തിരുവനന്തപുരം: മടവൂരിൽ റേഡിയോ ജോക്കിയും യുവഗായകനുമായ രാജേഷിനെ ക്വട്ടേഷൻ സംഘം കൊലപ്പെടുത്തിയതിന് പിന്നിൽ വിദേശത്തെ ഗൂഢാലോചന തന്നെ. ഖത്തറിൽ റേഡിയോ ജോക്കിയായി ജോലിയിൽ തുടരവേ അവിടെ വച്ച് പരിചയപ്പെട്ട ആലപ്പുഴ സ്വദേശിനിയും നൃത്താദ്ധ്യാപികയുമായ യുവതിയാണ് രാജേഷിന് ചെന്നൈയിലെ സ്‌കൂളിൽ ജോലി തരപ്പെടുത്തി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവിന് ചില സൂചനകൾ കിട്ടി ഇതാണ് കൊലയിലേക്ക് കാര്യങ്ങളെത്തിച്ചത്. അതിനിടെ വർക്കലയിലെ ക്വട്ടേഷൻ സംഘമാണ് കൊലയ്ക്ക് പിന്നിലെന്ന സൂചന പൊലീസിന് ലഭിച്ചു. കാറിന്റെ ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു. കാറിലുണ്ടായിരുന്നത് വ്യാജ നമ്പറാണെന്നും പൊലീസ് പറയുന്നു.

യുവതിയുടെ ഭർത്താവായ ഖത്തറിലെ വ്യവസായിയെ നാട്ടിലെത്താൻ കടമ്പകൾ ഏറെയുണ്ട്. ക്വട്ടേഷൻ സംഘത്തെ പിടിച്ചാൽ മാത്രമേ ഗൂഡാലോചയിലേക്ക് കാര്യങ്ങളെത്തിക്കാനാകൂ. അതിനിടെ ഖത്തറിലെ നൃത്താധ്യാപിക തന്റെ ഫെയ്‌സ് ബുക്ക് പേജ് പിൻവലിച്ചു. രാജേഷുമായുള്ള അടുപ്പം യുവതിയുടെ കുടുംബത്തിൽ ദാമ്പത്യ പ്രശ്‌നങ്ങൾക്ക് കാരണമായിരുന്നുവെന്നും സൂചനയുണ്ട്. ഇതേചൊല്ലി ഭർത്താവുമായി പിണങ്ങി കഴിയുകയാണ് യുവതി. രാജേഷ് ജോലി മതിയാക്കി നാട്ടിലേക്ക് വന്നെങ്കിലും ഫോണിലൂടെയും വാട്ട്‌സ് ആപ് വഴിയും യുവതിയുമായി സൗഹൃദം തുടർന്നു. രാജേഷിനെ വെട്ടിക്കൊലപ്പെടുത്താൻ ക്വട്ടേഷൻ സംഘമെത്തുമ്പോഴും യുവതിയുമായി ഫോണിൽ സംസാരിക്കുകയായിരുന്നു രാജേഷ്. വെട്ടുമ്പോൾ രാജേഷിന്റെ നിലവിളി ഉയർന്നു. ഇത് രാജേഷിന്റെ അടുത്ത സുഹൃത്തായ അനിലിനെ യുവതി വിളിച്ച് അറിയിക്കുകയും ചെയ്തു.

യുവതി ഫോണിലൂടെ വിളിച്ച് കരഞ്ഞെന്നും അപകടം പറ്റിയെന്ന് പറഞ്ഞതായും അനിൽ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഫോണിൽ സംസാരിക്കുമ്പോഴാണ് ആക്രമണമെന്ന് രാജേഷിന് ഒപ്പം അക്രമത്തിന് ഇരയായ കുട്ടനും സമ്മതിച്ചു കഴിഞ്ഞു. അർദ്ധരാത്രിയാണ് രാജേഷും യുവതിയും സംസാരിച്ചത്. അതിൽ നിന്ന് തന്നെ ഇവർ തമ്മിലെ ബന്ധത്തിന്റെ ആഴം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ യുവതിയെ ചോദ്യം ചെയ്യേണ്ട സാഹചര്യമുണ്ടെന്ന് പൊലീസ് തിരിച്ചറിയുന്നു. എന്നാൽ ശാസ്ത്രീയ തെളിവുകളിലൂടെ കാര്യങ്ങൾ പൂർണ്ണമായും ബോധ്യപ്പെട്ടാൽ മാത്രമേ ഇത്തരത്തിലെ ഇടപെടൽ പൊലീസ് നടത്തൂ. കലാമണ്ഡലത്തിൽ പഠനം പൂർത്തിയാക്കിയ യുവതി ഖത്തറിലെ അറിയപ്പെടുന്ന നൃത്താധ്യാപികയാണ്.

സാമ്പത്തികമായി സഹായിച്ചിട്ടുള്ള യുവതി, രാജേഷിനെ നാട്ടിൽ നിന്നും വീട്ടിൽ നിന്നും മാറ്റി നിർത്തുകയെന്ന ഉദ്ദേശത്തോടെയാണ് ചെന്നൈയിൽ ജോലി തരപ്പെടുത്തി നൽകിയതെന്നാണ് സൂചന. യുവതിയുടെ സുഹൃത്ത് മുഖാന്തിരം സംഗീത അദ്ധ്യാപകനായി ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് കൊല നടന്നത്. ഭർത്താവിൽ നിന്ന് രാജേഷിന് വധഭീഷണിയുണ്ടെന്ന് യുവതി തിരിച്ചറിഞ്ഞിരുന്നു. രാജേഷിന് മറ്റാരുമായും ശത്രുതയില്ല. പക്ഷേ ക്വട്ടേഷൻ സംഘത്തെ കണ്ടെത്താനാവാത്തതാണ് ഇവരെ കുഴക്കുന്നത്. ഖത്തറിലുള്ള യുവതിയുടെ ഭർത്താവിനെ ചോദ്യം ചെയ്യാൻ നിയമകുരുക്കുകളും ഏറെയാണ്. യുവതിയും ഭർത്താവും രണ്ട് വീട്ടിലാണ് താമസിക്കുന്നതെന്നാണ് സൂചന. ഇവർ നിയമപരമായി വിവാഹ മോചനം നേടിയിട്ടില്ലെന്നാണ് അറിയുന്നത്.

