പട്‌ന: ബിഹാറിൽ ജാതി സെൻസസ് വിഷയത്തിൽ നിതീഷ് കുമാർ സർക്കാരിന് ആർജെഡി പിന്തുണ വാഗ്ദാനം ചെയ്തതോടെ ബിജെപി പ്രതിരോധത്തിൽ. ആർജെഡിയുടെ പിന്തുണയെ സ്വാഗതം ചെയ്ത ജെഡിയു, ജാതി സെൻസസ് തീരുമാനവുമായി മുന്നോട്ടു പോകുമെന്നു വ്യക്തമാക്കിക്കഴിഞ്ഞു.

ജാതി സെൻസസിനെ എതിർക്കുന്ന ബിജെപി മന്ത്രിമാരെ സർക്കാരിൽനിന്നു പുറത്താക്കണമെന്നും ആർജെഡി പിന്തുണയിൽ നിതീഷിനു ഭരണം തുടരാനാകുമെന്നും പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് നിലപാടു പരസ്യമാക്കി. കഴിഞ്ഞതെല്ലാം മറന്നു നിതീഷുമായി വീണ്ടും സഖ്യത്തിനു തയാറാണെന്നു ആർജെഡി സംസ്ഥാന അധ്യക്ഷൻ ജഗദാനന്ദ സിങ്ങും പ്രഖ്യാപിച്ചു.

ഇതോടെ ബിഹാറിൽ സംസ്ഥാനതല ജാതി സെൻസസ് നടപ്പാക്കാനുള്ള നിതീഷ് കുമാറിന്റെ തീരുമാനത്തെ പിന്തുണയ്ക്കാൻ ബിജെപി നിർബന്ധിതമാകുന്ന സാഹചര്യമാണുള്ളത്. ഇനിയും ബിജെപി കടുംപിടിത്തം തുടർന്നാൽ ബിഹാറിൽ രാഷ്ട്രീയ പുനർധ്രുവീകരണത്തിനു കളമൊരുങ്ങും.

ആർജെഡിയുടെ പിന്തുണപ്രഖ്യാപനം സ്വാഗതാർഹമാണെന്നു ജെഡിയു പാർലമെന്ററി ബോർഡ് ചെയർമാൻ ഉപേന്ദ്ര കുഷ്വാഹ പ്രതികരിച്ചു. ബിഹാറിൽ ജാതി സെൻസസ് നടത്താനുള്ള തീരുമാനവുമായി നിതീഷ് സർക്കാർ മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. ജാതി സെൻസസിനെ എതിർക്കുന്നവരെ ജനം പാഠം പഠിപ്പിക്കുമെന്നും ഉപേന്ദ്ര കുഷ്വാഹ മുന്നറിയിപ്പു നൽകി.

ദേശീയ തലത്തിൽ ജാതി സെൻസസ് നടത്തണമെന്ന ബിഹാറിലെ സർവകക്ഷി പ്രതിനിധി സംഘത്തിന്റെ അഭ്യർത്ഥന പ്രധാനമന്ത്രി നരേന്ദ്ര മോദി നിരാകരിച്ചതിനെ തുടർന്നാണു സംസ്ഥാന തല ജാതി സെൻസസ് നടത്തുമെന്നു നിതീഷ് പ്രഖ്യാപിച്ചത്.

ബിഹാറിൽ ജാതി സെൻസസ് നടപ്പാക്കുന്നതു ചർച്ച ചെയ്യാൻ മുഖ്യമന്ത്രി നിതീഷ് കുമാർ സർവകക്ഷി യോഗം വിളിച്ചു ചേർക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും ബിജെപി ഇടങ്കോലിട്ടിരിക്കുകയാണ്. സർവകക്ഷി യോഗത്തിനു ബിജെപി ഒഴികെയുള്ള കക്ഷികളെല്ലാം സമ്മതം അറിയിച്ചു. ബിജെപി പ്രതികരണം അറിയിക്കാത്തതിനാലാണു സർവകക്ഷി യോഗം വിളിച്ചു ചേർക്കാൻ വൈകുന്നതെന്നു നിതീഷ് തുറന്നടിച്ചിരുന്നു.

രാജ്യത്ത് ജാതി സെൻസസ് നടത്തേണ്ടത് അനിവാര്യമാണെന്ന നിലപാടാണ് ആർ.ജെ.ഡി നേതൃത്വത്തിനുള്ളത്. ഇക്കാര്യം ലാലു പ്രസാദ് യാദവ് നേരത്തെ വ്യക്തമാക്കിയിരുന്നു. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളുടെ ജനസംഖ്യ മൊത്തം ജനസംഖ്യയുടെ പകുതിയിലധികമാണെങ്കിൽ 50 ശതമാനം സംവരണപരിധി എടുത്തുകളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

എസ്.സി, എസ്.ടി ഉൾപ്പെടെ മുഴുവൻ ജനവിഭാഗങ്ങളുടെയും വികസനമാണ് ഞാൻ ആവശ്യപ്പെടുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് നടന്ന ഒരു സെൻസസിന്റെ അടിസ്ഥാനത്തിലാണ് വിവിധ ജനവിഭാഗങ്ങൾക്കുള്ള ക്വാട്ട ഇപ്പോഴും തീരുമാനിക്കുന്നത്. ജാതി തിരിച്ചുള്ള ഒരു പുതിയ ജനസംഖ്യാ കണക്കെടുപ്പ് നിലവിൽ അനിവാര്യമാണ്-ലാലു ചൂണ്ടിക്കാട്ടി.

നിലവിലുള്ള സംവരണ ക്വാട്ട അപര്യാപ്തമാണ്. ഇതുപോലും അപൂർവ്വമായാണ് നികത്തപ്പെടുന്നത്. ഇതിന്റെ ഫലമായി വലിയ തോതിൽ ബാക്ക്ലോഗ് രൂപപ്പെട്ടിട്ടുണ്ട്. ഇത് നികത്താൻ ഒരു പുതിയ ജാതി സെൻസസ് നടത്തി ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്നുമാണ് ആർജെഡി ഉന്നയിക്കുന്നത്.