തിരുവനന്തപുരം: മുൻ റേഡിയോ ജോക്കിയും നാടൻപാട്ട് ഗായകനുമായ മടവൂർ പടിഞ്ഞാറ്റേല ആശാ നിവാസിൽ രാജേഷ് കുമാറിനെ(34) കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പിടിക്കാനാവാത്തത് പൊലീസിന് തലവേദനയാകുന്നു. കൊല നടത്തിയ ശേഷം കാറിൽ രക്ഷപ്പെട്ട പ്രതികളെ പിടികൂടാൻ പൊലീസ് ഒന്നും ചെയ്തില്ല. ഇതാണ് പ്രതികൾ രക്ഷപ്പെടാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. കൊലയിൽ നേരിട്ട് പങ്കെടുത്ത രണ്ട് പേരെ പ്രത്യേക അന്വേഷണസംഘം തിരിച്ചറിഞ്ഞു. പ്രതികളിൽ രണ്ടു പേർക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ഇവർ രാജ്യം വിടാതിരിക്കാനുള്ള മുൻകരുതലെന്ന നിലയിലാണിത്.

പ്രതികൾ രാജ്യം വിട്ടതായി പൊലീസ് കരുതുന്നില്ല. എന്നാൽ കേരളം വിട്ടു പോയതായി സ്ഥിരീകരിച്ചു. പ്രത്യേക അന്വേഷണ സംഘം വിവിധ സംസ്ഥാനങ്ങളിലായി തിരച്ചിൽ തുടരുകയാണ്. പ്രതികളെ തിരിച്ചറിഞ്ഞ സാഹചര്യത്തിൽ വൈകാതെ അറസ്റ്റ് ഉണ്ടാകുമെന്ന് ആറ്റിങ്ങൽ ഡിവൈഎസ്‌പി: പി.അനിൽകുമാർ പറഞ്ഞു. കൊല്ലത്തും ആലപ്പുഴയിലും പത്തനംതിട്ടയിലും പ്രതികളെ കണ്ടെത്താൻ പ്രത്യേക സംഘങ്ങളെ പൊലീസ് നിയോഗിച്ചിട്ടുണ്ട്. പ്രതികളെ പിടികൂടിയാൽ മാത്രമേ അന്വേഷണത്തിലെ ഗൂഢാലോചനയിൽ പ്രതികളായവരെ കണ്ടെത്താൻ കഴിയൂ. അതുകൊണ്ട് തന്നെ നിലവിൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ ഊർജ്ജിത നടപടികളാണ് നടക്കുന്നത്.

സംഭവത്തിന് ഒരാഴ്ച മുൻപ് നാട്ടിലെത്തിയ ഇവരുടെ നിർദ്ദേശമനുസരിച്ച് നാട്ടിലെ ക്വട്ടേഷൻസംഘത്തിലെ നാൽവർ സംഘം കൃത്യം നിർവഹിക്കുകയായിരുന്നുവെന്നാണ് നിഗമനം. സംഭവശേഷം ഇവർ ഖത്തറിലേക്ക് മടങ്ങിയതായാണ് വിവരം. കൃത്യം നിർവഹിച്ച 4 പേരും ഖത്തറിലേക്ക് കടക്കുമെന്ന സംശയത്തിലാണ് ലുക്ക്‌നോട്ടീസ് പുറത്തിറക്കിയത്. വിസയില്ലാതെ മൂന്ന് മാസംവരെ ഖത്തറിൽ തങ്ങാമെന്നതിനാലാണ് അടിയന്തരമായി നോട്ടീസ് പുറത്തിറക്കി വിമാനത്താവളങ്ങളിലേക്ക് അയച്ചത്. ഈ പാസ്‌പോർട്ടിലുള്ളവരൊന്നും കൊലയ്ക്ക് ശേഷം രാജ്യം വിട്ടിട്ടില്ല. എന്നാൽ കള്ളപാസ്‌പോർട്ട് ഉപയോഗിച്ച് രാജ്യം വിടാനുള്ള സാധ്യതയും ഉണ്ട്.

