കൊച്ചി: റോഡ് വികസനത്തിന് ആരാധാനലയങ്ങൾ പൊളിച്ചാലും മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലുമുള്ള ദൈവം പൊറുക്കും! ഹൈക്കോടതിയുടെ ഈ നിലപാട് നിർണ്ണായകമാണ്. ഇപ്പോഴിതാ വികസന കാര്യത്തിൽ അനുകൂല തീരുമാനവുമായി ക്രൈസ്തവ സഭകളും.

ഹൈക്കോടതി നിർദ്ദേശം അംഗീകരിക്കുകയാണ് കേരള കാത്തലിക് ബിഷപ്‌സ് കൗൺസിൽ. റോഡ് വികസനത്തിനു കുരിശടികളോ കപ്പേളകളോ ചെറിയ ആരാധനാലയങ്ങളോ മാറ്റി സ്ഥാപിക്കാൻ ക്രൈസ്തവ സഭാ വിഭാഗങ്ങൾ തയാറാകണമെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആഹ്വാനം ചെയ്തു. ഇത് വികസന കാര്യത്തിൽ ഏറെ നിർണ്ണായകമാകും.

ഇന്റർ ചർച്ച് കൗൺസിൽ, കേരള കാത്തലിക് ബിഷപ്‌സ് കൗൺസിൽ (കെസിബിസി) എന്നിവയുടെ അധ്യക്ഷനാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ചരിത്രപ്രാധാന്യമുള്ളതും കൂടുതൽ വിശ്വാസികൾ എത്തുന്നതുമായ ആരാധനാലയങ്ങളുടെ നിലനിൽപിനെ ബാധിക്കാത്ത വിധം വികസനപദ്ധതികൾ ആസൂത്രണം ചെയ്യാൻ സർക്കാർ ശ്രദ്ധിക്കണമെന്നാണ് ആലഞ്ചേരി പറയുന്നത്.

ആരാധനാലയങ്ങൾ മാറ്റി സ്ഥാപിക്കുകയോ പുനർനിർമ്മിക്കുകയോ ചെയ്യുമ്പോൾ നഷ്ടപരിഹാരവും പുനരധിവാസവും സമയബന്ധിതമായി ഉറപ്പാക്കണം. സ്വകാര്യവ്യക്തികളുടെ ഭൂമി ഏറ്റെടുക്കുമ്പോഴും നഷ്ടപരിഹാരം നൽകണം. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയോടു മാർ ആലഞ്ചേരിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

ബഹിരാകാശ ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ പള്ളിത്തുറ ഇടവകപ്പള്ളി വിട്ടുകൊടുത്ത പാരമ്പര്യം തിരുവനന്തപുരം ലത്തീൻ രൂപതയ്ക്കുണ്ട്. ദേശീയപാതയുടെ വികസനത്തിനു ഭൂമി വിട്ടുകൊടുത്ത കൊവ്വൽ അഴിവാതുക്കൾ ക്ഷേത്രഭാരവാഹികളും അഭിനന്ദനം അർഹിക്കുന്നു. ഇവ മാതൃകയാക്കി നാടിന്റെ ആവശ്യങ്ങളിൽ ക്രൈസ്തവ സമൂഹം ഉദാരമായി സഹായിക്കണമെന്നു മാർ ആലഞ്ചേരി വിശദീകരിച്ചിരുന്നു.

ദേശീയപാതാ വികസനത്തിന് ഭൂമിയേറ്റെടുക്കുന്നത് ആരാധനാലയങ്ങളെ ബാധിച്ചാൽ ദൈവം പൊറുത്തുകൊള്ളുമെന്ന ഹൈക്കോടതി വിധി വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. 'മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു, അവൻ കരുണാമയനായ് കാവൽവിളക്കായ് കരളിലിരിക്കുന്നു' എന്ന ശ്രീകുമാരൻ തമ്പിയുടെ പാട്ടിൽനിന്നുള്ള ഭാഗങ്ങൾ വിധിന്യായത്തിൽ ഉൾപ്പെടുത്തിയായിരുന്നു ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ അഭിപ്രായം.