തിരൂരങ്ങാടി: അവന് മൂന്നു വയസുമാത്രമേ ഉണ്ടായിരുന്നുള്ളു. പിതാവിനും സഹോദരിക്കുമൊപ്പം മുടിവെട്ടാൻ കടയിലേക്കു നടന്നു പോകവെയാണ് തീരൂരങ്ങാടിയെ കണ്ണീരിലാഴത്തിയ ആ മഹാ ദുരന്തം നടന്നത്. റോഡിലുടെ കുസൃതിയിൽ നടന്നു പോകവെ പാഞ്ഞെത്തിയ സ്വകാര്യ ബസിടിച്ചു തെറിപ്പിക്കുകയായിരുന്നു ആ ഓമനയെ.

ചെമ്മാട് എക്‌സചേഞ്ച് റോഡിലെ പങ്ങിനിക്കാടൻ കോയ- സാജിദ ദമ്പതികളുടെ മകൻ മുഹമ്മദ് സിനാൻ ആണ് മരിച്ചത്. ബസ് ഡ്രൈവറിന്റെ അശ്രദ്ധയിൽ പൊലിഞ്ഞ ജീവൻ ഒരു നാടിനെ ആകെ നടുക്കി.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് ചെമ്മാട് തൃക്കുളം ഗവ. ഹൈസ് സ്‌കൂളിന്‌ സമീപത്തായിരുന്നു അപകടം. മഞ്ചേരിയിൽ നിന്ന് പരപ്പനങ്ങാടിയിലേക്ക് പോകുകയായിരുന്ന ബിസ്മില്ല എന്ന ബസാണ് കുട്ടിയുടെ പിന്നിൽ ഇടിച്ചത്. ഇത് കണ്ട പിതാവ് കുട്ടിയെ എടുക്കുന്നതിനിടെ മുന്നോട്ടെടുത്ത ബസ് വീണ്ടും കുട്ടിയെ ഇടിച്ചിച്ചു തെറിപ്പിക്കുകയായിരുന്നു.

 കുട്ടിയെ ഇടിച്ചിട്ട് നിർത്താതെ പാഞ്ഞ ബസിലെ് യാത്രക്കാർ ബഹളം വച്ചതോടെ ഏതാനും മീറ്ററുകൾ അകലെ നിർത്തി. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ബസ് തിരൂരങ്ങാടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്. കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് കുട്ടിയുടെ മരണം സംഭവിച്ചത്. ഇന്ന് രാവിലെ 10.30ന് ചെമ്മാട് മഹല്ല് ജുമാമസ്ജിദ് കബർസ്ഥാനിൽ കബറടക്കും. സഹോദരങ്ങൾ: മുഹമ്മദ് ആദിൽ, ജഹാനാ നസ്‌റി, ജന്നത്ത് തസ്‌നി