തിരുവനന്തപുരം: മടവൂരിൽ മുൻ റേഡിയോ ജോക്കിയും നാടൻപാട്ട് ഗായകനുമായ യുവാവിനെ കൊലപ്പെടുത്തിയത് ക്വട്ടേഷൻ ഗുണ്ടകളെന്ന് പൊലീസ്. മടവൂർ പടിഞ്ഞാറ്റ് ഏല ആശാനിവാസിൽ രാജേഷ് (35) നെയാണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് രാജേഷ്. ഭാര്യ രണ്ടാമത് എട്ടുമാസം ഗർഭിണിയാണ്.

റേഡിയോ ജോക്കിയായിരുന്ന രാജേഷിനെ റേഡിയോ പ്രേക്ഷകർക്കിടയിൽ രസികൻ രാജേഷ് എന്നാണ് അറിയപ്പെട്ടിരുന്നു. സ്‌കൂൾ വിദ്യാഭ്യാസകാലത്ത് മിമിക്രയായിരുന്നു പ്രധാനമായും രാജേഷിനെ താരമാക്കിയത്. താരങ്ങളേയും രാഷ്ട്രീയക്കാരേയും അനുകരിക്കാനുള്ള മികവാണ് മിമിക്രയിൽ രാജേഷിനെ താരമാക്കിയത്. റേഡിയോ ജോക്കിയായി രാജേഷിന് തിളങ്ങാനായതും ഈ മികവ് മൂലമായിരുന്നു. മാധ്യമ പ്രവർത്തകനാകാനുള്ള താൽപ്പര്യത്തിൽ സമകാലിക വിഷയത്തിൽ പ്രാദേശിക ചാനലുകൾക്കായി പരിപാടിയും അവതരിപ്പിച്ചു. ഒപ്പം ഗാനമേളയും നാടൻപാട്ടും സ്റ്റേജ് ഷോയിലെ അവതാരക വേഷവും. അങ്ങനെ നാട്ടിലെ താരമായി തിളങ്ങുമ്പോഴാണ് രാജേഷ് കൊല്ലപ്പെട്ടത്.

ഗൂഢാലോചനയുടെ ഭാഗമാണ് കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് യുവാക്കൾ രാജേഷിനെ അന്വേഷിച്ച് എത്തിയിരുന്നുവെന്ന് നാട്ടുകാർ പൊലീസിനോട് പറഞ്ഞു. ഇവരാകും അക്രമത്തിന് നേതൃത്വം നൽകിയതെന്നാണ് പൊലീസിന്റെ സംശയം. കൊല്ലത്തെ ചില ഗ്യാങുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ആറ്റിങ്ങൽ പള്ളിക്കലിന് സമീപം സ്വന്തം സ്റ്റുഡിയോയിൽ കയറി അക്രമി സംഘം വെട്ടികൊലപ്പെടുത്തിയ റെഡ് എഫ്എം മുൻ ആർ.ജെ രാജേഷിന്റെ കൊലപാതകത്തിൽ അക്ഷരാർഥത്തിൽ നടുങ്ങിയിരിക്കുകയാണ് കിളിമാനൂരിലെ മടവൂർ ഗ്രാമം.

എല്ലായിപ്പോഴും ചിരിയും കളിയും ഏവരോടും സൗഹൃദവുമായി നടക്കുന്ന അവന് എങ്ങനെ ശത്രുക്കൾ ഉണ്ടായി എന്നതാണ് നാട്ടുകാർക്ക് വിശ്വസിക്കാനാകാത്ത കാര്യം. എല്ലാവരേയും കളിയാക്കിയും പരിഹസിച്ചും മറ്റുള്ളവരെ പെട്ടെന്ന് ചിരിപ്പിച്ചും നടക്കുന്ന അയാൾ ആ നാട്ടിൽ ഒരു നായക പരിവേഷമുള്ള എല്ലാവരും സ്നേഹിക്കുന്നയാൾ എന്ന രീതിയിൽ തന്നെയാണ് അറിയപ്പെട്ടിരുന്നത്. കൊലപാതകത്തിന്റെ കാരണെ ഇനിയും വ്യക്തമായിട്ടില്ല. പല തരത്തിലുള്ള അഭ്യൂഹങ്ങളാണ് പൊലീസിനുള്ളത്. എന്നാൽ കൊലപാതകത്തിന് കാരണം എന്താണെന്ന് അന്വേഷിച്ച് വരുന്നതേയുള്ളുവെന്നും ഇയാളുടെ സുഹൃത്തുക്കളേയും അടുത്ത ബന്ധുക്കളേയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അവരിൽ നിന്നും വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ടെന്നും ആറ്റിങ്ങൽ ഡിവൈഎസ്‌പി അനിൽകുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു.

രാജേഷിന്റെ ഫോൺ വിവരങ്ങൾ സംബന്ധിച്ചും അന്വേഷിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്ന രാജേഷിന്റെ മൃതദേഹം പാരിപള്ളി മെഡിക്കൽ കോളേജിലാണ് സൂക്ഷിച്ചിട്ടുള്ളത്. പോസ്റ്റ്മാർട്ടത്തിന് ശേഷം വൈകുന്നേരത്തോടെ ബന്ധുക്കൾക്ക് മൃതദേഹം വിട്ടുനൽകിയേക്കുമെന്നാണ് സൂചന. രാജേഷ് കുടുംബവുമൊത്ത് താമസിക്കുന്നത് മടവൂരിൽ തന്നെയാണ്. ഭാര്യ രോഹിണിക്കും കുടുംബത്തിനുമൊപ്പമാണ് താമസിച്ചിരുന്നത്. ഇവർക്ക് ഒരു ആൺകുഞ്ഞാണ് ഉള്ളത്. രാജേഷിന്റെ ഭാര്യ എട്ട് മാസം ഗർഭിണിയാണ്. രാജേഷിന്റെ കൊലപാതകത്തിന് പിന്നിൽ സാമ്പത്തികമായ ഇടപാടുകളോ സ്ത്രീ വിഷയങ്ങളോ ആണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ടെന്നും ആറ്റിങ്ങൽ ഡി വൈ എസ് പി മറുനാടനോട് വിശദീകരിച്ചു.

മടവൂർ ജംഗ്ഷന് സമീപത്തെ രാജേഷിന്റെ നാടൻപാട്ട് സംഘത്തിന്റെ ഓഫീസിനകത്ത് വച്ചായിരുന്നു കൊലപാതകം. രാജേഷിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് കുട്ടനും വെട്ടേറ്റു. ഇയാളെ മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമി സംഘത്തിന്റെ വെട്ടേറ്റ് കിടന്ന രാജേഷിനെ നാട്ടുകാരും പൊലീസും ചേർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി കടയ്ക്കൽ മുക്കന്നൂരിൽ പ്രോഗ്രാം കഴിഞ്ഞ ശേഷം മടവൂരിലെ ഓഫീസ് മുറിയിൽ വിശ്രമിക്കവെയായിരുന്നു ആക്രമണം. സ്വിഫ്ട് കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് പരിക്കേറ്റ കുട്ടൻ പൊലീസിൽ മൊഴി നൽകി.

രാജേഷ് റേഡിയോ ജോക്കിയായും പ്രോഗ്രാം അവതാരകനായും ഗായകനായും പ്രവർത്തിച്ച് വരികയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടു കൊടുക്കും. രാജേഷ് നേരത്തെ ഖത്തറിൽ റേഡിയോ ജോക്കിയായി ജോലി നോക്കിയിരുന്നു.