തിരുവനന്തപുരം: നടൻ കലാഭവൻ മണിയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് വ്യക്തമാക്കി പൊലീസ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്ന പല കാര്യങ്ങളിലും സംശയങ്ങൾ അവശേഷിക്കുന്നുവെന്ന് അക്കമിട്ട് വ്യക്തമാക്കി മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ. പൊലീസിന്റെ റിപ്പോർട്ട് വിചിത്രമാണെന്ന് വ്യക്തമാക്കി നൽകിയ ഫേസ്‌ബുക്ക് കുറിപ്പിലാണ് രാമകൃഷ്ണന്റെ വിമർശനങ്ങൾ.

കലാഭവൻ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്കു വിടണമെന്നാവശ്യപ്പെട്ട് രാമകൃഷ്ണൻ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതിയിലാണ് പൊലീസ് വിശദീകരണം നൽകിയത്. നരഹത്യ, ആത്മഹത്യാ സാധ്യതകൾക്കു പുറമെ, രോഗം മൂലമുള്ള സ്വാഭാവിക മരണം, അറിയാതെ വിഷമദ്യം കഴിക്കുക എന്നീ സാധ്യതകളും പരിശോധിച്ചതായി പൊലീസ് വ്യക്തമാക്കി. മണിയുമായി അടുപ്പമുണ്ടായിരുന്ന ക്രിമിനലുകളായ ഗുണ്ടുകാട് സാബു, വെട്ടിൽ സുരേഷ്, പ്രിയൻ പള്ളുരുത്തി തുടങ്ങിയവരെ ചോദ്യം ചെയ്തു. എന്നാൽ, സംശയിക്കാൻ തക്കതൊന്നും കണ്ടില്ലെന്നും പൊലീസ് പറയുന്നു. കലാഭവൻ മണി മരിക്കാനിടയായതു മറ്റാരെങ്കിലും വിഷം നൽകിയതു മൂലമാണോ എന്നു പരിശോധിച്ചെങ്കിലും സംശയകരമായൊന്നും കണ്ടെത്തിയില്ല.

മണിയുടെ ഉള്ളിൽ മീതൈൽ ആൽക്കഹോളിന്റെ അംശം കണ്ടെത്തിയതിനാൽ ഏതെങ്കിലും തരത്തിൽ കഴിച്ചതാണോ എന്നു സംശയിച്ചു. പോസ്റ്റ്മോർട്ടത്തിനിടെ ശേഖരിച്ച രക്തസാംപിൾ എറണാകുളം റീജനൽ കെമിക്കൽ ലാബിൽ പരിശോധിച്ചതിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയിരുന്നു. എന്നാൽ, വിഷമദ്യത്തിന്റെയോ കീടനാശിനിയുടെയോ പ്രകടമായ സൂചനകളൊന്നും പോസ്റ്റ്മോർട്ടത്തിൽ ഡോക്ടർമാരോ പൊലീസ് സർജനോ ശ്രദ്ധിച്ചിരുന്നില്ല. സംശയമുണ്ടായ സാഹചര്യത്തിൽ രക്തവും മൂത്രവും ആന്തരികാവയവങ്ങളും മറ്റും ഹൈദരാബാദിലെ സെൻട്രൽ ഫൊറൻസിക് സയൻസ് ലാബിൽ വിശദമായ പരിശോധനയ്ക്കു വിധേയമാക്കിയെങ്കിലും ഈതൈൽ ആൽക്കഹോൾ, മീതൈൽ ആൽക്കഹോൾ എന്നിവ മാത്രമാണു കണ്ടത്.

പരിശോധനാ ഫലം സംബന്ധിച്ചു മെഡിക്കൽ ബോർഡിന്റെ അഭിപ്രായം തേടിയിട്ടുണ്ടെന്നും പരിഗണനയിലാണെന്നും കോടതിയെ അറിയിച്ച അന്വേഷണ ഉദ്യോഗസ്ഥൻ 2015 മുതലുള്ള രോഗ, ചികിൽസാ ചരിത്രം വച്ചാണു സ്വാഭാവിക മരണത്തിനുള്ള സാധ്യത പരിശോധിച്ചതെന്നും മണിക്ക് കരൾ, വൃക്ക രോഗങ്ങളും മറ്റുമുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ ഇതിൽ നിരവധി പൊരുത്തക്കേടുകളുണ്ടെന്ന് വ്യക്തമാക്കിയാണ് രാമകൃഷ്ണൻ രംഗത്തെത്തിയിട്ടുള്ളത്.

