- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളി സംവിധായകർക്ക് കണ്ടുപഠിക്കാനൊരു തമിഴ് സിനിമ! തുടങ്ങിയാൽ പിന്നെ കണ്ണെടുക്കാൻ കഴിയാത്ത രീതിയിൽ തകർത്ത് 'രാക്ഷസൻ'; ഇതു പോലൊരു ത്രസിപ്പിക്കുന്ന സൈക്കോ ത്രില്ലർ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല; പ്രതിഭ തെളിയിച്ച് സംവിധായകൻ രാം കുമാർ; ഒരു നല്ല പ്രമേയംപോലും വികസിപ്പിക്കാനറിയാത്ത മലയാളത്തിലെ സംവിധാന പുംഗവന്മ്മാർ ഇമ്പോസിഷൻ പോലെ കണ്ടുപഠിക്കേണ്ട ചിത്രം
മലയാളത്തിന് മുമ്പേതന്നെ ന്യൂജൻ തരംഗം വന്ന നാടാണ് അത്രയൊന്നും പ്രബുദ്ധതയുള്ളതായി വീമ്പിളക്കാത്ത തമിഴകം. അമീർ സുൽത്താനും, മിഷ്‌ക്കിനും, ശശികുമാറും, സമുദ്രക്കനിയും, വസന്തബാലനും, സുശീലനും, സൂശിഗണേശനും, വിജയ്സേതുപതിയും, ഗൗതം മേനോനുംമെല്ലാം തമിഴ് വാണിജ്യ സിനിമയെ നിരന്തരം നവീകരിക്കുകയും പുതുതലങ്ങളിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഒരു കാലത്ത് പെരും കത്തിയെന്ന് പറഞ്ഞ മലയാളികൾ തള്ളിക്കളഞ്ഞ തമിഴ്സിനിമ പുതിയാകാലത്തിനൊത്ത് നവീകരിക്കപ്പെട്ടതിന് ശേഷമാണ് രാജേഷ് പിള്ളയുടെ 'ട്രാഫിക്കിലൂടെ' മലയാളത്തിലും നവതരംഗം എത്തുന്നത്. പക്ഷേ ഇടക്കാലത്ത് എപ്പോഴോ തമിഴ് സിനിമക്ക് ആ ഗരിമ നഷ്ടമാവുകയും വീണ്ടും പഴയ പെരുംകത്തി ഫോർമാറ്റിലേക്ക് പോവുകയും ചെയ്തു. പക്ഷേ ഈയിടെ കണ്ട 'തീരൻ', '96' എന്നീ ചിത്രങ്ങൾ കണ്ടപ്പോൾ ആ പേടി മാറി. പണി അറിയുന്നവരുണ്ട് തമിഴകത്ത് പടം പിടക്കാനെന്ന്, രാംകുമാർ കഥയെഴുതി സംവിധാനം ചെയ്ത രാക്ഷസൻ എന്ന ചിത്രം കണ്ടപ്പോൾ മനസ്സിലായി. എന്തൊരു ക്രാഫ്റ്റാണ് ഈ സംവിധയാകന്. തുടക്കംതൊട്ട് ഒടുക്കംവരെ ഒരേ സ്പീഡിൽ നാം ആ ചിത്
മലയാളത്തിന് മുമ്പേതന്നെ ന്യൂജൻ തരംഗം വന്ന നാടാണ് അത്രയൊന്നും പ്രബുദ്ധതയുള്ളതായി വീമ്പിളക്കാത്ത തമിഴകം. അമീർ സുൽത്താനും, മിഷ്‌ക്കിനും, ശശികുമാറും, സമുദ്രക്കനിയും, വസന്തബാലനും, സുശീലനും, സൂശിഗണേശനും, വിജയ്സേതുപതിയും, ഗൗതം മേനോനുംമെല്ലാം തമിഴ് വാണിജ്യ സിനിമയെ നിരന്തരം നവീകരിക്കുകയും പുതുതലങ്ങളിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഒരു കാലത്ത് പെരും കത്തിയെന്ന് പറഞ്ഞ മലയാളികൾ തള്ളിക്കളഞ്ഞ തമിഴ്സിനിമ പുതിയാകാലത്തിനൊത്ത് നവീകരിക്കപ്പെട്ടതിന് ശേഷമാണ് രാജേഷ് പിള്ളയുടെ 'ട്രാഫിക്കിലൂടെ' മലയാളത്തിലും നവതരംഗം എത്തുന്നത്.
