തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് കൊലക്കേസിൽ ചോദ്യം ചെയ്യലിന് എത്താനാകില്ലെന്ന് ഖത്തറിലെ നൃത്താധ്യാപിക പൊലീസിനെ അറിയിച്ചു. കേസിലെ മുഖ്യപ്രതിയായ സാലിഹ് എന്ന അലിഭായിയെ രക്ഷപ്പെടുത്താൻ നൃത്താധ്യാപിക ശ്രമിച്ചിരുന്നു. രാജേഷിനെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്തത് നൃത്താധ്യാപികയ്ക്കും അറിയാമായിരുന്നുവെന്ന വിലയിരുത്തൽ പൊലീസിനുണ്ട്. സാലിഹിനെ തനിക്കറിയാമെന്നും നല്ലൊരു വ്യക്തിയാണ് സാലിഹെന്നും നൃത്താധ്യാപിക വെളിപ്പെടുത്തിയിരുന്നു. രാജേഷ് കൊല ചെയ്യപ്പെടുമ്പോൾ ഖത്തറിലാണ് സാലിഹുണ്ടായിരുന്നുവെന്ന് പോലും പറഞ്ഞുവച്ചു. ഗൂഢാലോചനയെ കുറിച്ച് അറിഞ്ഞു കൊണ്ട് അലിഭായിയെന്ന പ്രതിയെ രക്ഷിക്കാനുള്ള ബോധപൂർവ്വമായ ഇടപെടലായി ഇതിനെ പൊലീസ് വിലയിരുത്തുന്നു.

അതിനിടെ ഒളിവിലുള്ള കായംകുളം അപ്പുണ്ണി, ഖത്തറിലുള്ള ഒന്നാം പ്രതി അബ്ദുൾ സത്താറുമായി ബന്ധപ്പെട്ട് പണം വാങ്ങുന്നതായി പൊലീസ് കണ്ടെത്തി. കൊലയ്ക്കുശേഷം ചെന്നൈയിൽ എത്തി മുങ്ങിയ അപ്പുണ്ണി ഇന്റർനെറ്റ് കാൾ വഴിയാണ് സത്താറുമായി ബന്ധപ്പെടുന്നത്. ഒളിവിൽ കഴിയാൻ ആവശ്യമായ പണം അപ്പുണ്ണിക്ക് സത്താർ അയച്ചുകൊടുത്തതിനുള്ള തെളിവുകളും പൊലീസിന് ലഭിച്ചു. കൊലപാതകത്തിന്റെ നാട്ടിലെ സൂത്രധാരനായ അപ്പുണ്ണിക്കായി തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ മൂന്ന് പൊലീസ് സംഘങ്ങൾ തെരച്ചിലിലാണ്. സാലിഹിന്റെ മൊഴി അനുസരിച്ച് നൃത്താധ്യാപികയുടെ ഭർത്താവായ അബ്ദുൾ സത്താറാണ് ക്വട്ടേഷൻ നൽകിയത്. എന്നാൽ സാലിഹിനെ നൃത്താധ്യാപിക സ്വാധീനിച്ചോയെന്ന സംശയം ഇപ്പോഴും ഉണ്ട്.

രാജേഷുമായി ജീവിക്കാനായിരുന്നു തനിക്ക് താൽപ്പര്യമെന്നും ഖത്തറിലെ യുവതി വെളിപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് രാജേഷിന്റെ ഭാര്യ ഗർഭിണിയാണെന്ന വിവരം പുറത്തുവരുന്നത്. ഇത് യുവതിയിൽ വൈരാഗ്യം ഉണ്ടാക്കാൻ മതിയായ കാരണമാണ്. ഇതിനൊപ്പം തനിക്ക് രാജേഷിന്റെ കുടുംബാഗങ്ങളെ മൊത്തം അറിയാമെന്നും യുവതി പറഞ്ഞിരുന്നു. എന്നാൽ ഇത് ശരിയല്ലെന്ന് രാജേഷിന്റെ അച്ഛൻ വിശദീകരിച്ചിരുന്നു. യുവതിയുമായി ബന്ധം വേണ്ടെന്ന് രാജേഷിനെ പലപ്പോഴും ഉപദേശിച്ചിരുന്നുവെന്നും വിശദീകരിച്ചു. ഇതോടെ നൃത്താധ്യാപിക പറയുന്നതെല്ലാം കളവാണെന്നും തെളിഞ്ഞു. ഈ സാഹചര്യത്തിലാണ് ഇവരോട് നാട്ടിലെത്താൻ പൊലീസ് ആവശ്യപ്പെട്ടത്. എന്നാൽ യാത്രവിലക്കുള്ളതുകൊണ്ട് കഴിയില്ലെന്നാണ് യുവതിയുടെ നിലപാട്.