കൊലയാളികളായ ക്വട്ടേഷൻ സംഘം ഖത്തറിൽ നിന്നെത്തിയതാണെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രാജേഷിന്റെ പെൺസുഹൃത്തിന്റെ ഭർത്താവ് നൽകിയ ക്വട്ടേഷനാണ് ഇത്. ഇയാളും ഖത്തറിലാണ്. എന്നാൽ ഇയാൾക്കായും പൊലീസ് വലവിരിച്ചിട്ടുണ്ടെന്ന് വ്യക്തമായതോടെ ഇയാൾ ഖത്തറിൽ നിന്ന് മുങ്ങിയതായും സൂചനയുണ്ട്. ഇന്റർപോളിന്റെ സഹായത്തോടെ ഇയാളെ പിടിക്കാൻ പൊലീസ് വലവിരിച്ചുവെന്ന് വ്യക്തമായതോടെയാണ് ഇത്. രാജേഷിനെ കൊലപ്പെടുത്തുന്നതിന് ഒരാഴ്ച മുമ്പു ക്വട്ടേഷൻ സംഘം കേരളത്തിലെത്തിയതായാണു വിവരം. അതിന് ശേഷം രാജേഷിന്റെ നീക്കങ്ങൾ മനസ്സിലാക്കി കൃത്യമായി ആസൂത്രണം ചെയ്താണു കൊലപ്പെടുത്തിയതെന്നും അന്വേഷണസംഘം കണ്ടെത്തി.

സ്റ്റുഡിയോയിൽ രാത്രിയിലാണു രാജേഷ് റിക്കോർഡിങ് നടത്താറുള്ളതെന്നും അപ്പോൾ ഇദ്ദേഹം തനിച്ചായിരിക്കുമെന്നും സംഘം മനസ്സിലാക്കിയിരുന്നു. ക്ഷേത്രത്തിലെ പരിപാടിക്ക് ശേഷം രാജേഷ് സ്റ്റുഡിയോയിൽ എത്തുമെന്നും മനസ്സിലാക്കി. സംഭവ ദിവസം മടവൂരിലെ സ്റ്റുഡിയോയിൽ എത്തിയപ്പോൾ രാജേഷിന്റെ സുഹൃത്ത് കുട്ടനും അവിടെയുണ്ടായിരുന്നു. തുടർന്നു കുട്ടനെ വെട്ടി പരുക്കേൽപിച്ച് അവിടെനിന്ന് ഓടിച്ചു. അതിന് ശേഷം രാജേഷിനെ കൊന്നു. സംഭവത്തിനു മുമ്പും ശേഷവും കൊലയാളികൾ ഫോണിൽ ബന്ധപ്പെടാത്തതാണ് അന്വേഷണ സംഘത്തെ വലയ്ക്കുന്നത്. പ്രതികൾ വാട്‌സാപ് വഴിയാണു ബന്ധപ്പെട്ടിരുന്നതെന്നു പൊലീസ് പറഞ്ഞു.

എന്നാൽ നിലവിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തവരാരും കേസി ൽ പ്രതികളോ സംഭവത്തിൽ നേരിട്ട് ബന്ധമുള്ളവരോ അല്ലെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ആറ്റിങ്ങൽ ഡി വൈ.എസ്‌പി സി.അനിൽകുമാർ പറഞ്ഞു. സംഭവം നടന്ന് ആറ് ദിവസം കഴിഞ്ഞിട്ടും പ്രതികളിലേക്ക് എത്താൻ കഴിയാതെ പൊലീസ് വലയുകയാണെന്ന് ആക്ഷേപമുണ്ട്.ചൊവ്വാഴ്ച പുലർച്ചയോടെ മടവൂർ ജംഗ്ഷനിലെ റെക്കാർഡിങ് സ്റ്റുഡിയോയിൽ വച്ചാണ് രാജേഷ് കൊല്ലപ്പെട്ടത്. തമിഴ്‌നാട് ബാംഗളൂർ എന്നിവടങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

കായംകുളം, എറണാകുളം എന്നിവിടങ്ങളിലുള്ള ക്വട്ടേഷൻ സംഘങ്ങൾ ആണ് കൊലപാതകത്തിനു പിന്നിലെന്ന നിഗമനവുമായാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഇവരുടെ ഒളിസങ്കേതങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. പ്രതികളുമായി അടുപ്പമുണ്ടെന്നു സംശയിക്കുന്ന ചിലർ പൊലീസിന്റെ കസ്റ്റഡിയിലുള്ളതായും വിവരമുണ്ട്. ഇവരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം സംസ്ഥാനത്തിനു പുറത്തേക്കു വ്യാപിപ്പിക്കുന്നത്.