പക്ഷേ ഇടക്കാലത്ത് എപ്പോഴോ തമിഴ് സിനിമക്ക് ആ ഗരിമ നഷ്ടമാവുകയും വീണ്ടും പഴയ പെരുംകത്തി ഫോർമാറ്റിലേക്ക് പോവുകയും ചെയ്തു. പക്ഷേ ഈയിടെ കണ്ട 'തീരൻ', '96' എന്നീ ചിത്രങ്ങൾ കണ്ടപ്പോൾ ആ പേടി മാറി. പണി അറിയുന്നവരുണ്ട് തമിഴകത്ത് പടം പിടക്കാനെന്ന്, രാംകുമാർ കഥയെഴുതി സംവിധാനം ചെയ്ത രാക്ഷസൻ എന്ന ചിത്രം കണ്ടപ്പോൾ മനസ്സിലായി. എന്തൊരു ക്രാഫ്റ്റാണ് ഈ സംവിധയാകന്. തുടക്കംതൊട്ട് ഒടുക്കംവരെ ഒരേ സ്പീഡിൽ നാം ആ ചിത്രത്തിലേക്ക് വീണുപോവുകയാണ. ഒരിടത്തും ശ്വാസം അയക്കാനോ,, കണ്ണിമ മാറാനോ സംവിധായകൻ അനുവദിക്കുന്നില്ല.
ഒരു ശരാശരി മലയാള സിനിമകണാൻ തുടങ്ങിയാൽ ബോറടി മാറ്റാനായി നാം എത്രതവണ മൊബൈലിൽ നോക്കുമെന്ന്, കുട്ടനാടൻ ബ്ലോഗ് തൊട്ട് കായംകുളം കൊച്ചുണ്ണിവരെ കണ്ടവർക്ക് അറിയാം. എങ്ങനെ പ്രേക്ഷകനെ തീയേറ്ററിൽ പിടിച്ചിരുത്തണം എന്നതിന്റെ ബാലപാഠംപോലും അറിയാതെ, കോടികൾ തുലപ്പിച്ച് നിർമ്മതാക്കളെ പഞ്ഞിക്കിടുന്ന മലയാളത്തിലെ സംവിധാന പുംഗവന്മ്മാർ ഇമ്പോസിഷൻപോലെ കണ്ടുപഠിക്കേണ്ട ചിത്രമാണിത്.
സത്യത്തിൽ അറുപഴഞ്ചൻ കഥയാണ് ഈ പഠത്തിന്റെത്. ആൽഫ്രഡ് ഹിച്ച്കോക്ക് തൊട്ട് നമ്മുടെ ബി ഉണ്ണികൃഷ്ണൻവരെ പറഞ്ഞ് തേഞ്ഞുപോയ സീരിയൽ കില്ലറുടെ അടിസ്ഥാനമാക്കിയുള്ള സൈക്കോ ത്രില്ലർ. ചെറിയ പിഴവുകൊണ്ട് പാളിപ്പോകാവുന്ന ഈ ചിത്രത്തെ രചയിതാവുകൂടിയായ സംവിധയാകൻ രാംകുമാർ അവതരണ മികവുകൊണ്ട് വേറിട്ടതാക്കിയിരിക്കയാണ്. (കിംകിഡുക്കിന് കുറസോവയിൽ ഉണ്ടായ മകനെപ്പോലെ വലിയ വായിൽ സംസാരിക്കുന്ന മലയാള സംവിധായാകരെ നോക്കുക. ഒരു നല്ല പ്രമേയം കിട്ടിയാൽപോലും അവതരണ മികവുകൊണ്ട് എങ്ങനെ ഭംഗിയാക്കാമെന്ന് അവർക്ക് അറിയില്ല. മൊത്തം കുട്ടിച്ചോറാക്കി കൊടുക്കും.)ഒരിടത്തും കൈവിട്ടു പോകാതെ ഒതുക്കത്തോടെ ഒരു ഹൈപ്പർ ത്രില്ലിങ് എക്‌സ്പീരിയൻസ് കാഴ്ചക്കാരന് നൽകാൻ രാക്ഷസനിലൂടെ സംവിധായകൻ രാംകുമാറിനു കഴിഞ്ഞു. സംവിധായകന്റെ കഴിവിന് ലഭിക്കുന്ന അംഗീകാരമാണ് ഓർക്കാപ്പുറത്ത് തീയറ്ററിൽ ഉയരുന്ന കൈയടികൾ. ഹൊറർ-വയലൻസ് രംഗങ്ങൾ മടുപ്പിക്കുന്ന തീവ്രതയിൽ മുന്നിലെത്തിക്കാതെ പ്രേക്ഷകനിൽ അവയുടെ അനുഭവം സൃഷ്ടിക്കാനായത് സംവിധായകന്റെ വിജയമാണ്.