ഒന്നാംപ്രതിയായ ഖത്തറിലെ വ്യവസായിയും നൃത്താധ്യാപികയുടെ മുൻ ഭർത്താവുമായ സത്താറിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുഖേന റെഡ്‌കോർണർ നോട്ടീസിലൂടെ നാട്ടിലെത്തിക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. ഇയാൾക്ക് ഖത്തറിൽ ലക്ഷങ്ങളുടെ ഇടപാട് തീർക്കാനുള്ളതിനാൽ യാത്രാവിലക്കുണ്ട്. അത് തീർത്ത് ഇയാളെ നാട്ടിലെത്തിക്കാനാണ് പൊലീസ് ശ്രമം. ഇടപാട് തീർക്കാൻ ഇയാളുടെ ബന്ധുക്കളുടെ സഹായം പൊലീസ് തേടി. ഇത് ഫലപ്രാപ്തിയിലെത്തിയാൽ നൃത്താധ്യാപികയുടെ യാത്രവിലക്കും മാറും. ഇതോടെ കേസിന് പുതിയ തലം വരികയും ചെയ്യും. കേസിൽ അപ്പുണ്ണിയെ പിടികൂടാനാകാത്തത് മാത്രമാണ് പൊലീസിന് നേരെ വിമർശനമായി എത്തുന്നത്.

കർണാടകയിലെയും മഹാരാഷ്ട്രയിലെയും വിവിധ സ്ഥലങ്ങളിൽ മുമ്പ് ജോലിചെയ്തിട്ടുള്ള അപ്പുണ്ണി ഇവിടങ്ങളിലുള്ള സുഹൃത്തുക്കളുടെ സഹായത്തോടെ ഒളിച്ചു കഴിയുന്നതായാണ് സംശയം. ഇയാളുടെ സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്. ഒരു കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അപ്പുണ്ണി. കേസ് അന്വേഷണത്തിനായി രൂപീകരിച്ച അഞ്ചു ടീമുകളും ഇപ്പോൾ അപ്പുണ്ണിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ പൊലീസ് സംഘമുണ്ട്. അപ്പുണ്ണി മൊബൈൽ ഫോൺ ഉപയോഗിക്കുന്നില്ലെന്നാണു പൊലീസ് പറയുന്നത്.

അതിനിടെ രാജേഷിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾകൂടി അറസ്റ്റിലായി. സംഭവദിവസം പ്രതികൾക്ക് വാൾ നൽകിയ മുളവന കാഞ്ഞിരോട് ചേരിയിൽ മുക്കട പനയംകോട് പുത്തൻവീട്ടിൽ എബി ജോൺ (27) ആണ് അറസ്റ്റിലായത്. ഇയാളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിലെ ആറാംപ്രതിയായ സ്വകാര്യ ബസ് ജീവനക്കാരൻ കുരീപ്പുഴ ചേരിയിൽ വള്ളിക്കീഴ് എച്ച്.എസ്.എസിന് സമീപം വാടകക്ക് താമസിക്കുന്ന സനുവിന്റെ വീട്ടിൽനിന്ന് കണ്ടെടുത്ത രണ്ടുവാളുകളിൽ ഒരെണ്ണം പ്രതികൾക്ക് നൽകിയത് എബി ജോൺ ആണെന്ന് പൊലീസ് പറഞ്ഞു. ഇയാൾ കേസിലെ അഞ്ചാംപ്രതി കുണ്ടറ ചെറുമൂട് എൽ.എസ് നിലയത്തിൽ സ്ഫടികം എന്ന സ്വാതി സന്തോഷിന്റെ സുഹൃത്താണ്. സനുവും, സ്വാതി സന്തോഷും ഇപ്പോൾ റിമാൻഡിലാണ്.

കേസിൽ പ്രതികളെ കുടുക്കിയത് പൊലീസിന്റെ അന്വേഷണ മികവ് തന്നെയാണ്. കൊലയാളികൾ സഞ്ചരിച്ച ചുവന്ന സ്വിഫ്&്വംിഷ;റ്റ് കാർ എന്ന ഏക തെളിവ് പിന്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഖത്തറിൽ നടത്തിയ ആസൂത്രണത്തിന്റെയും ഗൂഢാലോചനയുടെയും ചുരുളഴിഞ്ഞത്. രണ്ടാഴ്ചയ്ക്കകം അഞ്ച് പ്രതികളെ ജയിലിലാക്കാൻ പൊലീസിന് കഴിഞ്ഞു. അന്വേഷണ സംഘത്തിന് പുരസകാരം നൽകുമെന്ന് റൂറൽ എസ്‌പി അശോക് കുമാർ പറഞ്ഞു. സ്വിഫ്റ്റ് കാറിലാണ് അക്രമികളെത്തിയതെന്ന് രാജേഷിനൊപ്പം ആക്രമിക്കപ്പെട്ട കുട്ടൻ നൽകിയ മൊഴി മാത്രമാണ് പൊലീസിനുണ്ടായിരുന്നത്.