പട്‌ന: ബിഹാറിൽ നിതീഷും ബിജെപിയും ഒരുമിച്ചാൽ എല്ലാം അവർക്ക് സ്വന്തമെന്നായിരുന്നു ഏവരും കരുതിയത്. കാലിതീറ്റ കുംഭകോണത്തിൽ ലല്ലു പ്രസാദ് യാദവ് അഴിക്കുള്ളിലായതോടെ എല്ലാം തനിക്ക് അനുകൂലമായെന്ന് നിതീഷും കരുതി. ഈ ആത്മവിശ്വാസമാണ് ബീഹാറിൽ നിതീഷിനും ബിജെപിക്കും തിരിച്ചടിയാകുന്നത്.

ബീഹാറിൽ ഉപതിരഞ്ഞെടുപ്പു നടന്ന മൂന്നു സീറ്റുകളിൽ രണ്ടിലും പരാജയപ്പെട്ടതു ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യത്തിനു കനത്ത തിരിച്ചടിയാണ്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പരാജയമായിട്ടാവും ഇത് ചർച്ചയാകുന്നത്. തേജസ്വിനി യാദവിന്റെ സ്ഥാനോരോഹണം കൂടിയാണ് ഇത്. അച്ഛൻ ജിയിൽ ആഴപ്പോഴും ആർ ജെ ഡിയെ മുന്നിൽ നിന്ന് നയിച്ചു. ബിജെപിയെ തറപറ്റിച്ചു.

ആർജെഡിയും കോൺഗ്രസും ഉൾപ്പെടുന്ന വിശാലസഖ്യത്തിന്റെ ഭാഗമായി മൽസരിച്ച് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ നിതീഷ്, കഴിഞ്ഞ ജൂലൈയിൽ സഖ്യം ഉപേക്ഷിച്ചു ബിജെപിയുമായി കൂട്ടുകൂടിയതിന് തേജസ്വിനി നൽകിയ മറുപടിയാണ് ഈ ഫലങ്ങൾ.

നിതീഷിന്റെ പാർട്ടിയായ ജെഡിയുവും ബിജെപിയും സഖ്യത്തിൽ മൽസരിച്ചിട്ടും രണ്ടു സീറ്റുകളിൽ ദയനീയമായി പരാജയപ്പെട്ടു. 2019ലെ പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി ആർജെഡികോൺഗ്രസ് സഖ്യത്തിനു വലിയ ആത്മവിശ്വാസം പകരുന്നതാണു തിരഞ്ഞെടുപ്പു ഫലം. സിറ്റിങ് സീറ്റുകളായ അരാരിയയും ജഹാനബാദും ആർജെഡിയും ബാബുവ ബിജെപിയും നിലനിർത്തിയെങ്കിലും അരാരിയയിലെ പരാജയമാണു നിതീഷിനും ബിജെപിക്കും ആഘാതമായത്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആർജെഡിയിലെ മുഹമ്മദ് തസ്‌ലിമുദ്ദീനാണ് ഇവിടെ വിജയിച്ചത്. ജെഡിയുവും ബിജെപിയും അന്നു വെവ്വേറെയാണു മൽസരിച്ചതെങ്കിലും ഇരുപാർട്ടികളും ചേർന്ന് ആർജെഡിയെക്കാൾ 75,000 വോട്ട് കൂടുതൽ നേടിയിരുന്നു. അതുകൊണ്ട് തന്നെ വിജയം ഉറപ്പിച്ചായിരുന്നു പ്രചരണം. പക്ഷേ തേജസ്വിനിയുടെ തന്ത്രങ്ങൾ വിധി മറ്റൊന്നാക്കി.

ജയസാധ്യതയുണ്ടായിരുന്ന ജഹാനബാദിലെ പരാജയവും നിതീഷിനു വലിയ തിരിച്ചടിയാണ്. അഴിമതിക്കേസിൽ ജയിലിലായ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ അസാന്നിധ്യത്തിൽ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ ലാലുവിന്റെ മകൻ തേജസ്വി യാദവ് നിതീഷിന്റെ സർക്കാരിനെതിരെ ഇനി നിരന്തര പോരാട്ടത്തിലാകും. രാജ്യത്തെ പ്രതിപക്ഷ കക്ഷികൾക്കിടയിൽ പ്രമുഖ സ്ഥാനം നേടാനും ഈ വിജയത്തിലൂടെ ആർജെഡിക്കു കഴിഞ്ഞു.

മദ്യനിരോധനം, മണൽ ഖനനം തുടങ്ങിയ വിഷയങ്ങളിൽ നടപ്പാക്കിയ കർശന നിയമങ്ങളും നിതീഷിനു തിരിച്ചടിയായെന്നാണു വിലയിരുത്തൽ. ഇത്തരം നയങ്ങൾക്കെതിരെ ആർ ജെ ഡി ഇനി ശബ്ദമുയർത്തും.