ദ്രസ്സകളെക്കുറിച്ച് നടത്തിയ പരാമർശങ്ങളുടെ പേരിൽ തനിക്ക് വധഭീഷണി കിട്ടിയെന്ന ഷിയ വഖഫ് ബോർഡ് ചെയർപേഴ്‌സൺ വസീം റിസ്വിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ സഹായിയാണ് തന്നെ വധിക്കുമെന്ന് ഭീഷണി മുഴക്കിയിട്ടുള്ളതെന്നും അദ്ദേഹം പരാതിയിൽ പറയുന്നു. വിദേശത്തുനിന്നാണ് ഭീഷണി വന്നതെന്നും ദാവൂദിന്റെ സന്ദേശമാണ് താൻ നൽകുന്നതെന്ന് വിളിച്ചയാൾ പറഞ്ഞുവെന്നും റിസ്വി പൊലീസിൽ പരാതിപ്പെട്ടു.

മദ്രസകൾ മുല്ലമാർക്ക് പണമുണ്ടാക്കാനുള്ള കേന്ദ്രമായി അധപതിച്ചുവെന്നും തൊഴിലുറപ്പാക്കുന്നതിന് പകരം മദ്രസകൾ സൃഷ്ടിക്കുന്നത് ഭീകരന്മാരെയാണെന്നുമായിരുന്നു റിസ്വി അടുത്തിടെ മദ്രസകളെക്കുറിച്ച് പറഞ്ഞത്. ഈ പരാമർശമാണ് ഭീഷണിക്ക് പിന്നിലെന്നാണ് സൂചന. പുരോഹിതരോട് മാപ്പുപറയണമെന്നും അല്ലാത്തപക്ഷം വധിക്കുമെന്നുമാണ് ഭീഷണിപ്പെടുത്തിയതെന്നും പൊലീസിന് നൽകിയ പരാതിയിൽ റിസ്വി പറയുന്നു.

സഹദത്ഗഞ്ജ് പൊലീസാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്. ക്രിമനൽ സ്വഭാവത്തോടെയുള്ള ഭീഷണിപ്പെടുത്തൽ പ്രകാരമാണ് കേസെടുത്ത് അന്വേഷിക്കുന്നതെന്ന് സ്‌റ്റേഷൻ ഹൗസ് ഓഫീസർ നീരജ് ഓജ പറഞ്ഞു. തന്നെയും കുടുംബത്തെയും ഇല്ലാതാക്കുമെന്ന് വിളിച്ചയാൾ ഭീഷണിപ്പെടുത്തിയതായി റിസ്വി പൊലീസിനോട് പറഞ്ഞു. ഫോണിന്റെ ഓഡിയോ റെക്കോഡ് ചെയ്തിട്ടുണ്ട്. ഈ തെളിവും റിസ്വി പൊലീസിന് കൈമാറി.