കഥയിലേക്ക് വന്നാൽ വിഷ്ണുവിശാൽ എന്ന യുവ നടൻ അവതരിപ്പിക്കുന്ന നായക കഥാപത്രം അരുൺ ഒരു അസിസ്റ്റന്റ് ഡയറക്ട്റാണ്. വർഷങ്ങളായുള്ള ഗവേഷണത്തിന്റെ ഫലമായി അയാൾ ഒരു സീരിയൽ കില്ലറിനെ കഥ ഉണ്ടാക്കിയെടുക്കുന്നു. ഇത് എത്ര നിർമ്മാതാക്കളോട് പറഞ്ഞിട്ടും ആരും എടുക്കുന്നില്ല. ഒടുവിൽ മറ്റ് വഴികൾ ഇല്ലാതെ കുടുംബത്തിന്റെ സമ്മർദപ്രകാരം അയാൾ പൊലീസിൽ ചേരുകയാണ്. പിതാവ് സർവീസിലിരുന്ന് മരിച്ചതിന്റെ ആശ്രിത നിയമനം.തനിക്ക് ഒരിക്കലും പൊരുത്തപ്പെടുപോകാനാവത്ത പൊലീസ് ജോലിയിൽ അയാൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങും, ഫ്യൂഡൽ മനോഭാവം ഇപ്പോഴും വിട്ടിട്ടില്ലാത്ത പൊലീസിന്റെ രീതികളുമെല്ലാം സംവിധായകൻ കൃത്യമായി വരച്ചുകാട്ടുന്നുണ്ട്.
അങ്ങനെ ഇരിക്കയൊണ് പരമ്പര കൊലയാളിയെക്കുറിച്ചുള്ള സൂചനകൾ പൊലീസിനു കിട്ടുന്നതും അന്വേഷണം തുടങ്ങുന്നതും. ചെന്നൈ നഗരത്തെ നടുക്കിക്കൊണ്ട് സ്‌കൂൾ വിദ്യാർത്ഥികളായ പെൺകുട്ടികൾ ക്രൂരമായി കൊല്ലപ്പെടുകയാണ്. തന്റെ സിനിമക്കായി നടത്തിയ ഗവേഷണം ഇവിടെ അയാൾക്ക് പ്രയോജനപ്പെടുന്നു. ഇവിടെയാക്കെ അരുണിന്റെ ശത്രുവാകുന്നത് സ്വന്തം ഡിപ്പാർട്ട്മെന്റിന്റെ ഈഗോ തന്നെയാണ്. ഈ രണ്ടു ശത്രുക്കളെയും അയാൾ ഒരുപോലെ മറികടക്കുന്നത് ചിത്രത്തിൽ അങ്ങേയറ്റം സെൻസിബിളായി ചിത്രീകരിച്ചിരിക്കുന്നു. ഈ പടത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും ഈ യുക്തിഭദ്രതയാണ്. സാധാരണ ഇത്തരം പടങ്ങളിൽ കാണുന്നതുപോലുള്ള നായകന്റെ വീര പരിവേഷം ഇവിടെ കാണാനില്ല.ശാസ്ത്രീയ തെളിവുകളെ അടിസ്ഥാനമാക്കിയാണ് അന്വേഷണം മുന്നോട്ടു നീങ്ങുന്നത്. ജോഷിയുടെ ഗോഡൗൺ ക്ലൈമാകസ് എന്ന് നാം കളിയാക്കുന്ന രീതിയിലുള്ള, അവസാനത്തെ സ്ഥിരം ഏറ്റുമുട്ടലിനോട് മാത്രമേ ഈ ലേഖകന് വിയോജിപ്പുള്ളൂ.അതുപോട്ടെ.