മെഥനോളും കീടനാശിനിയുമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറഞ്ഞത് തിരുത്താൻ ശ്രമിക്കുകയാണ് പൊലീസെന്നാണ് രാമകൃഷ്ണൻ ചൂണ്ടിക്കാട്ടുന്നത്. സീൽചെയ്യാത്ത ആന്തരിക അവയവങ്ങളും രക്തസാമ്പിളും തെളിവായി ലഭിച്ച വാറ്റുചാരായം ഒഴിവാക്കിയ കാലിക്കുപ്പികളും ആണ് നാഷണൽ ലാബിലേക്ക് അയച്ചത്. ഇത് ഒരു പരീക്ഷണത്തിന് വിധേയമാക്കാവുന്ന അളവിൽ അല്ലെന്ന് നാഷണൽ ലാബ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത് പൊലീസ് കണ്ടില്ലെന്ന് നടിക്കുകയാണെന്നും രാമകൃഷ്ണൻ കുറ്റപ്പെടുത്തുന്നു. പൊലീസിന്റെ സത്യവാങ്മൂലത്തിലെ വീഴ്ചകൾ ഒന്നൊന്നായി ചൂണ്ടിക്കാട്ടിയാണ് രാമകൃഷ്ണന്റെ വിമർശനങ്ങൾ. കൂട്ടുകാർ വ്യാജമദ്യം കഴിക്കില്ലെന്നു പറഞ്ഞ് കഞ്ചാവിനും മദ്യത്തിനും അടിമകളായ ഇവരെ സംരക്ഷിക്കുകയാണ് പൊലീസ് ചെയ്തതെന്നും രാമകൃഷ്ണൻ കുറ്റപ്പെടുത്തുന്നു. ഇതോടെ മണിയുടെ മരണത്തിലെ ദുരൂഹത വീണ്ടും ചർച്ചയാവുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തുകയാണ്.

ഫേസ്‌ബുക്കിൽ നൽകിയ പോസ്റ്റുകളിലൂടെ രാമകൃഷ്ണൻ പറയുന്ന കാര്യങ്ങൾ ഇങ്ങനെ:

പൊലീസിന്റെ റിപ്പോർട്ട് വിചിത്രം! മെഥനോളം കീടനാശിനിയും ആണ് മരണകാരണം എന്ന് പോസ്റ്റ് മാർട്ടം റിപ്പോർട്ടിൽ പറഞ്ഞത് തിരുത്താൻ ശ്രമിക്കുകയാണ് പൊലീസ്.ഇതിനായി സീൽ ചെയ്യാത്ത ആന്തരിക അവയവങ്ങളും, രക്തസാമ്പിളും, തെളിവായി ലഭിച്ച വാറ്റുചാരായം ഒഴിവാക്കിയ കാലി കുപ്പികളും ആണ് നാഷണൽ ലാബിലേക്ക് അയച്ചതെന്നും ഇത് ഒരു പരീക്ഷണത്തിന് വിധോയമാക്കാവുന്ന അളവിലല്ല എന്നും നാഷണൽ ലാബ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത് പൊലീസ് കണ്ടില്ലെന്നു നടിക്കുകയാണ്. ഇനി മെഥനോൾ എന്ന മാരക വിഷം എങ്ങിനെ എത്തി എന്ന് കണ്ടു പിടിക്കാൻ പൊലീസിനു കഴിഞ്ഞിട്ടില്ല. കൂട്ടുകാർക്ക് ക്ലീൻ ഇമേജ് നൽകിയിരിക്കുകയാണ് പൊലീസ്.കൂട്ടുകാർ വ്യാജമദ്യം കഴിക്കില്ലത്രെ!

കഞ്ചാവിനും മദ്യത്തിനും അടിമകളായ ഇവരെ സംരക്ഷിക്കുകയാണ് പൊലീസ്. കീടനാശിനിയെ ഒഴിവാക്കിയാലും മാരകമായ മെഥനോൾ എങ്ങിനെ പാഡിയിൽ എത്തിയെന്നും 'അത് മരിച്ച വ്യക്തിയുടെ ഉള്ളിൽ എത്തിയെന്നും പൊലീസ് കണ്ടെത്താതെ; ഇരുട്ടിൽ തപ്പി ഇതിനെ സ്വാഭാവിക മരണമാക്കാൻ പൊലീസ് പെടാപാട് പെടുകയാണ്.; എന്തുകൊണ്ട് കാക്കനാട് ലാബിനെ അവിശ്വസിക്കുന്നു.? ആന്തരിക അവയവങ്ങൾ സീൽ ചെയ്യാതെ അയച്ച നാഷണൽ ലാബിന്റെ റിസൾട്ടിനെ വിശ്വസിക്കുന്നത് എന്തുകൊണ്ട്?

സുഹൃത്തുക്കൾ വാറ്റുചാരായം കഴിക്കാറില്ലെന്ന് പറയുന്നത് അവരെ പൊലീസ് സംരക്ഷിക്കുന്നതിനാണ്. കഞ്ചാവിനും മദ്യത്തിനും അടിമകളാണ് ഇവരിൽ രണ്ടു പേർ. തെളിവുകൾ കിട്ടിയിട്ടും അത് കളഞ്ഞിട്ടാണ് ടെസ്റ്റ് ചെയ്യാൻ അയച്ചത്. മാരകമായ മെഥനോൾ എത്തിച്ചത് ആരാണ് ? അത് എങ്ങിനെ പാഡി വന്നു?. മെഥനോൾ മാത്രം മതി മരണകാരണമാകാൻ ഇതിന് പൊലീസ് ഉത്തരം തരാതെ ഉരുണ്ടു കളിക്കുകയാണ്.