ന്യൂഡൽഹി: കശ്മീരിൽ സൈന്യത്തിന് നേരേയുള്ള കല്ലേറ് ചെറുക്കാൻ യുവാവിനെ സൈനിക വാഹനത്തിനുമുന്നിൽ കെട്ടിവെച്ച് മനുഷ്യകവചമാക്കിയ സംഭവത്തെ ന്യായീകരിച്ചു കരസേനാ മേധാവി ജനറൽ വിപിൻ റാവത്ത്. യുവാവിനെ മനുഷ്യകവചമാക്കിയതിൽ മനുഷ്യാവകാശ സംഘനടകളടക്കം കടുത്ത പ്രതിഷേധം ഉയർത്തിയ സാഹചര്യത്തിലാണ് കരസേനാ മേധാവിയുടെ മറുപടി.

ജമ്മുകശ്മീരിൽ നടക്കുന്നത് വൃത്തികെട്ട യുദ്ധമാണെന്നും അത്തരം സാഹചര്യങ്ങളിൽ അതിനെ നേരിടാൻ 'നൂതനമാർഗങ്ങൾ' സ്വീകരിക്കേണ്ടിവരുമെന്നുമാണ് ജനറൽ വിപിൻ റാവത്ത് വ്യക്തമാക്കിയത്. ഒട്ടും മാന്യതയില്ലാത്ത രീതിയിലുള്ള കലാപമാണ് അവിടെ നടക്കുന്നത്. പ്രതിഷേധക്കാർ കല്ലിനുപകരം തോക്ക് എടുക്കുകയാണെങ്കിൽ സൈനികമേധാവി എന്ന നിലയിൽ കൂടുതൽ സന്തോഷമായേനെ. അപ്പോൾ തനിക്ക് ചെയ്യേണ്ടത് ചെയ്യാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

കശ്മീരിൽ നടക്കുന്നത് നിഴൽയുദ്ധമാണ്. അത്തരമൊരു യുദ്ധത്തിൽ പുതുവഴികൾ തേടേണ്ടിവരും. ജനം കല്ലും പെട്രോൾ ബോംബും എറിയുമ്പോൾ ഞങ്ങൾ എന്തുചെയ്യണമെന്ന് ചോദിക്കുന്ന സൈനികരോട് ഞാൻ എന്തുപറയണം. 'കാത്തിരിക്കൂ, മരിക്കൂ, ഞാൻ നിങ്ങൾക്ക് പുതിയ ശവപ്പെട്ടിയും ദേശീയപതാകയും കൊണ്ടുവരാം എന്നുപറയണോ?' ഇന്ത്യയുടെ സുരക്ഷക്കു വേണ്ടി കാശ്മീരിൽ കഴിയുന്ന നമ്മുടെ സേനയോട് പാലിക്കേണ്ട ധാർമ്മികതയുണ്ട്. -വാർത്താ ഏജൻസിയായ പിടിഐയ്ക്കു നൽകിയ അഭിമുഖത്തിലാണ് കസേനാ മേധാവി ശക്തമായ ഭാഷയിൽ പ്രതികരിച്ചത്.

യുവാവിനെ സൈനികവാഹനത്തിൽ കെട്ടിയിട്ട മേജർ ലീതുൽ ഗൊഗോയിയെ സൈനികപുരസ്‌കാരം നൽകി ആദരിച്ചതിനെയും ബിപിൻ റാവത്ത് ന്യായീകരിച്ചു. 'വളരെ പ്രയാസകരമായ സാഹചര്യത്തിൽ ജോലിചെയ്യുന്ന യുവസൈനികർക്ക് ധാർമികപിന്തുണ നൽകുന്നതിനാണ് അത്തരമൊരു തീരുമാനമെടുത്തത്. ആക്രമണമുണ്ടാകുേമ്പാൾ സൈന്യത്തിന് സ്വയം സംരക്ഷിക്കാനുള്ള അവകാശമുണ്ട്? ജനം കല്ലെറിഞ്ഞോടിക്കുേമ്പാൾ സ്വയസംരക്ഷണാർത്ഥം മേജർ ഗൊഗോയ് വെടിവെക്കാൻ ഉത്തരവിട്ടിരുന്നേൽ എന്തായിരിക്കും സ്ഥിതി. അതിനു പകരം മറ്റൊരു രീതിയിൽ അക്രമത്തെ ചെറുക്കുകയാണ് അദ്ദേഹം ചെയ്തത്.

ഞാൻ നിങ്ങളുടെകൂടെയുണ്ടെന്ന് എനിക്കെന്റെ കുട്ടികളോട് പറയേണ്ടതുണ്ടായിരുന്നു. അതെന്റെ ചുമതലയാണ്. അതാണ് ചെയ്തത്. സൗഹൃദത്തോടെയാണ് സേന ജനങ്ങളോടു പെരുമാറുന്നത്. സൈന്യം ക്രമസമാധാനപാലനം നടത്തുമ്പോൾ ജനം ഭയക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ജനതയ്ക്ക് സൈന്യത്തോടുള്ള ഭയം നഷ്ടമായാൽ രാജ്യത്തിന്റെ നാശമായിരിക്കും ഫലം. സൈന്യം സൗഹൃദത്തോടെയാണ് പെരുമാറുന്നത്. സൈന്യം ക്രമസമാധാന ചുമതല നിർവഹിക്കുമ്പോൾ ജനം സൈന്യത്തെ പേടിക്കേണ്ടതുണ്ട്' -റാവത്ത് പറഞ്ഞു.

ഏപ്രിൽ ഒമ്പതിന് ശ്രീനഗറിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് ബഡ്ഗാമിലെ ഖാൻസാഹിബുകാരനായ ഫാറൂഖ് അഹമ്മദ് ദർ എന്ന യുവാവിനെ സൈന്യം മനുഷ്യകവചമായി സൈനികവാഹനത്തിനുമുന്നിൽ കെട്ടിയിട്ടത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും സൈനികരുടെയും ജീവൻ രക്ഷിക്കാനായിരുന്നു അത്തരമൊരു നടപടി എന്നായിരുന്നു ഗൊഗോയിയുടെ വിശദീകരണം. താൻ അക്രമകാരിയോ ഭീകരനോ അല്ലെന്നും വോട്ടുചെയ്തു മടങ്ങുമ്പോൾ സൈന്യം പിടികൂടുകയായിരുന്നെന്നുമാണ് ഫാറൂഖ് ദർ പറയുന്നത്.

ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ മനുഷ്യാവകാശ ഗ്രൂപ്പുകളും കശ്മീരി സംഘടനകളും പ്രതിഷേധമുയർത്തിയിരുന്നു. കശ്മീരിൽ സൈന്യം മനുഷ്യകവചത്തെ ഉപയോഗിച്ചത് അന്താരാഷ്ട്രമാധ്യമങ്ങളിലും വലിയ വാർത്തയായി മാറിയത് ഇന്ത്യക്ക് നയതന്ത്രതലത്തിൽ തിരിച്ചടിയായി. സംഭവം പരമാവധി പ്രയോജനപ്പെടുത്താൻ പാക്കിസ്ഥാനും ശ്രമം നടത്തി. താഴ്‌വരയിലാകെ വ്യാപക പ്രതിഷേധം ഉയർന്നതോടെ സൈനികർക്കെതിരെ കേസെടുക്കാൻ പൊലീസ് നിർബന്ധിതമായി.