- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വലിയങ്ങാടിയിൽ അലന്റെ പിതാവ് മുഹമ്മദ് ഷുഹൈബിന് കോൺഗ്രസിന്റെ പിന്തുണയില്ല; ആർഎംപിയെ കോൺഗ്രസ് തള്ളിയതോടെ യുഡിഎഫ് പിന്തുണയില്ലാതെ ഷുഹൈബ് വലിയങ്ങാടിയിൽ മത്സരിക്കും; ഒഞ്ചിയം, ചോറോട്, ഏറാമല, വടകര പഞ്ചായത്തുകളിൽ ആർഎംപി-യുഡിഎഫ് ധാരണ തുടരും
കോഴിക്കോട്: ആർഎംപി സ്ഥാനാർത്ഥിയായി കോഴിക്കോട് കോർപ്പറേഷനിലേക്ക് മത്സരിക്കുന്ന അലന്റെ പിതാവ് മുഹമ്മദ് ഷുഹൈബിനെ യുഡിഎഫ് പിന്തുണക്കില്ല. മാരത്തൺ ചർച്ചകൾക്കൊടുവിലാണ് യുഡിഎഫ് ഇക്കാര്യത്തിൽ ധാരണയിലെത്തിയത്. പിന്തുണയ്ക്കാൻ പരിമിതികളുണ്ടെന്ന് കെപിസിസി വൈസ് പ്രസിഡന്റ് ടി. സിദ്ദിഖ് പറഞ്ഞു. യുഡിഎഫിന് വ്യക്തമായ മേധാവിത്വമുള്ള വലിയങ്ങാടിയിൽ ഏകപക്ഷീയമായി ആർഎംപി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പന്തീങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ അലന്റെ പിതാവാണ് ഷുഹൈബ്. പാർട്ടിപ്രവർത്തകനായിരുന്നു ഷുഹൈബ് അറസ്റ്റിൽ പ്രതിഷേധിച്ച് സിപിഎമ്മുമായി അകൽച്ചയിലായിരുന്നു. ആർഎംപിയുെട ആവശ്യപ്രകാരമാണ് മത്സരിക്കാൻ തീരുമാനിച്ചതെന്ന് ഷുഹൈബ് വ്യക്തമാക്കിയിരുന്നു. വലിയങ്ങാടി വാർഡിൽ ഉൾപ്പെടെ 75 വാർഡുകളിലും കോൺഗ്രസ് സ്ഥനാർഥികളെ പ്രഖ്യാപിച്ചു.
61 വാർഡിലാണ് പന്തീരങ്കാവ് യുഎപിഎ കേസിലെ അലന്റെ പിതാവ് ഷുഹൈബിനെ ആർഎംപി സ്ഥാനാർത്ഥിയായത്. യുഡിഎഫ് പിന്തുണയോടെ ഷുബൈബിനെ മത്സരിപ്പിക്കാനായിരുന്നു ആർഎംപിയുടെ തീരുമാനം. എന്നാൽ യുഡിഎഫ് നേതാക്കൾ ഇത് തള്ളുകയയിരുന്നു. വലിയങ്ങാടി വാർഡിൽ കോൺഗ്രസിലെ എസ് കെ അബൂബക്കറാണ് യുഡിഎഫ് സ്ഥാനാർത്ഥി. യുഡിഎഫിന് ജയസാധ്യതയുള്ള വാർഡ് വിട്ടുകൊടുക്കാനാവില്ലെന്നാണ് കോൺഗ്രസ് നിലപാട്. സിപിഎമ്മിലെ സ്ഥാനാർത്ഥികൾക്കെതിരെയാണ് ഷുഹൈബ് സ്ഥാനാർത്ഥിയാകേണ്ടതെന്നാണ് കോൺഗ്രസ് നേതാക്കളുടെ വിശദീകരണം.
എൽഡിഎഫ് സ്ഥാനാർത്ഥിയായി വലിയങ്ങാടിയിൽ എൽജെഡിയിലെ തോമസ് മാത്യുവാണ്. ഷുഹൈബിന്റെ സ്ഥാനാർത്ഥിത്വം തങ്ങളെ അറിയിച്ചിട്ടില്ലെന്ന് കെപിസിസിയംഗം അഡ്വ. പ്രവീൺകുമാർ പറഞ്ഞു. യുഡിഎഫ് പിന്തുണയില്ലെങ്കിലും ഒറ്റയ്ക്ക് മത്സരിക്കുമെന്നും തന്റെ സ്ഥാനാർത്ഥിത്വം പൊലീസ് രാജിനെതിരാണെന്നും ഷുഹൈബ് പറഞ്ഞു. യുഡിഎഫ് പിന്തുണച്ചാലും ഇല്ലെങ്കിലും ഷുഹൈബ് സ്ഥാനാർത്ഥിയാകുമെന്നാണ് ആർഎംപി നിലപാട്.
നാല് പതിറ്റാണ്ടിലധികമായി യുഡിഎഫിന്റെ കുത്തകയാണ് വലിയങ്ങാടി വാർഡ്. വലിയങ്ങാടിയിൽ യുഡിഎഫ് സ്ഥനാർഥിയെ പ്രഖ്യാപിച്ചകാര്യം ആർഎംപി നേതാക്കൾ അറിഞ്ഞത് വൈകിയായിരുന്നു. സിപിഎം പ്രതിനിധി മത്സരിക്കുന്ന വാർഡിലാണ് ഷുഹൈബ് മത്സരിക്കുന്നതെങ്കിൽ പിന്തുണയ്ക്കാമെന്ന നിലപാടിലായിരുന്നു മുസ്ലിംലീഗ്. അതേസമയം ഒഞ്ചിയം, ചോറോട്, ഏറാമല, വടകര പഞ്ചായത്തുകളിൽ ആർഎംപി-യുഡിഎഫ് ധാരണയിലാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.
മറുനാടന് മലയാളി ബ്യൂറോ