമന്ത്രി 30 പേഴ്സണൽ സ്റ്റാഫുകളെ അനുവദിച്ചത്. ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയതിനെ തുടർന്നാണ് സജി ചെറിയാൻ രാജി വച്ചത്. സജി ചെറിയാൻ കൈ കാര്യം ചെയ്തിരുന്ന യുവജന കാര്യം റിയാസിനും സാംസ്‌കാരിക വകുപ്പ് വാസവനും ഫിഷറിസ് വകുപ്പ് അബ്ദു റഹിമാനും വിതിച്ചു നൽകുകയായിരുന്നു. എന്നാൽ വാസവന് സ്റ്റാഫ് കൂടിയില്ല. ഇതോടെ ഏറ്റവും കൂടുതൽ സ്റ്റാഫുള്ള സൂപ്പർമന്ത്രിയായി റിയാസ് മാറുകയാണ്.
ജൂലൈ 6 നാണ് സജി ചെറിയാൻ രാജിവച്ചത്. ജൂലൈ 20 വരെ പേഴ്സണൽ സ്റ്റാഫുകൾക്ക് ജോലിയിൽ നിന്ന് പിരിഞ്ഞ് പോകാനുള്ള സാവകാശം നൽകി സർക്കാർ ഉത്തരവിറക്കിയിരുന്നു. റിയാസിന്റെ സ്റ്റാഫിലേക്ക് പുതുതായി നിയമിച്ച 5 പേഴ്സണൽ സ്റ്റാഫുകളുടെ നിയമനത്തിന് ജൂലൈ 21 മുതൽ പ്രാബല്യം ഉണ്ട്. ഒരു ദിവസം ബ്രേക്ക് വന്നാൽ പെൻഷൻ നഷ്ടപ്പെടും. അത് ഒഴിവാക്കാനാണ് 21 മുതൽ നിയമനത്തിൽ പ്രാബല്യം നൽകിയത്.
സിപിഎം പ്രവർത്തകരാണ് മന്ത്രിമാരുടെ സ്റ്റാഫായി നിയമിക്കാറുള്ളത്. ഈ സാഹചര്യത്തിലാണ് ഇവർക്ക് പെൻഷൻ ഉറപ്പിക്കാനുള്ള ഇടപെടലുകൾ സർക്കാർ ചെയ്യുന്നത്. പേഴ്സണൽ സ്റ്റാഫുകളുടെ പെൻഷൻ നേരത്തെ ഗവർണ്ണർ ചർച്ചകൾക്ക് വിധേയമാക്കിയിരുന്നു. ഇതൊന്നും സർക്കാരിനെ ഒരു തരത്തിലും സ്വാധീനിച്ചിട്ടില്ലെന്നതാണ് വസ്തുത.
മറുനാടന് മലയാളി ബ്യൂറോ