സംഭവം നടന്ന രണ്ട് ദിവസം പിന്നിട്ടിട്ടും കൊലപാതകികളെ കണ്ടെത്താനോ കൃത്യത്തിനുപയോഗിച്ച വാഹനം തിരിച്ചറിയാനോ കഴിയാത്തത് അന്വേഷണ സംഘത്തെ വലയ്ക്കുകയാണ്. ചുവന്ന സ്വിഫ്റ്റ് കാറിലെത്തിയ സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന് ആകെയുള്ള സൂചന. സിസി ടിവി കാമറകളിൽ കാറിനായി പരതിയെങ്കിലും കാറോടിപോകുന്ന ദൃശ്യം മാത്രമാണ് ലഭിച്ചത്. ഇതിൽ നിന്ന് നമ്പരോ മറ്റ് സൂചനകളോ ലഭിച്ചിട്ടില്ല. വാഹന ഡീലർമാരുമായും മോട്ടോർ വാഹന വകുപ്പുമായും ബന്ധപ്പെട്ട് ചുവന്ന നിറത്തിലുള്ള സ്വിഫ്റ്റ് കാറുകളുടെ വിവരം ശേഖരിക്കാനുള്ള ശ്രമത്തിലാണ് സംഘം.

കിളിമാനൂരിൽ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊന്ന കേസിൽ, കൊലയാളികൾ സഞ്ചരിച്ചതെന്നു കരുതുന്ന കാറിന്റെ ദൃശ്യങ്ങൾ കണ്ടെത്തി. കൊലനടന്ന സ്ഥലത്തേക്കു കാർ വരുന്നതും പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. കാറിന്റെ നമ്പർ വ്യക്തമല്ല. രാജേഷിന്റെ കൊലയുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം വിദേശത്തുള്ള സ്ത്രീ സുഹൃത്തുമായുള്ള ബന്ധം കേന്ദ്രീകരിച്ച് പുരോഗമിക്കുന്നതിനിടെയാണ് കാറിന്റെ ദൃശ്യങ്ങൾ കണ്ടെത്തിയത്. ചുവന്ന കാറിലെത്തിയ മുഖംമൂടി സംഘം രാജേഷിനെ മാത്രമാണ് ലക്ഷ്യമിട്ടതെന്ന് രാജേഷിനൊപ്പം വെട്ടേറ്റ് ചികിൽസയിലുള്ള സുഹൃത്ത് വെളിപ്പെടുത്തിയിരുന്നു. ഖത്തറിലുള്ള സ്ത്രീ സുഹൃത്തുമായി മണിക്കൂറുകളോളം രാജേഷ് സംസാരിച്ചതായി ഫോൺരേഖകളിൽ നിന്നും വ്യക്തമായിട്ടുമുണ്ട്.

ചൊവ്വാഴ്ച പുലർച്ചെ രണ്ടരയ്ക്ക് മടവൂർ ജംഗ്ഷനിൽ സ്വന്തം ഉടമസ്ഥതയിലുള്ള മെട്രാസ് റെക്കാർഡിങ് സ്റ്റുഡിയേയിൽ വച്ചാണ് രാജേഷിനെ വെട്ടിക്കൊന്നത്. കാറിൽ മുഖംമറച്ചെത്തിയ നാലംഗ ക്വട്ടേഷൻ സംഘത്തിൽ ഒരാൾ ഇറങ്ങി വാളുകൊണ്ട് രാജേഷിന്റെ കൈകളിലും കാലുകളിലും തുരുതുരാ വെട്ടുകയായിരുന്നു. കൈപ്പത്തി അറ്റുപോവുകയും കാൽപ്പത്തി വെട്ടേറ്റ് ചിതറിപ്പോവുകയും ചെയ്തു. ഒറ്റ ആയുധം കൊണ്ടാണ് വെട്ടിയത്. രാജേഷിന്റെ സുഹൃത്ത് കുട്ടനെയും ഇയാളാണ് വെട്ടിയത്.

നാവായിക്കുളം മുതൽ മടവൂർ വരെയുള്ള എല്ലാ മൊബൈൽ ടവറുകളിലെയും വിവരങ്ങൾ സേവനദാതാക്കളോട് പൊലീസ് ആവശ്യപ്പെട്ടു. പുലർച്ചെയായതിനാൽ മടവൂർ പ്രദേശത്തെ എല്ലാ ഫോൺവിളികളും പരിശോധിച്ച് തുമ്പുണ്ടാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. രാജേഷിന്റെ മൊബൈൽഫോൺ സൈബർസെൽ പരിശോധിച്ച് നിർണായക വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭ്യമാക്കിയിട്ടുണ്ട്. ആറ്റിങ്ങൽ ഡിവൈ.എസ്‌പി പി.അനിൽകുമാർ കിളിമാനൂർ സി.ഐ പ്രദീപ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഏഴ് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം പുരോഗമിക്കുന്നത്.