മിഷ്‌ക്കിന്റെ സിനിമകളെ ഞെട്ടിക്കുന്ന വയലൻസ് ഈ പടത്തിൽ പലയിടത്തും കടന്നുവരുന്നുണ്ട്. പക്ഷേ അപ്പോഴും അതൊന്നും അറപ്പിക്കുന്ന രീതിയിലേക്ക് മാറുന്നില്ല.സ്‌കൂളുകളിൽ പെൺകുട്ടികൾ അദ്ധ്യാപകരാൽ ചൂഷണം ചെയ്യപ്പെടുന്ന രംഗമൊക്കെ ഭീതിയോടെ മാത്രമേ നിങ്ങൾക്ക് കാണാനാവൂ. ഈ സൈക്കോ ത്രില്ലർ മൂവിക്ക് ഉള്ളിലേക്ക് ഒരു ഫാമിലി സ്റ്റോറി കടത്തിവിടാൻ കഴിഞ്ഞത് പടത്തിന് വല്ലാതെ ഗുണം ചെയ്തിട്ടുണ്ട്. ഇൻസ്പെക്ടർ അരുൺ സ്വന്തം കസിൻ സിസ്റ്ററുടെ വികൃതമായ മൃതദേഹം മോർച്ചറിയിലേക്ക് കൊണ്ടുവരുന്ന രംഗങ്ങളൊക്കെ പ്രേക്ഷകർക്ക് നൊമ്പരമാവുന്നുണ്ട്.
രാക്ഷസനെ ഉഗ്രനാക്കി തീർത്തതിൽ എഡിറ്റിങ്ങും പശ്ചാത്തലസംഗീതവും ഒന്നിനൊന്നു മത്സരിച്ചു. മ്യൂസിക്ക് കൊണ്ട് ഭയം ജനിപ്പിക്കാനുള്ള ടെക്ക്നിക്ക് ശരിക്കും വർക്ക് ഔട്ട് ആയിട്ടുണ്ട്. ജിബ്രാന്റെ പശ്ചാത്തലസംഗീതത്തിന് സംവിധായകൻ സങ്കൽപിച്ച തലത്തിനപ്പുറത്തേക്ക് കാഴ്ചക്കാരനെ എത്തിക്കാൻ കഴിഞ്ഞു. സംഗീതത്തിനൊപ്പം കാണുന്നവരുടെ മനസും സഞ്ചരിച്ചുവെന്നത് ജിബ്രാൻ ചിട്ടപ്പെടുത്തിയ സംഗീതത്തിന്റെ വിജയമായി. പിഴവുകളില്ലാതെ രംഗങ്ങൾ എഡിറ്റു ചെയ്ത സാൻ ലോകേഷ് സിനിമയുടെ ത്രില്ലിങ് അനുഭവം ഇരട്ടിയാക്കി.അഭിനേതാക്കളെല്ലാം തന്നെ അവരുടെ ഭാഗം ഭംഗിയാക്കി. വിഷ്ണു വിശാൽ അതി നടനമില്ലാതെ ഇൻസ്‌പെക്ടർ അരുണിനെ വെള്ളിത്തിരയിലെത്തിച്ചു. ഒരു സംശയവും വേണ്ട ഭാവിയുടെ നടനാണ് ഇയാൾ. ഇളയദളപതിയും അജിത്തുമൊക്കെ ഇയാൾക്കുമേൽ ഒരു കണ്ണുവെച്ചോളൂ. അലക്‌സ് ക്രിസ്റ്റഫറും രാധാരവിയും നിഴൽകൾ രവിയും രാംദാസും വിനോദിനിയും നന്നായി.നായികയാണെങ്കിലും അമലാപോളിന് അധികമായൊന്നും ചെയ്യാനില്ലായിരുന്നു. സിനിമയിലെത്തിയ ബാലതാരങ്ങളുടെ അഭിനയവും മികച്ചതായി.
വാൽക്കഷ്ണം: നോക്കുക, ഇതൊരു ബ്രഹ്മാണ്ഡ ചിത്രമൊന്നുമല്ല. ചരുങ്ങിയ ചെലവ് ലളിതമായ ലൊക്കേഷൻ.ലോകം മുഴവൻ ചുറ്റിവരുന്ന ഗാനങ്ങളില്ല. ഭീകര സംഘട്ടനങ്ങളില്ല. മസ്തിഷ്‌ക്കത്തിൽ നിന്നല്ല ഹൃദയത്തിൽ നിന്നാണ് സംവധായകൻ കഥ പറയുന്നത്.എന്നിട്ടും ഈ സിനിമ വൻ വിജയമാവുകയാണ്. അതായത് പുതിഴ തമിഴ് സിനിമകൾ പഴയ മലയാള ചിത്രങ്ങളെ അനുകരിക്കയാണ്. പുതിയ മലയാള ചിത്രങ്ങളോ പഴയ തമിഴ് ചിത്രങ്ങളെയും. ചരിത്രം പ്രഹസനമായി ആവർത്തിക്കുമെന്ന് പറഞ്ഞത് എത്ര ശരിയാണ്.