കിളിമാനൂർ: നാടൻപാട്ട് കലാകാരൻ മടവൂർ പടിഞ്ഞാറ്റേല ആശാഭവനിൽ രാജേഷിന്റെ ആക്രമിച്ചതുകൊല്ലനായിരുന്നില്ല. മറിച്ച് ചെന്നൈയിൽ ജോലിക്ക് പോകാനുള്ള രാജേഷിന്റെ നീക്കം തടയാനും ഏറെ കാലം കട്ടിലിൽ കിടത്താനുമായിരുന്നുവെന്ന് സൂചന. ക്വട്ടേഷൻ സംഘവുമായി ബന്ധപ്പെട്ട് പിടിയിലായവരിൽ നിന്നാണ് ഈ വിവരം പൊലീസിന് ലഭിച്ചത്. ഖത്തറിലുള്ള യുവതിയുമായി രാജേഷിനുണ്ടായിരുന്ന അടുപ്പമാണ് ക്വട്ടേഷനിലേക്കു നയിച്ചത്. രാജേഷുമായി അടുപ്പത്തിലായതോടെ യുവതിയുടെ വിവാഹബന്ധം ഉലഞ്ഞു. യുവതിയുടെ ഭർത്താവ് പത്ത് ലക്ഷം രൂപയുടെ ക്വട്ടേഷനാണ് രാജേഷിനെ ആക്രമിക്കാൻ നൽകിയതെന്നാണ് പുറത്തുവരുന്ന സൂചന.

യുവതിയുടെ ഭർത്താവും ക്വട്ടേഷനുമായി ബന്ധപ്പെട്ട് കേരളത്തിൽ എത്തിയിരുന്നു. ഇയാൾ രക്ഷപ്പെടാതാരിക്കാനാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതെന്നാണ് സൂചന. ഖത്തറിലെ ഈ വ്യവസായിയ്‌ക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് എന്നതിലാണ് പേര് വിവരങ്ങൾ പൊലീസ് രഹസ്യമാക്കി വച്ചിരിക്കുന്നതെന്നാണ് സൂചന. ക്വട്ടേഷൻ നല്കിയത് രാജേഷിനെ കൊലപ്പെടുത്താനായിരുന്നില്ലെന്നതാണ് സുപ്രധാനവിവരം. കാലുകളും ഒരു കൈയും മുറിക്കാനായിരുന്നു ക്വട്ടേഷൻ നല്കിയതെന്നാണ് സൂചന. അക്രമികൾ ഇതുതന്നെയാണ് നടപ്പാക്കിയതും. എന്നാൽ, രാജേഷ് മരിച്ചതോടെ കണക്കുകൂട്ടലുകൾ പിഴച്ചു. കേസിന് വലിയ മാധ്യമ ശ്രദ്ധയും വന്നു.

പതിനഞ്ചോളം വെട്ടുകൾ രാജേഷിനേറ്റെങ്കിലും ഒന്നുപോലും കഴുത്തിനോ തലയ്‌ക്കോ ദേഹത്തോ ആയിരുന്നില്ല. കൈപ്പത്തി മുറിച്ചുമാറ്റുകയും കാലുകൾ മുട്ടിനുമുകളിൽവെച്ച് വെട്ടി ചിതറിക്കുകയുമാണ് ചെയ്തത്. യഥാസമയം ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നു. എന്നാൽ, ഏറെനേരംകഴിഞ്ഞ് പൊലീസെത്തിയശേഷമാണ് രാജേഷിനെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. അപ്പോഴും ഇയാൾക്കു ബോധമുണ്ടായിരുന്നു. ചോരവാർന്നതാണു മരണത്തിനിടയാക്കിയതെന്ന് പൊലീസും തിരിച്ചറിയുന്നു. മരണ വാർത്ത അറിഞ്ഞതോടെ പ്രതികൾ അങ്കലാപ്പിലായി. ഒളിവിലും പോയെന്നാണ് പൊലീസിന്റെ വിശദീകരണം.

ഖത്തറിലുള്ള യുവതിയുമായി രാജേഷിനുണ്ടായിരുന്ന അടുപ്പമാണ് ക്വട്ടേഷനിലേക്കു നയിച്ചത്. രാജേഷുമായി അടുപ്പത്തിലായതോടെ യുവതിയുടെ വിവാഹബന്ധം ഉലഞ്ഞു. ഈ വിവരങ്ങൾ പൊലീസ് യുവതിയുമായി ഫോണിൽ ബന്ധപ്പെട്ടു സ്ഥിരീകരിച്ചിട്ടുണ്ട്. നാട്ടിൽവെച്ച് രാജേഷ് ആക്രമിക്കപ്പെടാനുള്ള സാധ്യത ഇവരിരുവരും മനസ്സിലാക്കിയതിനെത്തുടർന്ന് ചെന്നൈയിൽ ജോലി തരപ്പെടുത്താനുള്ള ശ്രമവും നടന്നു. ബുധനാഴ്ച രാവിലെ രാജേഷ് ചെന്നൈയിലേക്കു പോകാനുള്ള തയ്യാറെടുപ്പുകളും നടത്തിയിരുന്നു. ഇതിന് തൊട്ടുമുമ്പ് യാത്ര തടസ്സപ്പെടുത്താനായിരുന്നൂ ആക്രമം. തിങ്കളാഴ്ച രണ്ടുപേർ സ്റ്റുഡിയോയിൽ രാജേഷിനെ കാണാനെത്തിയിരുന്നു. ഹ്രസ്വചിത്രം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് രാജേഷിന്റെ സഹകരണം അഭ്യർത്ഥിച്ചാണ് ഇവരെത്തിയത്.

ആക്രമണം നടത്തിയവർ തന്നെയാണ് ഈ ആവശ്യവുമായെത്തിയത്. താൻ നാളെ ചെന്നൈയിലേക്ക് പോകുന്നുവെന്ന് ഇവരോടും രാജേഷ് പറഞ്ഞു. ഇതോടെയാണ് അർദ്ധരാത്രിയിൽ ആക്രമണം പ്ലാൻ ചെയ്ത്. ജോലി ആവശ്യവുമായി ചെന്നൈയിൽ പോകുന്നതിനാൽ ഇവരുടെ പദ്ധതിയുമായി സഹകരിക്കാനാവില്ലെന്നും അറിയിച്ചിരുന്നു. ഹ്രസ്വചിത്ര നിർമ്മാണത്തിന്റെ പേരിൽ രാജേഷിനെ മറ്റൊരിടത്തേക്കു കൊണ്ടുപോയി തങ്ങളുടെ പദ്ധതി നടപ്പാക്കാനുള്ള നീക്കവും ഇതോടെ പൊളിഞ്ഞു. ഖത്തറിലെ വ്യവസായിയും നാട്ടിലുണ്ടായിരുന്നു. ഇയാൾ അക്രമ സമയം കാറിലുണ്ടായിരുന്നുവെന്നും പൊലീസ് സംശയിക്കുന്നു.

ചിലരെ ചോദ്യം ചെയ്തപ്പോഴാണ് ക്വട്ടേഷൻ സംബന്ധിച്ച ചില സൂചനകൾ പൊലീസിനു ലഭിച്ചിട്ടുള്ളത്. എന്നാൽ, ഇക്കാര്യങ്ങളൊന്നും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. പ്രതികളെ കണ്ടെത്തി മൊഴികളുടെ അടിസ്ഥാനത്തിലേ ഇക്കാര്യങ്ങൾ സംബന്ധിച്ച തീരുമാനത്തിലെത്താനാകൂവെന്ന നിലപാടിലാണ് പൊലീസ്.